DustbinMedia

ഗതികെട്ട പത്രപ്രവര്‍ത്തകരുടെ നിറംകെട്ട ജീവിതം

അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്വകാര്യ ആശുപത്രികളിലെയും ജീവനക്കാരുടെ ദുരവസ്ഥകളെക്കുറിച്ച് എല്ലാവരും ചര്‍ച്ചചെയ്തുകഴിഞ്ഞു. തുണിക്കടകളിലെ സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള അവകാശത്തിനും പേരാട്ടം തുടങ്ങി. ഇതെല്ലാം കണ്ട് നിസഹായരായി നില്‍ക്കുന്ന മറ്റൊരു കൂട്ടരുണ്ട് ഇവിടെ. ഒരു ഗതിയും പരഗതിയുമില്ലാത്ത കുറെ പാവങ്ങള്‍. സാക്ഷാല്‍ പത്രപ്രവര്‍ത്തകര്‍

എസ്. സേതുലക്ഷ്മി

 
തിരുവനന്തപുരം: അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്വകാര്യ ആശുപത്രികളിലെയും ജീവനക്കാരുടെ ദുരവസ്ഥകളെക്കുറിച്ച് എല്ലാവരും ചര്‍ച്ചചെയ്തുകഴിഞ്ഞു. തുണിക്കടകളിലെ സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള അവകാശത്തിനും പേരാട്ടം തുടങ്ങി. ഇതെല്ലാം കണ്ട് നിസഹായരായി നില്‍ക്കുന്ന മറ്റൊരു കൂട്ടരുണ്ട് ഇവിടെ. ഒരു ഗതിയും പരഗതിയുമില്ലാത്ത കുറെ പാവങ്ങള്‍. സാക്ഷാല്‍ പത്രപ്രവര്‍ത്തകര്‍. 
സമൂഹത്തില്‍ മറ്റ് ഏത് വിഭാഗത്തിലുള്ളവര്‍ക്കും സങ്കടം പറയാനും പ്രശ്നങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാനും മാധ്യമങ്ങളെ ഉപയോഗിക്കാം. പക്ഷേ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇതിനൊന്നും അവസരമില്ല. കഴുകന്‍ മുതല്‍ കുരുവി വരെയുള്ളവ പക്ഷികള്‍ എന്ന് അറിയപ്പെടുന്നതുപോലെ, പത്രപ്രവര്‍ത്തകര്‍ എന്ന വാക്കിനുള്ളിലും നിരവധി വിഭാഗങ്ങള്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. പണം കുമിഞ്ഞു കൂടികിടക്കുന്നതുകൊണ്ട് സ്വന്തം ചാനല്‍ തുടങ്ങി നിര്‍വൃതി നേടുന്നവര്‍ മുതല്‍ അന്നദാന പന്തലില്‍ നിന്ന് വിശപ്പടക്കി പോകുന്നവര്‍ വരെ. പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പൊതുജനം കേള്‍ക്കുന്ന പേരുകള്‍ മിക്കപ്പോഴും മുതലാളിമാരുടേതാണ്. കാര്യങ്ങള്‍ സ്വന്തമായി തീരുമാനിക്കാനും നടപ്പാക്കാനും അധികാരമുള്ളവര്‍. പത്രപ്രവര്‍ത്തകര്‍ മാത്രമല്ല ഒന്നാന്തരം ബിസിനസുകാര്‍ കൂടിയായിരിക്കും ഇവര്‍. സ്ഥാപനത്തിനൊപ്പം വളര്‍ന്ന് അതിനെക്കാള്‍ പടരുന്നവര്‍. 
പത്രപവര്‍ത്തനവുമായി പുലബന്ധം പോലുമില്ലാത്ത തനി കച്ചവടക്കാരുടെ മാധ്യമസ്ഥാപനങ്ങള്‍ നടത്തിക്കൊടുക്കുന്നവരാണ്് അടുത്തത്. മുതലാളി പത്ത് രൂപയുണ്ടാക്കുമ്പോള്‍ തനിക്ക് അഞ്ച് വേണമെന്ന് ശഠിക്കുന്നവര്‍.  ഇതിനിടയില്‍ എട്ട് വിരലിലും വൈര മോതിരവുമിട്ട് കഴുത്തില്‍ സ്വര്‍ണ വടവും കെട്ടി ഫോറിന്‍ കാറില്‍ നടക്കുന്ന പത്രപ്രവര്‍ത്തകരുമുണ്ട്. ശീതീകരിച്ച മുറിയും തണുത്ത വെള്ളവും ശീലിച്ച അവരുടെ തട്ടകം വേറെയാണ്. ഈ ലേഖനത്തില്‍ ഒരിടത്തും ആ ഇടനിലക്കാര്‍ക്ക് സ്ഥാനമില്ല. 
ഒരു മാധ്യമ സ്ഥാപനത്തെ നിലനിര്‍ത്തുന്നത് ഇവരൊന്നുമല്ല. ശരിക്കും കൂലിപ്പണിക്കാരായ വലിയൊരു വിഭാഗം കാണാമറയത്തുണ്ട്. പൊതുസമൂഹം ഇവരെ കാണുന്നില്ല. മുഷിഞ്ഞ വസ്ത്രവും  നിറഞ്ഞ വിശപ്പുമായി നാടുനീളെ ഓടുന്നവര്‍. ഇവരുടെ സ്വന്തം പേരില്‍ ഒരു വാര്‍ത്ത വന്നുകാണണമെങ്കില്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. എഡിറ്റര്‍ മുതല്‍ ബ്യൂറോ ചീഫിന് തൊട്ടു താഴെയുള്ളവന്‍ വരെ കുതിര കയറുന്നത് ഈ വിഭാഗത്തിന് മേലാണ്. നാട്ടുകാരുടെ ചീത്തവിളി താങ്ങേണ്ടതും ഇവര്‍ തന്നെ.  മേലാളന്‍മാരുടെ ആജ്ഞ അനുസരിക്കുക എന്നതാണ് ഈ ഗദ്ദാമകളുടെ ജോലി. പൊരിവെയിലില്‍ പ്രകടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക, പ്രസ്താവനകള്‍ മാറ്റി എഴുതുക. ആര്‍ക്കും വേണ്ടാത്ത സെമിനാറുകള്‍ റിപ്പോര്‍ട്ട് ചെയ്യുക, നാടു നീളെ മന്ത്രിമാര്‍ നടത്തുന്ന നാടമുറിക്കലുകളും അവരുടെ അറുബോറന്‍ പ്രസംഗങ്ങളും കേട്ടെഴുതുക തുടങ്ങിയവയാണ് പ്രധാന പരിപാടി. പ്രതിഫലം മാസം അഞ്ച് മുതല്‍ ആറായിരം രൂപ വരെ. മാന്യതയുള്ള ചുരുക്കം ചില മാനേജ്മെന്‍റുകള്‍ പതിനായിരം കൊടുക്കും. നഗരത്തിലെ കാര്യമാണിത്. രാവിലെ ഒമ്പതിന് തുടങ്ങുന്ന ജോലി രാത്രി പത്തിന് തീരും എന്നത് ആശ്വാസമാണ്. ഫോട്ടോഗ്രാഫര്‍മാരാണ് ഈ സംവിധാനത്തിന്‍െറ ബലിയാടുകള്‍.  ഗ്രാമങ്ങളിലായാല്‍ പാര്‍ട്ട് ടൈം ലേഖകന്‍ എന്നോ പ്രാദേശിക ലേഖകന്‍ എന്നോ ചാപ്പകുത്തി തള്ളിയിടും. പ്രതിഫലം മാന്യതയുള്ള മാനേജ്മെന്‍റ് പോലും മൂവായിരത്തില്‍ ഒതുക്കും. 
പിന്നെ എന്തിന് ഇതില്‍ കടിച്ചു തൂങ്ങുന്നു എന്ന് ചോദിക്കരുത്.  സാമൂഹിക പ്രതിബദ്ധത അങ്ങേയറ്റം കൂടുമ്പോഴാണ് ഈ വിഭാഗത്തിലേക്ക് ആളുകള്‍ കടന്നുവരുന്നത്. ഉള്ളിലെ പത്രപ്രവര്‍ത്തകനെ സമാധാനിപ്പിക്കാനുള്ള ശ്രമം. ജീവിക്കാന്‍ വേറെ ജോലി നോക്കേണ്ടി വരും. പക്ഷേ ഇങ്ങനെ ചെയ്യുന്നവനൊക്കെ രണ്ട് ജോലിയിലും പരാജയപ്പെടുകയാണ് പതിവ്. എന്ത് നെറികേട് സംഭവിച്ചാലും കുറ്റം ചാര്‍ത്താനുള്ള ശരീരമാണിത്. ആര്‍ക്കെങ്കിലുമെതിരെ വാര്‍ത്ത കൊടുത്ത് അപ്രീതി സമ്പാദിക്കാന്‍ ഇടയായാല്‍ മേലാളന്‍മാര്‍ ഈ കൂട്ടത്തില്‍ ഒരുത്തന്‍െറ ചുമലില്‍ വച്ച് ഒഴിവാക്കും. രണ്ട് കൂട്ടരും ഹാപ്പി. ആറ് മാസം ജോലി നോക്കിയാല്‍ 60 ശത്രുക്കള്‍ എങ്കിലും മിനിമം ജനിച്ചിരിക്കും. വ്യാജമദ്യക്കാര്‍ മുതല്‍ മണ്ണ് മാഫിയ വരെ. എന്ന് പത്രപ്രവര്‍ത്തകനല്ലാതാകുന്നോ അന്ന് അടി ഉറപ്പ്. പിന്നെ കടിച്ചുതൂങ്ങിക്കിടക്കുയല്ലാതെ എന്ത് വഴി. 
അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്വകാര്യ ആശുപത്രികളിലെയും വേതനവര്‍ധനവിനെക്കുറിച്ച് ചാനലുകളില്‍ വാതോരാതെ പ്രസംഗിക്കുന്ന തൊഴിലാളി സ്നേഹികള്‍ ദൃശ്യമാധ്യമരംഗത്തെ ശമ്പളം അറിഞ്ഞാല്‍ ഞെട്ടും. തൊഴിലുറപ്പ് പദ്ധതിയെക്കാള്‍ മോശമാണിത്. മാസം അര ലക്ഷത്തിന് മേല്‍ ശമ്പളമുള്ള ഡസന്‍ കണക്കിന് ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ ഇവിടെയുണ്ട്. പക്ഷേ കടലാസിലാണെന്ന് മാത്രം. സിനിമാതാരങ്ങളെക്കാള്‍ ശോഭയോടെ തിളങ്ങുന്നവര്‍ കോണ്‍ട്രാക്റ്റ് തൊഴിലാളികളാണ്. ഒന്നു തെറ്റിയാല്‍ മൂഴുപ്പട്ടിണി. ഒരുമാസത്തെ കുടിശിഖ കിട്ടാന്‍ പെന്‍ഷന്‍കാര്‍ നടത്തുന്ന സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ വരുന്നത് മൂന്ന് മാസമായി ശമ്പളം കിട്ടാത്തവരാണ് എന്ന് ഓര്‍ക്കണം. മറ്റ് ഏത് സ്ഥാപനങ്ങളിലുള്ളവര്‍ക്കും മാധ്യമങ്ങള്‍ വഴി ഇത്തരം പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റുമെങ്കില്‍ സ്വയം കടിച്ചമര്‍ത്തി നില്‍ക്കാനെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയൂ. പത്രസമ്മേളനം കഴിഞ്ഞ് ഭക്ഷണം വിളമ്പുന്നിടത്തേക്ക് പത്രപ്രവര്‍ത്തകര്‍ ഇടിച്ചു കയറുന്നത് അവര്‍ അലവലാതികളായതുകൊണ്ടല്ല. ശരിക്കും വിശന്നിട്ടു തന്നെയാണ്. ഇങ്ങനെയൊക്കെ മിച്ചം പിടിക്കുന്ന പണം കൊണ്ടാണ് പലരും മക്കള്‍ക്ക് ഭക്ഷണം വാങ്ങുന്നതും സ്കൂളില്‍ വിടുന്നതും. പത്രസമ്മേളനങ്ങളില്‍ വിതരണം ചെയ്യുന്ന സമ്മാനപ്പൊതികള്‍ വാങ്ങരുത് എന്നതാണ് മാനേജ്മെന്‍റുകളുടെ പ്രഖ്യാപിത നിലപാട്. എന്നാല്‍ ദാരിദ്ര്യം കൊണ്ട് ചിലപ്പോള്‍ ഇവര്‍ക്കത് വാങ്ങാതിരിക്കാന കഴിയാറില്ല. തിരുവനന്തപുരം പ്രസ്ക്ളബില്‍ നടക്കുന്ന അനധികൃത ബാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞപ്പോഴും അതിനെ ന്യായീകരിച്ച് രംഗത്തുവന്ന പലരും പറഞ്ഞത് ഈ ദാരിദ്ര്യത്തെകകുറിച്ചാണ്. കടുത്ത മാനസിക സമ്മര്‍ദ്ദമുള്ള ജോലി കഴിയുമ്പോള്‍ അല്‍പ്പം മദ്യപിച്ചില്ളെങ്കില്‍ പലര്‍ക്കും ഭ്രാന്ത് പിടിച്ചുവെന്ന് വരാം. അതൊപ്പിക്കാനുള്ള ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗമാണ് പ്രസ്ക്ളബിലെ അനധികൃതമദ്യശാല. ഗൂഢാലോചനകളും കാമ്പയിനുകളും രൂപം കൊള്ളുന്ന ചുരുക്കം ചില സദസുകള്‍ക്ക് അപ്പുറത്ത് മദ്യത്തിന്‍െറ മണത്തിനൊപ്പം പുറത്തേക്ക് വമിക്കുന്നത് കഷ്ടപ്പാടുകളുടെയും നഷ്ടസ്വപ്നങ്ങളുടെയും കണക്കുകള്‍ തന്നെയാണ്. 
പത്രപ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം മദ്യപാനികളായി മാറുന്നതെന്തുകൊണ്ട് എന്നതിന് ഉത്തരം തേടി വളരെയൊന്നും അലയേണ്ടതില്ല. അത്രയേറെ അപമാനവും ആത്മനിന്ദയും ജോലിഭാരവും ഈ ജോലിയില്‍ നിന്നു ലഭിക്കുന്നുണ്ട്. ആനന്ദത്തിന്‍െറ അങ്ങേയറ്റത്തില്‍ മദ്യപിച്ച് കൂത്താടുന്നവര്‍ മുഖ്യധാര മാധ്യമങ്ങളില്‍ വളരെ കുറവാണ്. 
നല്ല കഴിവുള്ള ഒരു വിഭാഗം ഇവരിലുണ്ട്. സ്ഥിരപ്പെട്ടാലും ഒന്നുമാവാനോ പേരെടുക്കാനോ ഇവര്‍ക്ക് കഴിയാറില്ല. പത്രപ്രവര്‍ത്തനമെന്ന തൊഴില്‍ നല്ല ഉയര്‍ന്ന സ്ഥാനമോ ശമ്പളമോ ലഭിച്ചില്ളെങ്കില്‍ കഴിവുള്ള ഭൂരിപക്ഷം പേര്‍ക്കും പെട്ടന്ന് മടുക്കും. ഏറിയാല്‍ അഞ്ചു വര്‍ഷം. അതിനപ്പുറം അംഗീകാരമോ കൃത്യമായ വേതനമോ ഇല്ലാത്ത ജോലി ചെയ്യാന്‍ പലര്‍ക്കും കഴിയാറില്ല. ഇതിനിടയില്‍ എന്തു ജോലി ലഭിച്ചാലും പത്രപ്രവര്‍ത്തനം ഉപേക്ഷിക്കുന്നവരാണ് വലിയൊരു വിഭാഗം. 


എവിടെയാണ് കുഴപ്പം

മുതലാളി മുതലാളിയുടേതെന്നും തൊഴിലാളി തൊഴിലാളിയുടേതെന്നും  കരുതുന്നവരാണ് പത്രപ്രവര്‍ത്തനത്തെ ഈ കോലത്തിലാക്കിയത്. മികച്ച ഇടനിലക്കാര്‍. പണ്ട് കഴിവ് നോക്കിയാണ് സ്ഥാനക്കയറ്റം നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ കൂറ് നോക്കിയാണ് സ്ഥാനം നിശ്ചയിക്കുന്നത്. കമ്പനിയുടെ ആള്‍ ബ്യൂറോയുടെ ചുമതല വഹിച്ചാല്‍ ജീവനക്കാര്‍ മാനേജ്മെന്‍റിന് എതിരായി തിരിയുന്നത് തടയാം. മതസംഘടനകളും വ്യവസായ ഗ്രൂപ്പുകളും നടത്തുന്ന പത്രങ്ങള്‍ ഈ രീതി പിന്തുടരുന്നുണ്ട്. ഈ രീതി വന്നതോടെ തന്നേക്കാള്‍ കഴിവും സീനിയോറിറ്റിയും കുറഞ്ഞവരുടെ കീഴില്‍ ജോലി ചെയ്യാന്‍ സാധാരണക്കാരന്‍ നിര്‍ബന്ധിക്കപ്പെടുന്നു. കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് എന്ന പത്രപ്രവര്‍ത്തക യൂണിയനില്‍ അംഗമാകാന്‍ കമ്പനി സ്ഥിരനിയമനം നല്‍കിയിരിക്കണമെന്നതാണ് നിയമം. അതായത് കഷ്ടപ്പെട്ട് കഴിവ് തെളിയിച്ച് സ്ഥിരപ്പെട്ടാല്‍ പിന്നെയുള്ള കാര്യം സംഘടന നോക്കിക്കോളും. പിന്നെ എന്താണ് നോക്കാനുള്ളത് എന്ന് ചോദിക്കരുത്. തൊഴിലാളികളെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് സമരം നടത്താന്‍ ഇവര്‍ക്ക് കഴിയില്ളെന്ന് ചുരുക്കം. അതായത് ഒരു പത്രപ്രവര്‍ത്തകന്‍ സ്ഥിരപ്പെടുന്നത് പൂര്‍ണമായും മാനേജ്മെന്‍റിന്‍െറ കാരുണ്യമോ ഒൗദാര്യമോ കൊണ്ടാണ്. വര്‍ഷങ്ങളോളം അനിശ്ചിതത്വത്തില്‍ നിന്ന് കൂറ്് തെളിയിച്ചാലെ പലപ്പോഴും ഇത് സാധ്യമാകൂ. താണുവണങ്ങി ഉളുപ്പ് തീരാനും കയറിയടിച്ച് അറപ്പ് മാറ്റാനുമൊക്കെ പഠിക്കേണ്ടിവരും. അതുവരെ യൂണിയന്‍െറ ഏഴയലത്ത് വരാന്‍ ഈ പാവങ്ങള്‍ക്ക് കഴിയില്ല. 
ഈ പഴുത് മുതലെടുത്ത ചില പത്രമുതലാളിമാര്‍ തങ്ങളുടെ ഇഷ്ടക്കാരെ പത്രപ്രവര്‍ത്തകരാണെന്ന കുറിപ്പടിയും കൊടുത്ത് യൂണിയന്‍െറ അടുത്തേക്ക് വിട്ടു. ഈ കെണിയില്‍ പാവം പത്രക്കാര്‍ വീണു. ഇപ്പോള്‍ സംഘടനയുടെ നിര്‍ണായകമായ പദവികളില്‍ പലതും കൈയ്യാളുന്നത് ഈ കൂട്ടരാണ്. സമരത്തിന് പ്ളാനിടും മുമ്പ് മാനേജ്മെന്‍റ് അടിച്ചമര്‍ത്തല്‍ തുടങ്ങും. ഒരേസമയം മാനേജ്മെന്‍റിന്‍െറയും തൊഴിലാളികളുടെയും പ്രതിനിധിയായി നില്‍ക്കുന്ന ഒരു വിദ്വാന്‍ കോട്ടയത്തുണ്ട്. ഇത്തരക്കാര്‍ പത്രസ്ഥാപനങ്ങളില്‍ വര്‍ധിക്കുന്നതാണ് യഥാര്‍ത്ഥ പത്രപ്രവര്‍ത്തകര്‍ക്ക് വിനയാവുന്നത്. ഇത്തരക്കാരുടെ ജോലി കൂടി ചെയ്തുകൊടുക്കാന്‍ അവര്‍ ബാധ്യസ്ഥരാവുന്നു. ഈ കൂലിപ്പണികള്‍ക്കിടയില്‍ മികച്ച വാര്‍ത്തകള്‍ നേടിയെടുക്കാനും മുഖമില്ലാത്ത പത്രപ്രവര്‍ത്തകര്‍ക്ക് കഴിയുന്നുണ്ട്. പക്ഷേ പത്രത്തില്‍ അച്ചടിച്ച് വരുന്നത് വേറെ ആളുകളുടെ പേരിലായിരിക്കുമെന്ന് മാത്രം. പത്രപ്രവര്‍ത്തനത്തിനിടയില്‍ ആക്രമിക്കപ്പെടുന്ന താഴെ തട്ടിലുള്ളവരെ ആരുമറിയാറില്ല. പാറമട ലോബികളോ മയക്കുമരുന്ന് മാഫിയയോ തല്ലിയായും ഒത്തുതീര്‍പ്പിന് ആദ്യമത്തെുന്നത് സ്വര്‍ണമോതിരങ്ങളിട്ട സഹപ്രവര്‍ത്തകരായിരിക്കും. അസുഖമോ, വിശേഷ ദിവസങ്ങളോ ഇവര്‍ക്കില്ല. എന്തിന് അഛനും അമ്മയും ആശുപത്രിയില്‍ കിടന്നാലും ജോലിക്ക് വരണം. സ്ഥിരം ജീവനക്കാരുടെ സമയവും സൗകര്യവും നോക്കിയെ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും പറ്റൂ. അമ്മയുടെ കൈയൊടിഞ്ഞ ദിവസം ജോലിയില്‍ അല്‍പസമയം ഇളവ് ചോദിച്ച വനിതാ പത്രപ്രവര്‍ത്തകയോട് അതൊന്നും കമ്പനിക്കറിയേണ്ട രാവിലെ പണിക്ക് കയറണം എന്ന് പറഞ്ഞ തലസ്ഥാനത്തെ ഒരു വ്യത്യസ്തനായ പത്രപ്രവര്‍ത്തകന്‍ പിന്നീട് സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി ജോലി സമയത്ത് ലേബര്‍ ഓഫീസിന് മുന്നില്‍ സത്യാഗ്രഹമിരിക്കുകയായിരുന്നു. മനുഷ്യാവകാശം എന്നത് കരാര്‍ പത്രപ്രവര്‍ത്തകര്‍ക്ക് ഇല്ളെന്ന് ചുരുക്കം. 

വേറെയുമുണ്ട് പ്രശ്നങ്ങള്‍

ജനത്തിന് കാര്യങ്ങള്‍ അറിയാനും അത് അറിഞ്ഞ് കഴിഞ്ഞ് തെറി വിളിക്കാനും ആവശ്യമുള്ള വിഭാഗമാണ് പത്രപ്രവര്‍ത്തകര്‍. അവര്‍ക്ക് നല്ല ശമ്പളം കൊടുക്കണമെന്ന് സര്‍ക്കാരിന് ആഗ്രഹമുണ്ട്. ജീവിക്കാന്‍ ഗതിയില്ലാതെ കൈക്കൂലി വാങ്ങി വാര്‍ത്തയെഴുതി നശിക്കേണ്ട എന്നു കരുതിയാണ് ഈ നടപടി എടുക്കുന്നത.് അതനുസരിച്ച് സര്‍ക്കാര്‍ ഇടക്കിടെ വേജ് ബോര്‍ഡ് രൂപീകരിക്കും. ഈ ബോര്‍ഡ് തീരുമാനിക്കുന്ന ശമ്പളം നല്‍കാന്‍ മാനേജ്ന്‍െറിനോട് നിര്‍ദേശിക്കും. പക്ഷേ മുതലാളിമാര്‍ സമ്മതിക്കില്ല. അവര്‍ പിരിവെടുത്ത് കോടതിയില്‍ പോകും. പത്രപ്രവര്‍ത്തകര്‍ അതിനെ നേരിടാന്‍ സംഘടനയുണ്ടാക്കി പിരിവിനിറങ്ങും. പിരിക്കേണ്ട സംഖ്യയെച്ചൊല്ലി തര്‍ക്കം അവസാനിക്കുമ്പോഴേക്കും കേസ് വിധിയായിട്ടുണ്ടാവും. പത്രപ്രവര്‍ത്തകരുടെ കുറ്റമല്ല കൈയില്‍ നയാപൈസ ഇല്ലാത്തുകൊണ്ടാണ്. എങ്കില്‍ ഇത് ഇട്ടിട്ടുപോയിക്കൂടെ എന്നു വീണ്ടും ചോദിക്കരുത്്. കാല്‍ കാശിന് ഗതിയില്ളെങ്കിലും ആളുകള്‍ സാറെ എന്ന് വിളിക്കുന്ന വേറെ പണിയില്ല.
 ഈ അവസ്ഥ മാറ്റാന്‍ സ്ഥിരം ജീവനക്കാരുടെ ഈ പ്രശ്നം പരിഹരിക്കാന്‍ കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് കുറെ നാളായി പാടുപെടുന്നു. പക്ഷേ മുതലാളിമാരുടെ കൂട്ടായ്മയായ ഐഎന്‍എസ് സമ്മതിക്കുന്നില്ല.  മജീദിയ വേജ് ബോര്‍ഡ് നടപ്പാക്കാന്‍ സുപ്രീകോടതി ഉത്തരവിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പല മാനേജ്മെന്‍്റുകളും തയാറായിട്ടില്ല. മാനേജ്മെന്‍റുകളും തൊഴില്‍ വകുപ്പും തമ്മിലെ ഒത്തുകളിയാണ് ചെറുകിട പത്രങ്ങളിലെ ജീവനക്കാര്‍ ദുരിതത്തിലാവാന്‍ കാരണം. തികഞ്ഞ അന്തസോടെ ആദ്യംതന്നെ ജീവനക്കാര്‍ക്ക് വേതനം വര്‍ധിപ്പിച്ച് നല്‍കിയ സ്ഥാപനമാണ് മാധ്യമം. പിന്നീട് മനോരമയും ഈ വഴിക്ക് ചിന്തിച്ചു. നാടൂമുഴുവന്‍ വിറപ്പിക്കുന്ന മറ്റ് മടകളിലെ സിംഹങ്ങള്‍ സ്വന്തം കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കഴിയാതെ നട്ടം തിരിയുന്നു. പലയിടത്തും 12 വര്‍ഷത്തിനുശേഷവും പലര്‍ക്കും ശമ്പള വര്‍ധനയില്ല. നൈറ്റ് അലവന്‍സുകളും മറ്റ് അലവന്‍സുകളും ഇല്ല. നൈറ്റ് അലവന്‍സിന് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആക്ട് അനുസരിച്ച് രാത്രി 11ന് ശേഷം ജോലി ചെയ്യുന്നവര്‍ അര്‍ഹരാണ്. എന്നാല്‍ മിക്കയിടത്തും ഇത് 12 മുതലാണ്.  
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ പത്രവില പലതവണ കൂട്ടി. കടലാസിന്‍െറ വിലവര്‍ധന പറഞ്ഞ് പരസ്യനിരക്കില്‍ പകുതിയിലധികം വര്‍ധന ഉണ്ടായി. പകുതിയോളം സ്ഥിരം ജീവനക്കാര്‍ സ്വയം വിരമിച്ചും പെന്‍ഷന്‍ പറ്റിയും മറ്റുവിധത്തിലും സ്ഥാപനങ്ങളില്‍നിന്നു വിട്ടുപോയി. എന്നിട്ടും സാമ്പത്തിക ബാധ്യതയാണ് മാനേജ്മെന്‍്റുകള്‍ക്ക് പറയാനുള്ളത്. വേജ്ബോര്‍ഡ് നടപ്പാക്കേണ്ടത് നിയമപരമായ ബാധ്യതയായതിനാല്‍ തൊഴില്‍ വകുപ്പിന് ഇതില്‍ നിര്‍ണായക റോളുണ്ട്. പക്ഷേ മാനേജ്മെന്‍റുകള്‍ക്ക് ഓശാന പാടാനാണ് അവര്‍ക്കിഷ്ടം. മംഗളത്തിലെ അവസ്ഥ തന്നെ ഉദാഹരണം. മജീദിയ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്  2012 ഫെബ്രുവരിയില്‍ കെ.യു.ഡബ്ള്യു.ജെ. സംസ്ഥാന പ്രസിഡന്‍്റും ജനറല്‍ സെക്രട്ടറിയും മംഗളം മാനേജ്മെന്‍്റ്ുമായി ചര്‍ച്ച തുടങ്ങി. മൂന്നുപ്രാവശ്യത്തെ· ചര്‍ച്ചയ്ക്കൊടുവില്‍ വേജ്ബോര്‍ഡ് നടപ്പാക്കാമെന്ന് 2012 ഒക്ടോബറില്‍ ധാരണയായി.  2012 നവംബറില്‍ ശമ്പളം പരിഷ്കരിച്ചപ്പോള്‍ ഒരു അബദ്ധം പറ്റി. പലര്‍ക്കും നിലവിലുള്ള ശമ്പളം കുറഞ്ഞുപോയി. പിന്നീട് റീജിയണല്‍ ജോയിന്‍്റ് ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കമ്പനിയുടെ വരുമാനം അനുസരിച്ച് വേജ് ബോര്‍ഡിന്‍െറ അഞ്ചാം ക്ളാസ് അനുസരിച്ചുള്ള ശമ്പളം കിട്ടണമെന്ന് ജീവനക്കാര്‍ ശഠിച്ചു. തുടക്കക്കാര്‍ക്ക് മാസം ഇരുപത്തി അയ്യായിരത്തിനടുത്ത് മൊത്തം ശമ്പളം കിട്ടാന്‍ ഈ ക്ളാസ് എങ്കിലും നടപ്പാവണം.  പക്ഷേ, രണ്ടു ദിവസങ്ങള്‍ക്കുശേഷം മംഗളം പബ്ളിക്കേഷനില്‍ ക്ളാസ് ഏഴ് നടപ്പാക്കാന്‍ ഉത്തരവിട്ടതായുള്ള ഡി.എല്‍.ഒ. എന്‍ഫോഴ്സ്മെന്‍്റിന്‍്റെ നോട്ടീസ് യൂണിയന് കിട്ടി. യൂണിയന്‍ ചര്‍ച്ച നടത്തിയ അതേ ദിവസത്തെ തീയതി വച്ചാണ് ഉത്തരവിറക്കിയത്. അതായത് ലേബര്‍ ഓഫീസില്‍ ചര്‍ച്ചക്ക് പോയ പത്രക്കാര്‍ പൊട്ടന്‍മാരായി. ഇതിലെ തിരിമറികള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണമാണ് പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശമ്പളം വൈകുന്നു, നൈറ്റ് അലവന്‍സും മറ്റ് അലവന്‍സുകളും ലഭിക്കുന്നില്ല തുടങ്ങിയ പരാതികള്‍ പല സ്ഥാപനങ്ങളിലെയും പത്രപ്രവര്‍ത്തകര്‍ കൊടുക്കുന്നതാണെങ്കിലും ലേബര്‍ ഡിപ്പാര്‍ട്ട്മെന്‍റ് അനങ്ങാറില്ല. 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments