DustbinMedia

‘മാധ്യമം’ എന്നെ ജീവനോടെ കുഴിച്ചു മൂടി- ഒ അബ്ദുള്ള

ഞാനടക്കമുള്ളവരുടെ പ്രയത്ന ഫലമായി നിലവില്‍ വന്ന മാധ്യമം ദിനപത്രത്തിന്റെ 20,25, വാര്‍ഷികങ്ങള്‍ ആഘോഷിച്ചു. പല പുതിയ യൂണിറ്റുകളും തുടങ്ങി. എല്ലാത്തിനോടുമനുബന്ധിച്ച് ഗംഭീരമായ ആഘോഷപരിപാടികളുണ്ടായി. ഒന്നിലേക്കുപോലും എന്നെ ക്ഷണിച്ചില്ല. തല്‍‌സംബന്ധമായി ഇറക്കിയ സപ്ലിമെന്റെറികളില്‍ സ്ഥാപനത്തിലെ ഉത്തരവാദിത്തപ്പെട്ട പലരുടെയും ലേഖനങ്ങളുണ്ടായി. സിദ്ദീഖ് ഹസന്‍, ഒ.അബ്ദുറഹ്മാന്‍ , ഹംസ അബ്ബാസ് തുടങ്ങി ആരുടെയും ലേഖനത്തില്‍ എന്നെ കുറിച്ച് 'ദ' എന്ന പരാമര്‍ശം പോലുമില്ല. മാധ്യമത്തെ വളര്‍ത്തിയെടുക്കുമ്പോള്‍ ഇവരോടൊപ്പം ഞാനുമുണ്ടായിരുന്നു എന്ന വസ്തുത അറിയാഞ്ഞിട്ടല്ലല്ലോ ജീവനോടെയുള്ള ഈ കുഴിച്ചു മൂടല്‍ .

 

ഒ അബ്ദുള്ള ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്


 

 

നഗരത്തില്‍ വാഹനത്തില്‍ നിന്നിറങ്ങി പീടിക ലക്ഷ്യമാക്കി നീങ്ങവെ ഈയിടെ രജതജൂബിലി ആഘോഷിച്ച കൊടിയത്തൂര്‍ വാദിറഹ്മ അനാഥശാല ജീവനക്കാരന്‍ സലാം ചൊല്ലിയ ശേഷം ചോദിച്ചു. "താങ്കളെ ജൂബിലിക്ക് ക്ഷണിക്കാന്‍ വരാനിരിക്കയാണ്‌. എപ്പോഴാണ്‌ അങ്ങോട്ട് വരേണ്ടത്? "
"ആടെന്തറിഞ്ഞു അങ്ങാടി വാണിഭം " എന്ന് ചോദിക്കാനാണ്‌ തോന്നിയത്. വാദിറഹ്മ, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ സ്ഥാപനങ്ങളുടെ അമരത്തിരിക്കുന്ന ചിലര്‍ക്ക് എന്നോടുള്ള കുടിപകയുടെ ആഴമറിയാത്ത ഈ പാവം ജീവനക്കാരനോട് തല്‍‌ക്കാലം ഇത്രമാത്രം പറഞ്ഞു: അങ്ങിനെ ഒരു ക്ഷണം നടക്കാന്‍ പോവുന്നില്ല. 2001ല്‍ മാധ്യമത്തില്‍ നിന്ന് ഇറക്കി വിട്ട ശേഷം വാദിറഹ്മയില്‍ നടന്ന ഒരു പരിപാടിയിലേക്കും വിളിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ജൂബിലിയിലേക്കും അവര്‍ എന്നെ ക്ഷണിക്കാനിടയില്ല". അയാളുടെ പ്രതികരണം ഇപ്രകാരമായിരുന്നു; "താങ്കളെ അവര്‍ എങ്ങനെ ക്ഷണിക്കാതിരിക്കും സ്ഥാപനത്തിന്റെ ഫയലുകളിലും ഫോട്ടോ ആല്‍ബത്തിലും നിറയെ താങ്കളാണ്‌ അക്കാലത്ത് താങ്കളില്ലാത്ത ഒരു ചടങ്ങും അവിടെ നടന്നിട്ടില്ലെന്ന് ആ ഫോട്ടോകള്‍ കാണുന്ന ആര്‍ക്കും മനസിലാക്കാനാവും "

ഞങ്ങള്‍ പിരിഞ്ഞു. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ സ്ഥാപനങ്ങളുമായി ബന്ധപെട്ട രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള പ്രഗല്‍ഭ വ്യക്തിത്വങ്ങളോടൊപ്പം അന്നെടുത്ത ഫോട്ടോകളില്‍ നിന്നും കൃത്യമായും ശ്രദ്ധാപൂര്‍‌വ്വമായും എന്റെ സാന്നിദ്ധ്യം വെട്ടിമാറ്റിയവര്‍ക്ക് വാദിറഹ്മ സ്ഥാപനവുമായി ബന്ധപ്പെട്ട, ഫയലുകളില്‍ നിന്ന് എന്റെ ഫോട്ടോകള്‍ നീക്കം ചെയ്യാന്‍ കഴിയാതെ വന്നതിനെ കുറിച്ച് ആലോചിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് ബൊഹീമിയയില്‍ നടന്ന ഒരു പോസ്റ്ററിനെ കുറിച്ച് വായിച്ചതോര്‍ത്തു. 1948ല്‍ പ്രേഗിലെ തെരുവില്‍ നടന്ന വിജയാഘോഷത്തിന്റെ പശ്ചാത്തലത്തിലെടുത്ത ഒരു ഫോട്ടോ ആയിരുന്നു പോസ്റ്ററിന് ആധാരം. ഫോട്ടോയില്‍ കമ്മ്യൂണിസ്റ്റ് നേതാക്കളായ ഗോട്ട് വാള്‍ഡും ക്ലെമെന്റിസും തങ്ങളുടെ സഖാക്കളെ അഭിസംബോധനം ചെയ്യുന്നുണ്ടായിരുന്നു. കൊട്ടാരത്തിന്റെ മട്ടുപാവില്‍ നിന്ന് അനുയായികളെ അഭിസംബോധന ചെയ്യവെ ഗോട്ട് വാള്‍ഡിന്റെ മുഖത്ത് മഞ്ഞ് വര്‍ഷിച്ചു. 
അന്നേരം, സീനിയര്‍ നേതാവിന്‌ ക്ലെമെന്റിസ് സ്വന്തം തൊപ്പി കൈമാറി. കുറേ കാലം ബൊഹീമിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോസ്റ്ററുകളില്‍ 'ഗോട്ട് വാള്‍ഡും ക്ലെമെന്റിസും നിറഞ്ഞു നിന്നു. കാലം കഴിഞ്ഞപ്പോള്‍ ആ വിപ്ലവ നായകര്‍ തമ്മില്‍ പിണങ്ങി. തുടര്‍ന്നിറങ്ങിയ പോസ്റ്ററുകളില്‍ നിന്നെല്ലാം ക്ലെമെന്റിസിന്റെ പടം നീക്കം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ സ്ഥാനത്ത് ഒരു പക്കാ ചുമര്‍ മാത്രമാണ്‌ ചിത്രങ്ങളില്‍ ഉണ്ടായിരുന്നത്. മഞ്ഞില്‍ നിന്ന് രക്ഷിക്കാനായ് ക്ലെമെന്റസ് സ്വന്തം തൊപ്പി നേതാവിന്റെ തലയില്‍ അണിയിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന്റേതായ ഒന്നും കമ്മ്യൂണിസ്റ്റ് ബൊഹീമിയയില്‍ അവശേഷിക്കില്ലായിരുന്നു എന്ന് തീര്‍ച്ച . ആ തൊപ്പി നീക്കം ചെയ്യണമെന്ന് ബന്ധപ്പെട്ടവര്‍ ആഗ്രഹിക്കായ്കയല്ല. പക്ഷേ അന്നേരം ഗോട്ട് വാള്‍ഡിന്‌ നഷ്ടപെടാന്‍ പോവുന്നത്, സ്വന്തം തലയാകുമായിരുന്നു.

വാദിറഹ്മയുടെ ആല്‍ബത്തില്‍ എന്റെ തല ഇപ്പോഴും അവശേഷിക്കുന്നുവെങ്കില്‍ അത് മറ്റാരുടെയൊക്കെയോ തലകള്‍ സം‌രക്ഷിക്കാനായിരിക്കുമെന്ന് തീര്‍ച്ച. ജൂബിലി കഴിഞ്ഞു

അത് സംബന്ധിച്ച് പത്ര ഓഫീസുകളിലേക്ക് അയക്കാറുള്ളത് പോലത്തെ ഒരു അറിയിപ്പ് നോട്ടീസ് " ഒ. അബ്ദുല്ല സി.എം. ആര്‍ നും കിട്ടി . ജീവിത സായാഹ്നത്തില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച അംഗീകാരം !

വാദിറഹ്മ ഫയലുകളിലെ ഫോട്ടോകളെ കുറിച്ച ഓര്‍മ്മ എന്നെ അനാഥശാലയുടെ പിന്‍ഭാഗത്തേക്ക് കൊണ്ട് പോയി. ഹൃസ്വകാല ലീവില്‍ നാട്ടില്‍ വന്ന് മര്‍ഹൂം കെ.സി അബ്‌ദുല്ല മൗലവിയെ കൂട്ടികൊണ്ട് പോയി മുബൈയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് തുണി മാറ്റി പൈജാമയും ഖുര്‍ത്തയും ധരിപ്പിച്ച് ഒരു ഉര്‍ദു മൗലാനയാക്കി ഖത്തറിലെ അറബ് മജ്‌ലിസുകള്‍ തോറും കൊണ്ട് നടന്നത് തൊട്ടുള്ള ഓര്‍മ്മകള്‍ . ഇസ്‌ലാമിക വിഷയങ്ങളില്‍ അതുല്ല്യ പ്രഭാവനായിരുന്നുവെങ്കിലും കൊളോക്കിയല്‍ അറബി അദ്ദേഹത്തിന്‌ ഒട്ടും വഴങ്ങിയിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ പ്രൗഡിയും പാണ്ഡിത്യത്തിനു ചേര്‍ന്ന ഗാംഭീര്യവും ആ കുറവ് പരിഹരിച്ചു. ഓരോ അറബി മജ്‌ലിസിലും ചെന്ന് ഞാന്‍ പറയും" ഇദ്ദേഹം എന്റെ ഗുരുഭൂതരാണ്‌, പ്രഗല്‍ഭ ഇസ്‌ലാമിക പണ്ഡിതന്‍" ഇക്കാര്യത്തില്‍ തനിക്ക് ഒട്ടും അതിശയോക്തി കലര്‍ത്തേണ്ടി വന്നില്ല. പിന്നീട് അദ്ദേഹമിരുന്ന കനക സിംഹാസനത്തില്‍ കയറിയിരുന്ന ചിലരെ പോലെ തച്ചു പഴുപ്പിചെടുത്തതായിരുന്നിലല്ലോ അദ്ദേഹത്തിന്റെ വ്യക്തിത്വം. കെ.സി മൗലവിയുടെ പാണ്ഡിത്യത്തെ കുറിച്ച് എന്റെ പരാമര്‍ശം കേട്ട് അറബു ശൈഖുമാര്‍ കരുതികാണും, ഈ ചെറുക്കന്‍ ഇത്ര മനോഹരമായി അറബി ഭാഷ സംസാരിക്കുമെങ്കില്‍ അവന്റെ ശൈഖിന്റെ അറബി പാണ്ഡിത്യം എന്തുമാത്രമായിരിക്കും!

സന്ദര്‍ശനം അവസാനിപ്പിച്ച് യാത്ര തിരിക്കവെ ദോഹ എയര്‍പോര്‍ട്ടില്‍ വെച്ച് ഞാന്‍ കെ,സി മൗലവിയോട് പറഞ്ഞു.സംഗതിയൊക്കെ ശരി. പക്ഷെ അനാഥശാലക്കായി കണ്ടുവെച്ച തടായിക്കുന്ന് ഭാവിയില്‍ വികസിക്കാന്‍ ഇടയുള്ള ഒരു സ്ഥാപനത്തിനു യോജിച്ച ഐഡിയല്‍ ലൊക്കേഷന്‍ അല്ല. ട്രാന്‍സ്പോട്ടേഷന്‍ വലിയ പ്രശ്നമായി ഭവിക്കും. വെള്ളവും സുലഭമല്ല. അദ്ദേഹത്തിന്റെ പ്രതികരണം പതിവിന്‍ പടി "അതൊക്കെ നീ കണ്ടോ ''

ഞാനത് കണ്ടു.തുടക്കത്തില്‍ നാട്ടുകാരുടെ പ്രതികരണം തീര്‍ത്തുംമന്ദഗതിയിലായിരുന്നു.സ്ഥാപനം മുന്നോട്ട് പോവുമോ എന്ന് പോലും ആശങ്ക.കുട്ടികളുടെ എണ്ണം വരലില്‍ ഒതുങ്ങി.അതിനാല്‍ രക്ഷിതാക്കളുടെ ഒരു യോഗത്തില്‍ ഇങ്ങനെ പറയേണ്ടി വന്നു " ഒരു കുട്ടിയെ മാത്രം വച്ചുകൊണ്ടായാലും ഞങ്ങളീ സ്ഥാപനം മുമ്പോട്ട് കൊണ്ട്പോവുക തന്നെ ചെയ്യും" അന്നവിടെ സന്നിഹിതരായിരുന്ന എം.എ അബ്ദുറഹിമാന്‍ , എറക്കോടന്‍ ഹുസൈന്‍ മുതലായവര്‍ പറഞ്ഞു " ഇപ്പോഴാണ്‌ ഞങ്ങള്‍ക്ക് ഒരല്പ്പം ആത്മവിശ്വാസം കൈവന്നത് "

ആത്മവിശ്വാസം കൊണ്ട് മാത്രം കാര്യമായിലല്ലോ. ഇതിനിടെ തടായികുന്നിലെ അനാഥശാല സ്ഥിതി ചെയ്യുന്ന സ്ഥലത്തിനെതിരെ ചില അവകാശവാദങ്ങളും ഉയര്‍ന്ന് കയ്യേറ്റത്തിനു വിധേയമായി. സ്ഥലം പോലീസിനെ ഇടപെടിച്ച് ഏറെ പാട് പെട്ടാണ്‌ അത്തരം ഇത്തികണ്ണികളെ കൊത്തിയറുത്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു മറ്റൊരു പ്രശ്നം .റണ്ണിംഗ് എക്സ്പെന്‍സും മറ്റും വാദിറഹ്മയുടെ സ്പോണ്‍സറായ ബൈത്തു സക്കാത്ത് കുവൈത്ത് വഴിക്കും , പക്ഷേ അത് കൊണ്ട് മാത്രമായില്ലല്ലോ. അതിനിടക്കാണ്‌ അശനീപാത കണക്കെ കുവൈത്തിനെ സദ്ദാം ഹുസൈന്‍ വിഴുങ്ങുന്നത്.

അതോടെ അനാഥശാലാ വിദ്യാര്‍ത്ഥികളുടെ വയറിന്റെ പ്രശ്നം ഒരു തീരാ ചോദ്യ ചിഹ്നമായി പരിണമിച്ചു. അനാഥകളുടെ ഭാവി അറ്റമില്ലാത്ത ഇരുളടഞ്ഞ തുരങ്കത്തില്‍ അകപ്പെട്ട പ്രതീതി. സ്ഥാപന നടത്തിപ്പുക്കാരായ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ മാനേജിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് ഓരോ അന്തോവാസിയെയും ഓരോ ഉദാരമതിയെ സമീപിച്ച് സ്പോണ്‍സര്‍ ചെയ്യിക്കാന്‍ തീരുമാനമെടുത്തു. നഗരത്തിലെ വ്യവസായ പ്രമുഖനായ പി.കെ അഹമ്മദ് സാഹിബ് മുതല്‍ കൊടുവള്ളി ഫാറൂഖ് ജ്വല്ലറി വരെ ഈ ഘട്ടത്തില്‍ അനാഥശാലയുമായി കണ്ണിചേര്‍ന്നു. ഈ പ്രവര്‍ത്തനവുമായി മുമ്പോട്ട് പോകവെ അനാഥശാലാ വര്‍ക്കിംഗ് മാനേജര്‍ കെ.സി കോയാമു ഹാജിയോട് ഞാന്‍ ചോദിച്ചു. "കമ്മിറ്റിയിലെ ഞാനല്ലാത്ത ഏതെങ്കിലും ഒരംഗം ഏതെങ്കിലും ഒരാളെ കൊണ്ട് ഒരു കുട്ടിയെ എങ്കിലും സ്പോണ്‍സര്‍ ചെയ്യിപ്പിച്ചിട്ടുണ്ടോ ?"ഒരു ചിരിയായിരുന്നു മറുപടി.

ഇത് സംബന്ധമായ തീരുമാനമെടുത്ത കമ്മിറ്റി മീറ്റിംഗില്‍ പതിവുപോലെ ചായ കുടിക്കാനും കായവറുത്തത് തിന്നാനും മാത്രം വന്നിരികാറുള്ള കമ്മിറ്റി അംഗങ്ങള്‍ അത്രയും സന്നിഹിതരായിരുന്നു എന്നാണ്‌ ഓര്‍മ്മ. അവരില്‍ ചിലരെങ്കിലും ഓരോ കുട്ടിയെ വീതം സ്പോണ്‍സര്‍ ചെയ്യാന്‍ കഴിവുള്ളവരായിരുന്നു. പക്ഷെ തീര്‍ത്തും നിഷേഷാത്മകമായിരുന്നു മിക്കവരുടെയും നിലപാട്. കമ്മിറ്റി യോഗം ചേരുമ്പോള്‍ വന്നിരിക്കുക; ചായ കുടിക്കുക ; ചിപ്സ് തിന്നുക പിരിഞ്ഞ് പോവുക .സക്രിയമായി എന്തെങ്കിലും ചെയ്യാന്‍ കഴിവുള്ള അപൂര്വം ചിലരെ അന്നും ഇന്നും ഇസ്‌ലാഹിയ കമ്മിറ്റിയിലുള്ളൂ എന്ന ഖേദകരമായ വസ്തുത അനുസ്മരിക്കുന്നത് ഈ സ്ഥാപനങ്ങളുടെ അപചയം കൂട്ടി മുന്‍‌നിര്‍ത്തിയാണ്‌.ചേന്ദമംഗലൂര്‍ ഇസ്ലാഹിയാ മാനേജിംഗ് കമ്മിറ്റിയിലെ ഏറ്റവും പഴക്കമുള്ള അംഗമായിരുന്നു ഞാന്‍ . ൨൦൦൭ ലെ ഒരു ഹിരോഷിമാ ദിനം ച്ര്ന്ന് അ യോഗത്തില്‍ വെച്ച് എന്നെയും മറ്റും രണ്ടു അംഗങ്ങളെയും എന്റെ അഭാവത്തില്‍ എടുത്തു പുറത്തിട്ടു, പുതിയ കമ്മിറ്റി ഉണ്ടാക്കാന്‍ കെ.ഹുസൈന്‍, ക.സി മൈയ്തീന്‍ കോയ മുതല്‍ പേരടങ്ങിയ ഒരു പാനലിനെ എല്പിച്ചു. പാനല്‍ അംഗങ്ങള്‍ തങ്ങളൂടെ പേരുകള്‍ നില നിര്‍ത്തി. ഞങ്ങളെ പുറത്താക്കിയ പാനല്‍ ചരിത്രത്തില്‍ ഒരു പുതിയ ഇസ്‌ലാമിക രീതി എഴുതി ചേര്‍ത്തു.

കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കെ.സിയുടെ കാലം തൊട്ടെ ചായയും കായ വറുത്തതുമായിരുന്നു വിഭവങ്ങളെങ്കില്‍ ഞങ്ങളെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയതില്‍ പിന്നെ അത് നെസ്കഫേയും അണ്ടിപരിപ്പ് വറുത്തുതുമായി വിഭവങ്ങള്‍. ഇക്കാലത്ത് വാദിറഹ്മ അനാഥശലഅയെ സഹായിക്കാന്‍ ചില ഉദാരമതികള്‍ മുമ്പോട്ട് വന്ന കാര്യം മറക്കവതല്ല. മുന്‍ എം.പി പി.വി അബ്ദുല്‍ വഹാബ് , ഗള്‍ഫാര്‍ മുഹമ്മദലി സാഹിബ് മുതലായവര്‍ ഉദാഹരണം. മുസ്‌ലിം ലീഗും മാധ്യമം പത്രവും തമ്മില്‍ തുടരുന്ന പോരാട്ടം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ്‌ സഹായ ഹസ്തവുമായി അങ്ങോട്ട് ആവശ്യപെടാതെ വഹാബ് സാഹിബ് വാദിറഹ്മ സന്ദര്‍ശിക്കാനെത്തുന്നത്. അന്നത്തെ അവസ്ഥയില്‍ അതൊരു വന്‍ ഉപകാരമായിരുന്നു. അദ്ദേഹത്തോട് പ്രത്യുപകാരം ചെയ്തില്ലെന്ന് പറയുന്നില്ല. ഇസ്‌ലാഹിയ സ്ഥാപനങ്ങള്‍ക്ക് പുറമെ 'മാധ്യമ'ത്തെയും നിരന്തരം നിര്‍ബാധം നിസ്സ്ശോചം സഹായിച്ച അദ്ദേഹത്തെ കുറിച്ച് ഞാന്‍ വിട്ടതില്‍ പിന്നെ 'മാധ്യമം' ആഴ്ച്ചപതിപ്പ് ഒന്നിലധികം തവണ നടത്തിയ പരാമര്‍ശം " വഹാബുമാരും മണിച്ചന്മാരും " എന്നായിരുന്നു. വിഷം കലര്‍ത്തിയ വ്യാജമദം വില്‍‌പ്പന നടത്തി നിരവധി പേരുടെ മരണത്തിനിടയഅക്കിയ ജയിലിലായ മദ്യ കച്ചവടക്കാരന്‍ മണിച്ചനും അങ്ങോട്ടാവശ്യപെടാതെ സഹായഹസ്തവുമഅയി വന്നെത്തിയ അബ്ദുല്‍ വഹാബും 'മാധ്യമ'ത്തെ സംബന്ധിച്ചിടത്തോളം ഒരേ നാണയത്തിന്റെ രണ്ടു പുറങ്ങള്‍. ഈ രണ്ടു സ്ഥാപങ്ങളുടെയും സാരഥി ഒരേ ഒരാളായിരിക്കെ ഇത്തരം മറിമായങ്ങള്‍ എങ്ങനെ സംഭവിക്കുന്നു എന്ന് വിശദീകരിക്കുവാന്‍ വ്യാഖ്യാന വിശാരദനായ ആ ഒരാള്‍ക്കു മാത്രമേ കഴിയൂ!

അന്നത്തെ ആ പഞ്ഞ കര്‍ക്കിടക്കത്തില്‍ സഹായിച്ച വേറെയും ചിലരുണ്ട്. കുവൈത്ത് ഇറാഖിന്റെ വയറ്റില്‍ അകപ്പെട്ട് കിടക്കവെ മകന്‍ ഉമര്‍ തസ്നീമിന്റെ ഭാര്യാപിതാവിനെ വിളിച്ചു ഞാന്‍ തമാശയായി പറഞ്ഞു. "കല്യാണം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും നിങ്ങള്‍ സ്ത്രീധനം ഒന്നും നല്‍കി കണ്ടില്ല, അടിയന്തരമായി ഒരു തുക എത്തിക്കണം" .സ്ത്രീധനത്തെ കുറിച്ച് പറയുന്നത് പോലും അറുപ്പും വെറുപ്പുമായി കരുതുന്ന എന്നെ പോലുള്ളവര്‍ സ്ത്രീധനം ചോദിക്കുന്നത് കേട്ട് തുടക്കത്തില്‍ അദ്ദേഹം ഒന്ന് ഞെട്ടി. ഞാന്‍ കാര്യം വിശദീകരിച്ചു. ഞങ്ങളുടെ അനാഥശാല കടുത്ത പ്രതിസന്ധിയിലാണ്‌. ഐ.സി.യുവില്‍ എന്ന് പറയാം. അടിയന്തര സഹായം എത്തിക്കണം " അദ്ദേഹം ഉടനെ അഞ്ചക്കമുള്ള ഒരു തുക എത്തിച്ച് തന്നു. 
ജിദ്ദയില്‍ ചെന്നപ്പോള്‍ അവിടുത്തെ പ്രശ്സ്ത ആശുപത്രി സ്ഥാപനങ്ങളുടെ ഉടമ റബീഉള്ള കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. മുമ്പോ ശേഷമഓ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. ഞാന്‍ പറഞ്ഞു " എപ്പോള്‍ വേണമെങ്കിലും കാണാം, പക്ഷേ മുന്നോടിയായ് പണം തരണം. ഞാന്‍ വാദിറഹ്മയുടെ കാര്യം ശ്രദ്ധയില്‍ പെടുത്തി .അദ്ദേഹം ഒട്ടും മോശമാക്കിയില്ല. ജിദ്ദ ബെയ്സ്ഡ് ബിസിനസ്മാന്‍ ആയ നല്ലളത്തുകാരന്‍ സലീം സാഹിബ് വീട്ടില്‍ വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചുപ്പോ പറഞ്ഞതും മറ്റൊന്നായിരുന്നില്ല. വരാം, പക്ഷേ വരുന്നത് വാദിറഹ്മയിലെ കാണിക്കപ്പെട്ടിയില്‍ കാശിട്ടു കൊണ്ടാവണം . 
വാദിറഹ്മയിലേക്കുള്ള ഗള്‍ഫാര്‍ മുഹമ്മദലി സാഹിബിന്റെ ആഗമനം എക്കാലത്തും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതാണ്‌. അന്ന് ആദ്യമായാണ്‌ ഞാന്‍ ഗള്‍ഫാറിനെ കാണുന്നത്. കണ്ടപാടെ സൗകര്യം നോക്കി കൊടിയത്തൂരിലെ വാദിറഹ്മ സന്ദര്‍ശിക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥന നടത്തി, അന്നേരം മുഹമ്മദലി സാഹിബ് പറഞ്ഞു "ഞാന്‍ നാളെ കാലത്ത് പാണക്കാട്ടുണ്ടാവും അവിടെ വന്ന് കൂട്ടാമെങ്കില്‍ ഞാന്‍ കൂടെ വരാഅം ".

'മാധ്യമം' ഓഫീസില്‍ വെച്ചായിരുന്നു സംഭവം. പാണക്കാട് ! പാണക്കാട് തങ്ങന്മാര്‍! കേരളത്തിലെ ജനങ്ങള്‍ ജാതി മത ഭേദമന്യേ ആദരിക്കുന്ന കുടുംബം . എന്നാല്‍ 'മാധ്യമ'വും അതിന്റെ പിന്‍ നിര ശക്തിയും പാണക്കാട് കുടുംബത്തെയും അവരുടെ പ്രതിനിധാനത്തെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നവരാണ്‌. അഥവാ അത്തരമൊരു പ്രത്യയശാസ്ത്ര പരിസേഅത്ത് നിന്നാണ്‌ എന്നെ പോലുള്ളവര്‍ വളര്‍ന്ന് വലുതായത്, ഞാന്‍ പാണക്കാട് പോയിട്ടില്ല. ശിഹാബ് തങ്ങളുമായി ഇടപഴകിയിട്ടുമില്ല. എന്നല്ല അദ്ദേഹം നേതൃത്വം നല്‍കുന്ന മത സാമുദായിക പ്രസ്ഥാനങ്ങളെ അലോസരപെടുത്തുമാറുള്ള പലതും 'മാധ്യമ'ത്തിലൂടെ പുറത്ത് വന്നിരിക്കുന്നു.അതില്‍ ചിലതിന്റെയെല്ലാം ഉത്തരവാദി ഞാന്‍ തന്നെയാണ്‌. അന്ന് രാത്രി കിടന്നാലോചിച്ചു, പാണക്കാട്ടേക്ക് പോവണോ പോവണ്ടേ? .ഒരു വശത്ത് വാദിറഹ്മയുടെ അതീവ സങ്കടകരമായ ശോച്യാവസ്ഥ. മറുവശത്ത് രാഷ്ട്രീയ എതിരാളിയായ മുസ്‌ലിംലീഗിന്റെ ആത്മീയ കേന്ദ്രത്തെ കുറിച്ച സംഭീതി. എല്ലാറ്റിനും പുറമെ ഗള്‍ഫാര്‍ മുഹമ്മദലിയെ പോലുള്ള മാന്യവ്യക്തിത്വന്നോട് ചെല്ലാതിരുന്നാല്‍ എന്ത് വിശദീകരണം പറയുമെന്ന ലജ്ജാവഹമായ സഥിതി വിശേഷം .

പ്രഭാത നമസ്കാരാനന്തര പ്രാര്‍ത്ഥനയില്‍ മനസ്സും മന്ത്രിച്ചു: എന്ത് വില കൊടുത്തും പാണക്കാട് പോവുക തന്നെ വേണം . ശിഹാബ് തങ്ങള്‍ ഏറെ മാന്യനാണ്‌. എതിരാളികളോട് പോലും അതീവ ഹൃദ്യമായി പെരുമാറുന്ന മാന്യ വ്യക്തിത്വം . 'മാധ്യമം' മലപ്പുറം ബ്യൂറോ ചീഫും കുടുംബ സുഹൃത്തുമായ ഉമര്‍ പുതിയോട്ടിലിനോടൊപ്പം ഞാന്‍ കാലത്ത് പാണക്കാട്ടെത്തി. ഞാന്‍ യാതൊരു കാരണവശാലും കൊടപ്പനക്കല്‍ വീട്ടിലേക്ക് വരില്ലെന്നും നീ പതിയെ ചെന്ന് ഗള്‍ഫാറിനോട് ഞാന്‍ പുറത്ത് കാത്തിരിക്കുന്നുണ്ടന്ന് പറയണമെന്ന് ഞാന്‍ ഉമര്‍ പുതിയോട്ടിലിനെ ധരിപ്പിച്ചിരുന്നു. അതനുസരിച്ച് ഉമര്‍, ശിഹാബ് തങ്ങളുടെ വീട്ടിലേക്ക് പോയി. ഞാന്‍ അടുത്ത ഒരു ചായക്കടയില്‍ കയറി, ഒരു ഓപന്‍ ചായക്ക് ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്‌. അങ്ങോട്ട് പോയതിലും വേഗതയില്‍ ഉമര്‍ തിരിച്ചു വന്നു. നിങ്ങളെ നാഷ്ത കഴിക്കാന്‍ തങ്ങള്‍ കാത്തിരിക്കുന്നു എന്നവന്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി സാഹിബുമുണ്ട് കൂടെ എന്ന് പറയാനും മറന്നില്ല. ഞാന്‍ അവനോട് കയര്‍ത്തു, തങ്ങളെ കണ്ടപാടെ ഞാന്‍ അവിടെ ഉള്ള വിവരം അവന്‍ അവരോട് പറഞ്ഞു എന്നുറപ്പ്, നീ എന്തിനു പറഞ്ഞ് എന്ന് പറഞ്ഞ് ഞാനവനെ തിരിച്ചയച്ചു. വീണ്ടൂം പോയി ആദ്യത്തേതിലും വേഗത്തില്‍ അവന്‍ മടങ്ങി വന്നു. ശിഹാബ് തങ്ങള്‍ കാത്തിരിക്കുന്നു എന്ന് വീണ്ടും. എന്റെ നിലപാടില്‍ ഒരു മാറ്റവുമുണ്ടായില്ല. അവസാനം തങ്ങളുടെ ആ പ്രത്യേക കാര്യസ്ഥന്‍ അലവിക്കുട്ടികാക്ക ഉടലോടെ ഇറങ്ങി വന്ന് തങ്ങള്‍ നാഷ്ത കഴിക്കാന്‍ കാത്തിരിക്കുന്നതായി പറഞ്ഞു. ആ സമയത്ത് ചായകടക്കാരന്‍ ഇടപെട്ടു. അയാള്‍ പറഞ്ഞു " ഇദ്ദേഹം വന്ന് പറഞ്ഞാല്‍ പിന്നെ പോവാതിരിക്കാന്‍ പറ്റില്ല. 


തങ്ങള്‍ (സയ്യിദ് ) എന്നത് ആദരിക്കപ്പെടേണ്ട ഒരു പദവിയല്ലന്നും ഇംഗ്ലീഷില്‍ മിസ്റ്റര്‍ എന്നും മലയാളത്തില്‍ 'ശ്രീ' എന്നും മറ്റും ബഹുമാന്‍ സൂചകമായി എഴുതും പ്രകാരം അറബിയില്‍ അഭിസംബോധന ചെയ്യുമ്പോള്‍ 'അസ്സയ്യിദ്' എന്നെഴുതുന്ന എന്നല്ലാതെ നബി കുടുബം എന്നവകാശപെടുന്നവര്‍ക്ക് ഇസ്‌ലാമില്‍ പ്രത്യേകിച്ച് സ്ഥാനമൊന്നുമില്ലെന്നും കേവലം ഒരു നീഗ്രോ ആയിരുന്ന ബിലാല്‍ (റ) കുറിച്ച് ബിലാല്‍ തങ്ങള്‍ -അഹ്‌ലുല്‍ ബൈത്തില്‍ പെടുന്നളാ എന്ന് പ്രവാചകന്‍ അരുളിയിരിക്കെ ജനനം കൊണ്ടല്ല ഒരാള്‍ അഹ്‌ലുല്‍ ബൈത്ത് ആയിതീരുന്നതെന്നും മറ്റും പറഞ്ഞ് പഠിപ്പിക്കപ്പെട്ട എന്നിലെ വഹാബിസം തല്‍‌ക്കാലത്തേക്കെങ്കിലും പാണക്കാട്ടെ ആ ചായക്കടയില്‍ വിണുടഞ്ഞു ചിന്നഭിന്നമായി. അതേ, ഞാന്‍ പാണക്കാട്ടെ അകത്തെത്തി . ശിഹാബ് തങ്ങള്‍ എന്നെ മാന്യമായി സ്വീകരിച്ചു. എന്റെ ലേഖനങ്ങള്‍ സ്ഥിരമായി വായിക്കാറുണ്ടന്ന് തങ്ങള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അകമേ ഞെട്ടിയെങ്കിലും മുഖത്ത് സന്തോഷം വരുത്തി നന്ദി പറഞ്ഞു. 


ഒന്നാന്തരം ചായ, അടിപൊളി നാഷ്ത, ശിഹാബ് തങ്ങളുടെ പത്‌നി തയ്യാറാക്കിയ (ഇവരുടെ ആഥിത്യം ഭാഗികമയെങ്കിലും ആസ്വദിക്കാന്‍ പിനീടെനിക്ക് മദീനാ മുനവ്വറയില്‍ വെച്ചും അവസരമുണ്ടായി ) ചായയുടെ കൈപുണ്യം ഒരു ചൂടുള്ള ആവിയായി കോപ്പക്കു മുമ്പില്‍ പറന്നു കൊണ്ടിരുന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നു.

ഗള്‍ഫാറിനെയും കൊണ്ട് ഞങ്ങള്‍ വാദിറഹ്മയിലെത്തി. അനാഥശാല ശൂന്യം. സ്വീകരിക്കാന്‍ കോയമു ഹാജിയും ഏതാനും പേരും മാത്രം. വരുമെന്നറിയിച്ചിട്ടും ആവേശകരമായ സ്വീകരണം ഏര്‍പെടുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചില്ല. ഓഫീസ് മുറിയില്‍ കയറ്റിയിറക്കിയ ശേഷം ഗള്‍ഫാറിനെയും കൊണ്ട് ഞങ്ങള്‍ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയയിലേക്ക് നീങ്ങി. ഒട്ടും വ്യത്യസ്ഥമായിരുന്നില്ല അനുഭവം . വാദിറഹ്മയിലെ തണുത്ത അനുഭവം മുന്‍‌കൂട്ടി ഒ. അബ്ദുറഹ്മാനെ അറിയിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. ഇസ്‌ലാഹിയിലെ സ്വീകരണമെങ്കിലും ഗംഭീരമാക്കണം. പക്ഷേ, അതുണ്ടായില്ല. അവന്‌ പലതുമാവാന്‍ കഴിഞ്ഞേക്കാം . പക്ഷേ ഒറ്റക്ക് ഒരാള്‍കൂട്ടമാവാന്‍ ആവില്ലല്ലോ, കുട്ടികളെല്ലാം ക്ലാസില്‍ , ഹൈസ്‌കൂളിലും യു.പിയിലും മറ്റും ഇസ്‌ലാഹിയിലേ കോളെജ് ക്ലാസുകളാവട്ടെ, പരമദരിദ്രം. ഗള്‍ഫാറും പാര്‍ട്ടിയും അവിടെ നിന്ന് പോയത് കാരന്തൂര്‍ മര്‍ക്കസിലേക്കാണ്‌. തികച്ചും വ്യത്യസ്തമായ അനുഭവം . ആവേശോജ്വലമായ സ്വീകരണം. വെള്ളത്തൂവല്‍ വസ്ത്രം ധരിച്ച ആയിരങ്ങള്‍ മൈതാനിയില്‍ അണിനിരന്നിരിക്കുന്നു. ഗള്‍ഫാറിനെ വരവേറ്റു കൊണ്ട് മൈക്കിലൂടെ സ്വാഗത ഗാനാലാപനത്തിന്റെ ആരവം. ആരുടെയും ഹൃദയവും ത്രസിക്കുന്ന അനുഭവം. കാരന്തൂരിലെ സ്വീകരണം കഴിഞ്ഞ ഉടനെ ഗള്‍ഫാറിന്റെ കൂടെയുണ്ടായിരുന്ന തൃശൂരിലെ സകീര്‍ എന്നെ വിളിച്ച് പറഞ്ഞു." നിങ്ങള്‍ക്ക് തന്നതിന്റെ എട്ട് ഇരട്ടിയാണ്‌ ഗള്‍ഫാര്‍ മര്‍ക്കസിന്‌ നല്‍കിയിരിക്കുന്നത്. അഥവാ നാല്‍‌പത് ലക്ഷം . നിങ്ങളുടെ സ്വീകരണം ആരുടെയും മനം മടുപ്പിക്കുമാറ് തണുത്തതായിരുന്നു "

ഇക്കാലത്തായിരുന്നെങ്കില്‍ ഗള്‍ഫാറിന്‌ നല്‍കുന്ന സ്വീകരണം ഒട്ടും തണുത്തതാകുമായിരുന്നില്ല. ജമാഅത്തില്‍ അന്ന് ' അബ്ബാസിയ്യ' ( ഹംസ അബ്ബാസ്) കാലഘട്ടം ആരംഭിച്ചിരുന്നില്ല. എന്നുവെച്ചാല്‍ ? എന്നുവച്ചാല്‍ ഹൈടെക്ക് ചാനല്‍, ഹൈടെക് സേജ്, ഹൈടെക്ക് റിയാലിറ്റി ഷോ, അബ്‌ദുല്ലരാജാവിനെ സ്തുതി പാടല്‍, കൈകൊടുക്കല്‍ എന്നിത്യാദി അബൂദര്‍ദ് മോഡല്‍ വിനയം ജമാഅത്തിന് പരമ പുഛമായിരുന്നു അക്കാലത്ത്. ഇന്നത്തെ പോലെ സിനിമാ നടന്‍ മമ്മൂട്ടിയെ സ്റ്റേജില്‍ കണ്ട മാത്രയില്‍ ഒരു മുന്‍ മുആവിനെ അമീര്‍ കൂടിയായ ജമാഅത്ത് നേതാവ് അദ്ദേഹത്തെ കെട്ടിപിടിക്കാനൊരുമ്പെട്ടിരുന്നെങ്കില്‍, ജമാഅത്ത് എന്നെങ്കിലുമൊരിക്കല്‍ തെരെഞ്ഞടുപ്പില്‍ പങ്കെടുത്ത് വോട്ട് രേഖപെടുത്തുകയാണെങ്കില്‍ 'യു. മുഹമ്മദ് ഇവിടെ കിടന്ന് ഷഹീദാവും ' എന്ന് പ്രബോധനം ഓഫീസില്‍ വെച്ച് എന്നോടും ഒ. അബ്ദുറഹ്മാനോടും പറഞ്ഞ വളാഞ്ചേരിയിലെ മര്‍ഹൂം യു. മുഹമ്മദ് സാഹിബ്. ആ ജമാഅത്ത് നേതാവിനെ സേറ്റജില്‍ വെച്ച് ചൂലെടുത്ത് അടിക്കുമായിരുന്നു. ഉമ്മുല്‍ മുഅ്‌മീനിന്‍ 'എം.ഐ.ടി പാത്തു'വിനെ കലോത്സവ പരിപാടിയില്‍ ആയിരങ്ങള്‍ക്ക് മുമ്പില്‍ കോമാളിയായി അവതരിപ്പിച്ചു ചാനലിന്റെ റേറ്റിംഗ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ യഥാര്‍ത്ഥ ജമാഅത്ത് പ്രവര്‍ത്തകര്‍ അതിനെ ചെരിപ്പൂരി കൊണ്ടാകുമായിരുന്നു നേരിടുക. വ്യവസായ പ്രമുഖന്‍ യൂസുഫലിയുടെ കാര്യത്തില്‍ ചെയ്ത പോലെ ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂളിലേക്കുള്ള അദ്ദേഹത്തിന്റെ ആഗമനം പ്രമാണിച്ച് വഴിനീളെ കട്ട്‌ഔട്ട് പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള സ്വീകരണ രീതി പ്രീ അബ്ബാസിയ്യ കാലഘട്ടത്തില്‍ അപരിചിതമായിരുന്നു എന്ന് ചുരുക്കം.

വാദിറഹ്മയിലേക്ക് തിരിച്ചു വരാം ,. ജൂബിലിയിലേക്ക് ക്ഷണിക്കാത്തതില്‍ ഒരു പരാതിയും പരിഭവവുമില്ല. എന്നാല്‍ ഒരു വ്യക്തിയെ ജീവനോടെ കുഴിച്ചു മൂട്ടുന്നതിന്റെ ഭാഗമായി ഒരു സ്ഥാപനത്തിന്റെ ചരിത്രം പൂര്‍ണമായും അട്ടി മറിക്കുക എന്നത് അത് ആ വ്യക്തിയോടുള്ള അവഹേളനം എന്നതിനേക്കാള്‍ ചരിത്രത്തോടുള്ള കൊഞ്ഞനം കുത്തലാണ്‌. അതു കൊണ്ട് തന്നെയാണ്‌ 'തടായിയില്‍ നിന്ന് വാദിറഹ്മയിലേക്ക്' എന്ന ഇസ്‌ലാഹിയാ അസോസിയേഷന്‍ പ്രസിഡണ്ടിന്റെ ലേഖനം തീര്‍ത്തും അപൂര്‍ണവും വിരസമായ വായനാനുഭവവുമായി തീര്‍ന്നത്.

ആരോ പറഞ്ഞു " അയാളെ ക്ഷണിക്കാന്‍ വിചാരിച്ചിരുന്നു. പക്ഷേ 'മരണശയ്യയില്‍' കിടക്കുന്ന സിദീഖ് ഹസ്സന്‍ സാഹിബിനെ കുറിച്ച് ഫേസ്ബുക്കിലൂടെ അയാള്‍ നടത്തിയ മോശമായ പരാമര്‍ശം എല്ലാറ്റിനും തടസ്സമായി ". തീര്‍ത്തും ബാലിശമായ ന്യായ വാദം . ഒരു സ്ഥാപനത്തിന്റെ ചരിത്രം എഴുതുന്നത് അത് എഴുതുന്ന ആളുകളുടെ ഇഷ്‌ടാനിഷ്ടങ്ങള്‍ക്കനുസൃതമായിട്ടാണങ്കില്‍ ആ എഴുതപെടുന്നത് എങ്ങനെ യഥാര്‍ത്ഥ ചരിത്രമാവും ? .സ്വന്തം പിതാവിനെയും സഹോദരന്മാരെയും ജയിലില്‍ അടച്ചു കൊണ്ടാണത്രെ ഔറംഗസീബ് ചക്രവര്‍ത്തി രാജാവായത് എന്ന് വെച്ച് മുഗള്‍ രാജവംശത്തിന്റെ ചരിത്രമെഴുതുമ്പോള്‍ ഔറംഗസീബിന്റെ പേര്‍ ഒഴിവാക്കപെടാറുണ്ടോ ?

2014 ഒടുവില്‍ ഫേസ്ബുക്കില്‍ ചില വസ്തുതകള്‍ കുറിച്ചതിന്റെ പേരിലാണ്‌ ഞാന്‍ മാധ്യമം വിട്ടതില്‍ പിന്നെ കഴിഞ്ഞ പതിനാലു വര്‍ഷത്തിനിടെ വാദിറഹ്മയില്‍ നടന്ന വാര്‍ഷിക സമ്മേളനങ്ങള്‍ അടക്കമുള്ള ഒരു പരിപാടിയിലേക്ക്കും എന്നെ ക്ഷണിക്കാതിരുന്നത് എന്ന പറഞ്ഞാല്‍ ഇത്ര കിഴക്കാണോ പടിഞ്ഞാറ് എന്ന് ചോദ്യത്തിന്‌ ബന്ധപെട്ടവര്‍ ഉത്തരം പറയേണ്ടി വരും . വാദിറഹ്മയുടെ കാര്യമിരിക്കട്ടെ, ഞാനടക്കമുള്ളവരുടെ പ്രയത്ന ഫലമായി നിലവില്‍ വന്ന മാധ്യമം ദിനപത്രത്തിന്റെ 20,25, വാര്‍ഷികങ്ങള്‍ ആഘോഷിച്ചു. പല പുതിയ യൂണിറ്റുകളും തുടങ്ങി. എല്ലാത്തിനോടുമനുബന്ധിച്ച് ഗംഭീരമായ ആഘോഷപരിപാടികളുണ്ടായി. ഒന്നിലേക്കുപോലും എന്നെ ക്ഷണിച്ചില്ല. തല്‍‌സംബന്ധമായി ഇറക്കിയ സപ്ലിമെന്റെറികളില്‍ സ്ഥാപനത്തിലെ ഉത്തരവാദിത്തപ്പെട്ട പലരുടെയും ലേഖനങ്ങളുണ്ടായി. സിദ്ദീഖ് ഹസന്‍, ഒ.അബ്ദുറഹ്മാന്‍ , ഹംസ അബ്ബാസ് തുടങ്ങി ആരുടെയും ലേഖനത്തില്‍ എന്നെ കുറിച്ച് 'ദ' എന്ന പരാമര്‍ശം പോലുമില്ല. 
മാധ്യമത്തെ വളര്‍ത്തിയെടുക്കുമ്പോള്‍ ഇവരോടൊപ്പം ഞാനുമുണ്ടായിരുന്നു എന്ന വസ്തുത അറിയാഞ്ഞിട്ടല്ലല്ലോ ജീവനോടെയുള്ള ഈ കുഴിച്ചു മൂടല്‍ . അഥവാ 'മാധ്യമ'ത്തിലെ എന്റെ സാന്നിദ്ധ്യം തീര്‍ത്തും അപ്രധാനമായിരുന്നെങ്കില്‍ സര്വ്വശ്രീ സി.രാധാകൃഷണന്‍, പി.എസ് ശ്രീധരന്‍ പിള്ള, ഏഷ്യാനെറ്റിലെ ടി.എന്‍ ഗോപകുമാര്‍ എന്നിവരുടെ ലേഖനങ്ങളില്‍ പരാമര്‍ശിക്കപെട്ട രണ്ടാമത്തെ വ്യക്തി ഞാനായതെങ്ങനെ !!! എന്നെ 'മാധ്യമത്തില്‍ നിന്ന് പുറത്താക്കിയ വിവരമറിഞ്ഞ ജമാഅത്ത് അംഗവും പണ്ഡിതനുമായ ജനാബ് ഇ.എന്‍ ഇബ്രാഹീം മൗലവി അന്നത്തെ അമീര്‍ സിദ്ദീഖ് ഹസ്സന്‍ അയച്ച കത്തില്‍ ജീവനോടെയുള്ള ഈ കുഴിച്ച് മൂടലിനെ കുറിച്ച് പരാമര്‍ശമുണ്ട് . അന്ന് പെണ്‍കുട്ടികളെ കുഴിച്ചു മൂടിയതിനെ കുറിച്ച് അല്ലാഹു ചോദിക്കും എന്ന വിശുദ്ധ ഖുര്‍‌ആന്റെ പരാമര്‍ശം ഒ.അബ്‌ദുല്ലയുടെ കാര്യത്തിലും ബാധകമാണ്‌ എന്നായിരുന്നു ഇബ്രാഹീം മൗലവിയുടെ ഓര്‍മ്മപെടുത്തല്‍. ' ഒരു വിഭാഗത്തോടുള്ള വിദ്വേഷം നീതി ചെയ്യാതിരിക്കാന്‍ നിങ്ങള്‍ക്ക് കാരണമായിത്തിരരുത്' എന്ന വിശുദ്ധ ഖുര്‍‌ആന്‍ പരാമര്‍ശം പ്രത്യക്ഷരം പാലിക്കുന്നവര്‍ സി.രാധാകൃഷണനും പി.എസ് ശ്രീധരന്‍ പിള്ളയും ടി.എന്‍ ഗോപകുമാറും. അതിന്‌ ഘടക വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് സിദ്ദീഖ് ഹസനും കമ്പനിയും. എന്റെ സഹപാഠിയും ദീര്‍ഘകാല സുഹൃത്തുമായ ടി.കെ ഇബ്രാഹീം സാഹിബ് എന്റെ പേരില്‍ എഴുതിയിട്ട സ്വന്തം പേര്‍ എഴുതാത്ത ഒരു കത്തില്‍ എന്നെ നരകത്തെ കുറിച്ച് അതി ഭയങ്കരമായി ഓര്‍മ്മിപ്പിക്കുന്നു. അവകാശങ്ങള്‍ നിഷേധിക്കപെട്ടും അനീതിക്കിരയായും ഒരിര അല്ലാഹുവിനോട് നൊന്ത് പ്രാര്‍ത്ഥിക്കുമ്പോള്‍ അത് മഹാ അപരാധം. പീഢകര്‍ക്കും മര്‍ദ്ദ്കര്‍ക്കും ഉള്ള സ്ഥാനമാവട്ടെ സ്വര്‍ഗത്തിലെ 'ഇല്ലിയ്യിനും'.വീണ്ടും ചോദിക്കട്ടെ ഇത്ര വടക്കാണോ തെക്ക് ?

ജമാഅത്ത് സേറ്റജിലോ പേജിലോ സാന്നിദ്ധ്യമില്ലാത്തത് കൊണ്ടുള്ള ഒരലമുറയുടെ പ്രതിധ്വനിയല്ല് ഇത്. 'മാധ്യമ' കാലഘട്ടത്തേക്കാള്‍ വിശാലമാണ്‌ ഇന്ന് എന്റെ വിഹാര രംഗം . 'മാധ്യമം' വിട്ട അന്ന് തൊട്ട് ഞാന്‍ ഒരേയവസരം കുറേകാലം 'മാതൃഭൂമി', ദീപിക, ചന്ദ്രിക, തേജസ് എന്നി പത്രങ്ങളിലെ സ്ഥിരം കോളമിസ്റ്റയിരുന്നു. ഈ നാലു പത്രങ്ങള്‍ ചേര്‍ന്നാല്‍ മാധ്യമത്തിന്റെ സര്‍ക്കുലേഷന്റെ ഏകദേശം അടുത്തെത്തുമന്നാണ്‌ എന്റെ ധാരണ. ഒരല്പ്പം പൊങ്ങച്ചത്തോടെ പറയട്ടെ, ഇസ്‌ലാമിക സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഒട്ടുമിക്ക ദൃശ്യമാധ്യമങ്ങളും എന്നെ ക്ഷണിക്കറുണ്ട്. ഒരു ദൃശ്യമാധ്യമത്തില്‍ ഞാന്‍ സ്ഥിരം അവതാരകനാണ്‌. ഇസ്‌ലാമും മുസ്‌ലിംങ്ങളുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഇസ്ലാമിക പക്ഷത്തു നിന്ന് അഭിപ്രായം പറയുവാനും കക്ഷി പക്ഷ ഭേദമില്ലതെ എതിര്‍ ചിന്തകളെ നിശിതമായി നിരൂപണം ചെയ്യാനും എന്നെ ബന്ധപ്പെട്ട മാനേജ്മെന്റ് നിര്‍ബാധം അനുവദിക്കുന്നു. ഒരിടപെടലും ഒരിക്കലും ഉണ്ടായിട്ടില്ല. 'മാധ്യമ'ത്തില്‍ ആയിരുന്നെങ്കില്‍ അന്ന് ഞാന്‍ കെ.സി അബ്ദുല്ല മൗലവിയോട് പറഞ്ഞത് പോലെ പി.സി ഹംസക്ക് എന്ത് തോന്നും ; മാട്രിമോണിയല്‍ കോയ എങ്ങനെ വിലയിരുത്തും ; ശൈഖ് സാഹിബ് എന്ത് കരുതും ; ഗൈറ്റ് കീപ്പര്‍ അഹമ്മദ് കുട്ടികാക്കയുടെ പ്രതികരണം എന്തായിരിക്കും എന്നൊക്കെ പരിഗണിക്കേണ്ടിയിരുന്നു. ഇന്ന് അത്തരം ഒരു അലപല ശല്ല്യവുമില്ല. തികച്ചും ശുഭം സുന്ദരം .

ഈ ക്രൂരതകളെത്രയും കാണിച്ചു കൂട്ടിയത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോ, പേരിന്‌ മാത്രം ഇസ്‌ലാമികം എന്നവകാശപ്പെടുന്ന സമുദായ സംഘടനകളോ അല്ല എന്ന വസ്തുത വിസ്മരിക്കരുത് . മനുഷ്യരുടെ അന്തസിനും അഭിമാനത്തിനും അങ്ങേയറ്റം വില കല്‍‌പിക്കുന്ന , നീതിയുടെ പക്ഷത്ത് എന്തുവില കൊടുത്തും നിലക്കാന്‍ ബാധ്യതസ്ഥംഅഅയ ഒരേ ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാഗത്തു നിന്നാണ്‌ ഈ നടപടി. ഇത് നിങ്ങളെ ഇല്ലാതാക്കലാണ്‌ . ജീവനോടെ കുഴിച്ചു മൂടലാണ്‌. ഒരുത്തന്റെ അതൃപ്തിക്ക് പാത്രമായാല്‍ സംഭവിക്കാന്‍ പോകുന്നത് ഇത്തരം മണ്ണിട്ടു മൂടലാണ്‌ എന്ന താക്കീതാണ്‌ ഇത് നകുന്ന സന്ദേശം. ഈ ഘട്ടത്തില്‍ ഒരിര എന്ന നിലക്ക് നിങ്ങള്‍ക്ക് നിങ്ങള്‍ കഴിയുന്നത് ഇത്ര മാത്രമാണ്‌ " " അല്ലാഹുവേ മള്‌ലൂമി (പീഢിതന്‍)നെ നിശബ്ദമാക്കിയവരെ നീ നിശബ്ദമാക്കേണമേ എന്ന് അകം നിറഞ്ഞ് പ്രാര്‍ത്ഥിക്കുക അല്ലാതെ മറ്റ് എന്താണ്‌ പോന്‍വഴി

( പ്രബോധനവുമായി ബന്ധപ്പെട്ട് ഇതപരിയന്തമുള്ള എഴുത്തുകാരുടെ യോഗം ചേരുന്നു (17/02/15) അറിഞ്ഞു പ്രബോധനത്തിന്റെ അര്‍ദ്ധ വാഴ്യവട്ട കാലത്തെ സഹ പത്രാധിപരും ആ പത്രത്തിലെ ദീര്‍ഘകാല എഴുത്തുകാരനുമെന്ന നിലക്ക് ഞാന്‍ ഉറപ്പായും പ്രസ്തുത യോഗത്തിലേക്ക് ക്ഷണിക്കപ്പെടുമെന്ന് കരുതിയത്തിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത യോഗത്തില്‍ വായിക്കാന്‍ തയ്യാറാക്കിയതായിരുന്നു ഈ കുറിപ്പ്. എന്നാല്‍ ആ ക്ഷണം എന്നെ വഴിമാറി പോയതിനാല്‍ ഇതു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യേണ്ടി വന്നു )

 

( കേരളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റും രാഷ്ടീയ നിരീക്ഷകനുമാണ് ഒടുങ്ങാട്ട് അബ്ദുല്ല എന്ന ഒ.അബ്ദുല്ല. കോഴിക്കോട് ജില്ലയിലെ ചേന്ദമംഗലൂരില്‍ ഒടുങ്ങാട്ട് മോയിന്‍ മുസ്ലിയാര്‍-ഫാത്തിമ ദമ്പതികളുടെ മകനായി 1942ല്‍ ജനനം. ചേന്ദമംഗല്ലൂര്‍ അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ്യ ശാന്തപുരം ഇസ്ലാമിയ്യ കോളജ്, ഖത്തര്‍ അല്‍ മഹ്ദുദ്ദീനി എന്നിവിടങ്ങളില്‍ പഠനം. വിശ്വപ്രസിദ്ധ പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിയുടെ ശിഷ്യനായിരുന്നു.

ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ഇന്‍്റര്‍പ്രെട്ടര്‍ കം അസിസ്റ്റന്‍്റ്, ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ്യ കോളജ് അധ്യാപകന്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. ഖത്തര്‍ ലാന്‍ഗേജ് ഇന്‍സ്റ്റിറ്റിയൂട്ടിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രമുഖ പത്രപ്രവര്‍ത്തകനും മാധ്യമം പത്രാധിപരുമായ ഒ. അബ്ദുറഹ്മാന്‍ അബ്ദുല്ലയുടെ ഇളയ സഹോദരനാണ്. 1975ല്‍ അടിയന്തരാവസ്ഥയെതുടര്‍ന്ന് പിരിച്ചുവിട്ട ഐഡിയല്‍ സ്റ്റുഡന്‍സ് ലീഗിന്‍്റെ (ഐ.എസ്.എല്‍) സംസ്ഥാന ഓര്‍ഗനൈസറായിരുന്നു. ഖത്തര്‍ ഇസ്ലാഹിയ്യ അസോസിയേഷന്‍ സഥാപക പ്രസിഡണ്ട്, ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട്, എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രബോധനം വാരിക സബ് എഡിറ്ററായിരുന്നു. പിന്നീട് മാധ്യമം ദിനപ്പത്രത്തിന്‍െറ , തേജസ് ദിനപ്പത്രം എന്നിവയുടെ അസോസിയേറ്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു. മാതൃഭൂമി, ചന്ദ്രിക, തേജസ്, വര്‍ത്തമാനം എന്നീ പത്രങ്ങളിലെ കോളമിസ്റ്റായിരുന്നു. ഖാലിദ് ബിന്‍ വലീദ്, ആളുകള്‍ അനുഭവങ്ങള്‍ എന്നിവ കൃതികള്‍. സന്താന നിയന്ത്രണം ( മൗലാനാ മൗദൂദി), തീവ്രതയ്ക്കും ജീര്‍ണതയ്ക്കും മധ്യേ (ഡോ. യൂസൂഫുല്‍ ഖര്‍ദാവി), ഇസ്ലാമിക ജീവിതം: പ്രശന്ങ്ങളും പ്രയാസങ്ങളും(ശൈഖ് മുഹമ്മദ് ഗസ്സാലി) എന്ന വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്. )

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments