DustbinMedia

അരിയെത്ര? പയറഞ്ഞാഴി.... ചാനല്‍ ചര്‍ച്ചയിലെ വൈകൃതങ്ങള്‍

നരസിംഹത്തിലെ മോഹന്‍ലാലിനെ പോലെ , നാസിക വിടര്‍ത്തി അട്ടഹസിച്ച്‌, കോട്ടും ടൈയും റോസ്‌ പൗഡറുമായി അലറിവിളിക്കുന്ന കുറെ സര്‍വജ്ഞപീഠിതരും കോമാളികളും ചേര്‍ന്ന ഒരു സര്‍ക്കസ്‌ മാത്രമാണ്‌ ഈ ചാനല്‍ ചര്‍ച്ചകള്‍. എന്‍എം പിയേഴ്‌സണ്‍, കെ. എം ഷാജഹാന്‍, കെ.സി ഉമേഷ്‌ ബാബു സിആര്‍ നീലകണ്‌ഠന്‍, ഡോ. ആസാദ്‌, കെ.ആര്‍ ഹരിഹരന്‍ എന്നിവരാണ്‌ മറ്റ്‌ രാഷ്ട്രീയ നിരീക്ഷകര്‍. ഇതില്‍ ചിലര്‍ ആര്‍എംപിയിലും സിആര്‍ നീലകണ്‌ഠന്‍ ആം ആദ്‌മി പാര്‍ട്ടിയിലും ചേര്‍ന്നിട്ടും ചില ചാനലുകള്‍ക്ക്‌ ഇവരിപ്പോഴും രാഷ്ട്രീയ നിരീക്ഷകരാണ്‌. എന്‍എം പിയേഴ്‌സണാകട്ടെ, പറവൂരില്‍ പാര്‍ട്ടി വിഭാഗീയതയെത്തുടര്‍ന്ന്‌ പുറത്തു പോകേണ്ടി വന്ന സഖാവ്‌ മാധവന്റെ മകനും. പറവൂരില്‍ ഒരു ട്യൂട്ടോറിയല്‍ കോളജ്‌ നടത്തുന്ന പിയേഴ്‌സന്റെ സിപിഎം വിമര്‍ശനാവാനുള്ള യോഗ്യത പാര്‍ട്ടി വിട്ടു എന്നത്‌ മാത്രമാണ്‌.

മഞ്ജു ജയരാജ്

കേരളത്തിന്റെ മുഖ്യധാര ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആണിടങ്ങളാണ്‌. അതു കൊണ്ട്‌ മലയാളത്തിലെ വാര്‍ത്താ ചാനലുകളും ആണിടങ്ങള്‍ തന്നെയാണ്‌. മലയാളത്തിലെ വാര്‍ത്താ അവതാരകര്‍ എന്നാല്‍ കോട്ടിനും ടൈക്കുമുള്ളില്‍ വിജൃംഭിച്ച്‌ നില്‍ക്കുന്ന പുല്ലിംഗങ്ങളാണ്‌. അപവാദങ്ങളില്ല എന്നല്ല. എന്നാല്‍ അവരെല്ലാം അപവാദങ്ങള്‍ മാത്രമാണ്‌. ഒരു ഷാനിയോ സിന്ധു സൂര്യകുമാറോ പക്ഷേ, ഈ ആണധികാര ഇടങ്ങളെ പിടിച്ചെടുക്കാന്‍ തക്ക എണ്ണത്തില്‌ വളര്‍ന്നിട്ടുമില്ല. എക്‌സ്‌ട്രീം ക്ലോസ്‌ അപ്പില്‍ മൂക്കിലെ രോമം പോലും പ്രദര്‍ശിപ്പിക്കുന്ന ഈ ഉദ്ധൃത പുല്ലിംഗങ്ങള്‍ തന്നെയാണ്‌ നാട്ടുകാര്‍ വാര്‍ത്ത അറിയാനാഗ്രഹിച്ച്‌ ടിവി കാണുന്ന 9 മണി നേരത്തെ ചാനല്‍ കാഴ്‌ചകള്‍. നാസിക വിടര്‍ത്തി, ചൂണ്ടു വിരലോ പേനയോ ഉപയോഗിച്ച്‌, കൃത്രിമമായ ഭാവഹാവാദികള്‍ മുഖത്ത്‌ ആവാഹിച്ച്‌, ഉള്ളടക്കത്തില്‍ ഇല്ലാത്ത ഗൗരവം ചോദ്യത്തിന്‌ വരുത്തി നടത്തുന്ന ചര്‍ച്ചകള്‍ മലയാളിക്ക്‌ മനം പിരട്ടലുണ്ടാക്കിത്തുടങ്ങിയിട്ട്‌ കാലം കുറെയായി.

മുന്‍പ്‌ എന്‍ഡിടിവിയിലെ പ്രണയ്‌ റോയ്‌ ആയിരുന്നു, ഞങ്ങളുടെ തലമുറയിലെ മാതൃകാ ന്യൂസ്‌ ആങ്കര്‍ എങ്കില്‍ ഇന്നത്‌ അര്‍ണബ്‌ ഗോസാമിയാണ്‌. വളരെ നനുത്ത ശബ്ദത്തില്‍ ഭവ്യത കൈവിടാതെ നടത്തുന്ന ആ ചര്‍ച്ചകള്‍ പ്രണയിനെ വ്യത്യസ്‌തനാക്കുന്നു. കഴിഞ്ഞ ദല്‍ഹി വോട്ടെണ്ണല്‍ സമയത്ത്‌ പ്രണയ്‌ റോയിയെ കണ്ടിരിക്കുമ്പോള്‍ ആ സൗമ്യ സാന്നിദ്ധ്യം എത്ര മിസ്‌ ചെയ്യുന്നു എന്ന്‌ തിരിച്ചറിയുന്നു. അര്‍ണബിനെ അങ്ങനെ തന്നെ അനുകരിക്കുന്ന രണ്ട്‌ അവതാരകരുണ്ട്‌ മലയാളത്തില്‍. ഒരാള്‍ മാതൃഭൂമയിലും മറ്റൊരാള്‍ മീഡിയവണ്ണിലും. അസംബന്ധം എന്ന്‌ വിളിക്കാവുന്ന അര്‍ണബിന്റെ ഷോകള്‍ക്കാണ്‌ ദേശീയ തലത്തില്‍ കൂടുതല്‍ റേറ്റിങ്‌ എന്നതും മറ്റൊരു വിരോധാഭാസം. 


ഈ അവതാരകരുടെ ഒപ്പം ബെര്‍പ്പിക്കല്‍ പരിപാടിയുടെ പ്രായോജകരാവുന്ന കൂട്ടരാണ്‌ വിദഗ്‌ധന്‍മാരായ ചര്‍ച്ചാ തൊഴിലാളികള്‍. മലയാളം ചാനലുകളുടെ മൊത്തം പ്രൈം എയര്‍ ടൈം അപഹരിക്കുന്നവരുടെ എണ്ണവും അവര്‍ക്ക്‌ അതിനുള്ള യോഗ്യതയും പരിശോധിച്ചാല്‍ നമ്മള്‍ മലയാളികള്‍ എത്ര മണ്ടന്മരാണെന്ന്‌ മനസിലാകും. ഒരാഴ്‌ചത്തെ ചാനല്‍ ചര്‍ച്ചകള്‍ പരിശോധിച്ചാല്‍, വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരും ചാനലുകളുടെ എയര്‍ടൈം കൂടുതല്‍ ദുരുപയോഗം ചെയ്യുന്നവരുമാരൊക്കെയാണെന്ന്‌ കണ്ടെത്താം. ഒന്നാം സ്ഥാനം പിസി ജോര്‍ജിനാണ്‌. യുഡിഎഫ്‌ സര്‍ക്കാരിന്റെ ചീഫ്‌ വിപ്പ്‌ ആ സ്ഥാനത്ത്‌ എത്തിയത്‌ കേരള കോണ്‍ഗ്രസ്‌ സെക്യുലര്‍ എന്ന തന്റെ പഴയ പാര്‍ട്ടി മാണി ഗ്രൂപ്പില്‍ ലയിച്ചത്‌ കൊണ്ട്‌ മാത്രമല്ല, ഉമ്മന്‍ചാണ്ടി എന്ന കേരളം കണ്ട ഏറ്റവും സൃഗാല തന്ത്രജ്ഞനായ മുഖ്യമന്ത്രിയുടെ രഹസ്യങ്ങള്‍ പലതും അറിയാവുന്ന ആളാണ്‌ എന്നത്‌ കൊണ്ട്‌ മാത്രമാണ്‌. നെയ്യാറ്റിന്‍കരയില്‍ ആര്‍ ശെല്‍വരാജിനെ ചാക്കിട്ട്‌ പിടിക്കാനുള്ള നീക്കങ്ങള്‍ മുതല്‍ സോളാര്‍ കേസും ബ്ലാക്‌ മെയില്‍ കേസും ബാര്‍ കോഴ കേസും തുടങ്ങിയവയുടെ ഉറവിടങ്ങള്‍ മനസിലാക്കി നടത്തുന്ന ബ്ലാക്‌ മെയില്‍ രാഷ്ട്രീയമാണ്‌ പിസിയുടെ ഇഷ്ടവിഷയം. അയാള്‍ തന്നെ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യാന്‍ വിദഗ്‌ധനായി അയാള്‍ തന്നെയെത്തുന്നു. കേരള രാഷ്ട്രീയത്തെ മാഫിയവല്‍ക്കരിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച കേരള കോണ്‍ഗ്രസിന്റെ ഏറ്റവും മോശം വേര്‍ഷനാണ്‌ പിസി ജോര്‍ജിന്റെ രാഷ്ട്രീയം. പാര്‍ലമെന്ററിയല്ലാത്ത പദപ്രയോഗങ്ങള്‍ കൊണ്ട്‌ പിസി ജോര്‍ജ്‌ നടത്തുന്ന തെറിയഭിഷേകം നമ്മുടെ സ്വീകരണ മുറികളെ മലിനീകരിക്കാന്‍ തുടങ്ങിയിട്ട്‌ കാലമെത്രയായി?

അടുത്തയാള്‍ രാജ്‌മോഹന്‍ ഉണ്ണിത്താനാണ്‌. വാ പോയ കോടാലിയെന്ന്‌ വിശേഷിപ്പിക്കാവുന്ന ഇയാളെയാണ്‌ കെപിസിസി വക്താവായി നിയോഗിച്ചിട്ടുള്ളത്‌. പക്വതയോടെ സംസാരിക്കുന്ന എത്രയോ നേതാക്കളുണ്ട ്‌കോണ്‍ഗ്രസില്‍. ഒരു നായര്‍ പ്രമാണിയുടെ ധാര്‍ഷ്ട്യം ശരീരഭാഷയില്‍ പോലും വാരിപ്പൂശി ഉണ്ണിത്താന്‍ നടത്തുന്ന കണ്‌ഠകഠോര പ്രഭാഷണങ്ങള്‍ ടെലിവിഷനെ വെറുക്കാന്‍ മാത്രമേ പ്രേരിപ്പിക്കൂ.


സിപിഎമ്മിലാണെങ്കില്‍ വിദഗ്‌ധന്‍മാര്‍ക്ക്‌ പഞ്ഞമാണ്‌. ചുക്കേത്‌ ചുണ്ണാമ്പേത്‌ എന്നറിയാത്ത ആനത്തലവട്ടം ആനന്ദനാണ്‌ മിക്ക ചര്‍ച്ചകളിലും സിപിഎമ്മിനെ പ്രതിനിധീകരിക്കുക. സാമ്പത്തിക ചര്‍ച്ചകളില്‍ തിളങ്ങുന്ന തോമസ്‌ ഐസക്‌ രാഷ്ട്രീയ ചര്‍ച്ചകളില്‍ വേണ്ടത്ര പോരാ. ശ്രീരാമകൃഷ്‌ണന്‍, എംബി രാജേഷ്‌, എം സ്വരാജ്‌, തുടങ്ങിയ ചെറുബാല്യക്കാര്‍ വേണ്ടത്ര പ്രത്യക്ഷരാവുന്നുമില്ല. സിപിഐയുടെ വിഎസ്‌ സുനില്‍ കുമാര്‍ അസംബ്ലിയിലെ അതേ പ്രകടനമാണ്‌ ചാനലുകളിലും തുടരുന്നത്‌. സിപിഎമ്മിന്‌ വേണ്ടി എത്തുന്ന മാധ്യമപ്രവര്‍ത്തകരാണ്‌ എന്‍ മാധവന്‍കുട്ടിയും പിഎം മനോജും. മാധവന്‍കുട്ടിയെ കണ്ടാല്‍ ചെറിയ കുട്ടികള്‍ ഉള്ളവര്‍ ചാനല്‍ മാറ്റുമെന്ന്‌ പറയാറുണ്ട്‌. ആ കത്തിവേഷം ആര്‍ക്കാണ്‌ കണ്ടിരിക്കാന്‍ കഴിയുക? പിഎം മനോജാകട്ടെ ആഴത്തില്‍ കാര്യങ്ങള്‍ പഠിച്ചവതരിപ്പിക്കാറുമില്ല. ചായക്കട രാഷ്ട്രീയം പറയാന്‍ വിദഗ്‌ധരുടെ ആവശ്യവുമില്ല. 

ബിജെപിയിലാണ്‌ വിദഗ്‌ധന്‍മാരുടെ പഞ്ഞം ഏറ്റവുമധികം ദൃശ്യമാവുന്നത്‌. മോദി അധികാരത്തിലെത്തിയതോടെ പിസി ജോര്‍ജിനോളം തന്നെ വാര്‍ത്തകള്‍ മോദിയും മോദി സര്‍ക്കാരും പിന്നെ സംഘപരിവാര്‍ സംഘടനകളും സൃഷ്ടിക്കുന്നുണ്ട്‌. എന്നാല്‍, അതിനനുസരിച്ച്‌ വിദഗ്‌ധരെ സപ്ലൈ ചെയ്യാന്‍ ബിജെപിക്ക്‌ കഴിയുന്നില്ല. ശ്രീധരന്‍ പിള്ള, വിവി രാജേഷ്‌, എംടി രമേശ്‌, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ നിലവാരമുള്ളവരാണെങ്കിലും സുരേന്ദ്രനും ജോര്‍ജ്‌ കുര്യനുമൊക്കെ പിസി ജോര്‍ജിനും ഉണ്ണിത്താനും പഠിക്കുന്നവരാണ്‌. കേരളത്തിലെ സാമ്പത്തിക വിദഗ്‌ധര്‍ക്ക്‌ ഒരു ശുഭവാര്‍ത്ത, മലയാളത്തില്‍ സാമ്പത്തിക കാര്യങ്ങളവതരിപ്പിക്കാന്‍ കഴിയുന്ന ആരും ബിജെപിക്കില്ല. മറ്റൊരു അല്‍ഫോണ്‍സ്‌ കണ്ണന്താനമാവാന്‍ സുവര്‍ണാവസരമാണിത്‌. 


അതുക്കെല്ലാം മേലെയാണ്‌ സ്വതന്ത്ര രാഷ്ട്രീയ- സാമൂഹ്യ നിരീക്ഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള സ്ഥാനം. ഓരോ രാഷ്ട്രീയ കക്ഷികള്‍ക്കും വേണ്ടിയുള്ള വിദഗ്‌ധര്‍ റെഡിയാണ്‌ . സിപിഎമ്മിനെ വിമര്‍ശിക്കാനാണ്‌ വിദഗ്‌ധരുടെ ആവശ്യമുള്ളത്‌. സിപിഎം വിമര്‍ശകനാവാന്‍ വേണ്ട അടിസ്ഥാന യോഗ്യത ഏതോ കാലത്ത്‌ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു എന്നതിന്‌ തെളിവുണ്ടാവുക എന്നതാണ്‌. പാര്‍ട്ടി വിടുക എന്നത്‌ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്‌. കാരണം, പാര്‍ട്ടി വിടുന്നതോടെ പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള അടിസ്ഥാന യോഗ്യത നിങ്ങള്‍ക്ക്‌ സ്വാഭാവികമായി ലഭിക്കുന്നു.


കേരളത്തില്‍ ഇന്ന്‌ ഏറ്റവും മാര്‍ക്കറ്റുള്ള സിപിഎം വിമര്‍ശകനാണ്‌ അഡ്വ. എ ജയശങ്കര്‍. സിപഐക്കാരനായ വക്കീല്‍, നര്‍മത്തില്‍ പൊതിഞ്ഞ മുറുക്കാന്‍ വെടിവട്ടങ്ങളുടെ ശൈലിയിലും ഭാഷയിലും കാര്യങ്ങളെ വിശകലനം ചെയ്യുന്നയാളാണ്‌. അപാരമായ ഓര്‍മശക്തി, കേരളത്തിലെ രാഷ്ട്രീയക്കാരാരും അങ്ങനെ ഓര്‍ത്തിരിക്കാത്ത അവരുടെ തന്നെ പാര്‍ട്ടികളുടെ ചരിത്രം ഇതൊക്കെ മനഃപ്പാഠമാക്കിയിട്ടുണ്ട്‌ വക്കീല്‍. കേസില്ലാ വക്കീലൊന്നുമല്ല, ഹൈക്കോടതിയില്‍ സാമാന്യം തിരക്കുള്ള വക്കീലാണ്‌ എന്നാണ്‌ ജനസംസാരം. കെ.രാജേശ്വരി എന്ന പേരില്‍ മുമ്പ്‌ അങ്ങോര്‍ എഴുതിയിട്ടുള്ള ലേഖനങ്ങള്‍ മാധ്യമം വാരികയിലെ സ്ഥിരം വിഭവമായിരുന്നു. പിന്നീട്‌ പൊടുന്നനെ അപ്രത്യക്ഷമായി. അന്ന്‌ ആര്‍ക്കുമറിയില്ലായിരുന്നു വക്കീലാണ്‌ രാജേശ്വരിയെന്ന്‌. അന്ന്‌ മാധ്യമത്തിലുണ്ടായിരുന്ന പിടി നാസറാണ്‌ രാജേശ്വരി എന്ന്‌ വരെ സംസാരമുണ്ടായിരുന്നു. ഇന്ത്യാവിഷനില്‍ വാരാന്ത്യം എന്ന പരിപാടി അവതരിപ്പിച്ചു കൊണ്ടാണ്‌ വക്കീലന്റെ ദൃശ്യമാധ്യമരംഗത്തെ അരങ്ങേറ്റം. മലയാളത്തിലെ പത്രങ്ങളെ ജാതിയും മതവും തിരിച്ച്‌ വിമര്‍ശിക്കുന്ന പരിപാടിയാണത്‌. മനോരമ, ദീപിക തുടങ്ങിയവ നസ്രാണി പത്രം, മാധ്യമം, തേജസ്‌, സിറാജ്‌, എന്നിവ മുസ്ലിം പത്രങ്ങള്‍, മാതൃഭൂമിക്ക്‌ ജാതിയും മതവുമൊന്നുമില്ല, അത്‌ ദേശീയ പത്രം, ഇതാണ്‌ വക്കീലിന്റെ ലൈന്‍. വിഎസിന്റെ കടുത്ത ആരാധകന്‍, പിണറായി വിജയന്റെ കണ്‌ഠകോടാലി. ഇതൊക്കെയാണെങ്കിലും മോദിയും ഗുജറാത്ത്‌ കൂട്ടക്കൊലയുമൊക്കെ വക്കീലിന്റെ വിഷയങ്ങളേയല്ല. മോദിയെ വിമര്‍ശിക്കുന്നത്‌ ഇത്‌ വരെ കേട്ടിട്ടില്ല. സിപിഐക്കാരനായ വക്കീല്‍ കഴിഞ്ഞ വിജയദശമി ദിനത്തില്‍ കെ സുരേന്ദ്രന്‌ രാഖി കെട്ടിക്കൊടുത്ത്‌ ആര്‍എസ്‌എസ്‌ പരിപാടിയില്‍ അധ്യക്ഷത വഹിക്കുന്ന ചിത്രങ്ങള്‍ ഫേസ്‌ബുക്കിലെ പിള്ളേര്‌ ആഘോഷിച്ചു. ഇതോടെ, വക്കീല്‍ ഏതാ ഇനം എന്ന്‌ എല്ലാവര്‍ക്കും മനസിലായി. പോയ വര്‍ഷം വിവാഹം കൂടി കഴിഞ്ഞതോടെ മാര്‍ക്കറ്റ്‌ ചെറിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്‌. കുടുംബസ്ഥനായതോടെ സമയം കിട്ടാത്തതുമാവാം. 


എന്‍എം പിയേഴ്‌സണ്‍, കെ. എം ഷാജഹാന്‍, കെ.സി ഉമേഷ്‌ ബാബു സിആര്‍ നീലകണ്‌ഠന്‍, ഡോ. ആസാദ്‌, കെ.ആര്‍ ഹരിഹരന്‍ എന്നിവരാണ്‌ മറ്റ്‌ രാഷ്ട്രീയ നിരീക്ഷകര്‍. ഇതില്‍ ചിലര്‍ ആര്‍എംപിയിലും സിആര്‍ നീലകണ്‌ഠന്‍ ആം ആദ്‌മി പാര്‍ട്ടിയിലും ചേര്‍ന്നിട്ടും ചില ചാനലുകള്‍ക്ക്‌ ഇവരിപ്പോഴും രാഷ്ട്രീയ നിരീക്ഷകരാണ്‌. എന്‍എം പിയേഴ്‌സണാകട്ടെ, പറവൂരില്‍ പാര്‍ട്ടി വിഭാഗീയതയെത്തുടര്‍ന്ന്‌ പുറത്തു പോകേണ്ടി വന്ന സഖാവ്‌ മാധവന്റെ മകനും. പറവൂരില്‍ ഒരു ട്യൂട്ടോറിയല്‍ കോളജ്‌ നടത്തുന്ന പിയേഴ്‌സന്റെ സിപിഎം വിമര്‍ശനാവാനുള്ള യോഗ്യത പാര്‍ട്ടി വിട്ടു എന്നത്‌ മാത്രമാണ്‌. കെ.സി ഉമേഷ്‌ ബാബുവിന്റെ കാര്യവും തഥൈവ. പുരോഗനമ കലാ സാഹിത്യ സംഘം വഴി പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഇദ്ദേഹത്തിനും പാര്‍ട്ടി വിട്ടു എന്നതു കൊണ്ട്‌ മാത്രമാണ്‌ ഇടം ലഭിക്കുന്നത്‌. ഇനി കെ.എം ഷാജഹാന്റെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. പ്രതിപക്ഷ നേതാവായിരിക്കെ, വിഎസ്‌ അച്യുതാനന്ദന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്നു ഷാജഹാന്‍. വിഎസിന്‌ വേണ്ടി മാധ്യമങ്ങള്‍ക്ക്‌്‌ വാര്‍ത്ത ചോര്‍ത്തി നല്‍കലായിരുന്നു മുഖ്യപണി. അതിന്റെ പേരില്‍ പുറത്തായി. സിപിഎമ്മിനെ വിമര്‍ശിക്കാന്‍ അത്‌ തന്നെ ധാരാളം യോഗ്യത. 


എന്നാല്‍, കോണ്‍ഗ്രസില്‍ നിന്ന്‌ പുറത്ത്‌ പോയവരാണോ കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്നത്‌? അല്ലേയല്ല. അതിന്‌ മാധ്യമപ്രവര്‍ത്തകരുണ്ട്‌. ഏത്‌ മാധ്യമത്തില്‍, ഏത്‌്‌ കാലത്ത്‌ ജോലി ചെയ്‌തു എന്നൊന്നും ചോദിക്കരുത്‌. സണ്ണിക്കുട്ടി എബ്രഹാം, ജേക്കബ്‌ ജോര്‍ജ്‌, പിപി ജെയിംസ്‌ എന്നിവരാണ്‌ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ വിദഗ്‌ധരായി എത്താറുള്ളത്‌ .തിരുവനന്തപുരത്ത്‌ ഇന്റേണ്‍ഷിപ്പ്‌ ചെയ്യുന്ന മാധ്യമവിദ്യാര്‍ത്ഥികള്‍ക്ക്‌ പോലുമറിയാവുന്ന കാര്യങ്ങള്‍ വിളിച്ചു പറയുന്നതാണ്‌ ഇവരുടെ കോണ്‍ഗ്രസ്‌ വൈദഗ്‌ധ്യം. ഇവരില്‍ സണ്ണിക്കുട്ടിയും ജേക്കബ്‌ ജോര്‍ജും സംസാരത്തിലും ഭാഷയിലും മിതത്വം പുലര്‍ത്തുന്നു. പിപി ജെയിംസ്‌ ഭാഷയില്‍ താന്‍ ഉമ്മന്‍ചാണ്ടി ഭക്തനാണെന്നാവര്‍ത്തിക്കുന്നു. 

കേരള രാഷ്ട്രീയത്തെ ആഴത്തില്‍ വിശകലനം ചെയ്യുന്ന എത്ര മാധ്യമപ്രവര്‍ത്തകരുണ്ട്‌? പഴയ തലമുറയില്‍ ബിആര്‍പി ഭാസ്‌കര്‍, പി രാജന്‍, കെ.എം റോയി എന്നിവരുണ്ട്‌. കെ.എം റോയി, ബിആര്‍പി എന്നിവര്‍ പ്രായാധിക്യം മൂലം അത്ര സജീവമല്ല. പി രാജനാകട്ടെ തന്റെ രാഷ്ട്രീയ-സാമൂഹിക പക്ഷപാതിത്തങ്ങളാല്‍ പലപ്പോഴും പരാജയവുമാണ്‌. 


ഇത്‌ രാഷ്ട്രീയത്തിന്റെ അവസ്ഥ. സാമ്പത്തിക രംഗം പരിശോധിച്ചാല്‍, എത്ര വിദഗ്‌ധരുണ്ട്‌? തോമസ്‌ ഐസകിനോട്‌ എതിരിട്ട്‌ നില്‍ക്കാന്‍ കഴിയുന്ന ഒരു ഉദാരീകരണവാദി? ഇല്ല. തോമസ്‌ ഐസക്‌ പറയുന്നത്‌ പരോക്ഷമായി കമ്യൂണിസ്‌റ്റ്‌ വിരുദ്ധതയാണെന്ന്‌ തെളിയിക്കാന്‍ കഴിയുന്ന ഒരു തീവ്ര ഇടതുവാദിയായ സാമ്പത്തിക വിദഗ്‌ധന്‍, ഇവരെയൊന്നും ചാനലുകളില്‍ മഷിയിട്ട്‌ നോക്കിയാല്‍ കാണില്ല. ഒരേ വിഷയത്തിന്റെ പല അറ്റങ്ങള്‍ ചേര്‍ത്ത്‌ വായിക്കുമ്പോഴല്ലേ പ്രേക്ഷകര്‍ക്ക്‌ കൃത്യമായ നിലപാട്‌ സ്വീകരിക്കാന്‍ കഴിയുക?


അവസാനമായി, വിദഗ്‌ധര്‍ക്കിടയിലെ സ്‌ത്രീകളുടെ അഭാവം. രാഷ്ട്രീയക്കാര്‍ക്കിടയിലും വ്യത്യസ്‌ത വിഷയങ്ങളിലെ വിദഗ്‌ധര്‍ക്കിടയിലും സ്‌ത്രീകളുടെ അഭാവം ശ്രദ്ധേയമാണ്‌. വൃത്തിയായി രാഷ്ട്രീയം പറഞ്ഞിരിക്കാന്‍ കഴിയുന്ന എത്ര സ്‌ത്രീകളുണ്ട്‌ രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍? സ്‌ത്രീകളുടെ അഭാവം ഏറ്റവും ശ്രദ്ധേയമാവുന്നത്‌ സിപിഎമ്മിലാണ്‌. സാമ്പത്തിക രംഗത്ത്‌ ഒരു മേരി ജോര്‍ജിനെ ഇടക്ക്‌ കണ്ടിരുന്നു. ഇപ്പോള്‍ ആയമ്മയെ കാണുന്നില്ല. 

അതെ, മലയാളി സമൂഹത്തിന്റെ ഒരു ക്രോസ്‌ സെക്ഷനാണ്‌ മലയാളം ചാനലുകള്‍. മലയാളികളുടെ മുഖ്യധാര മുഴുവന്‍ വ്യാജന്മാരാണ്‌. യഥാര്‍ത്ഥ അറിവുള്ളവര്‍, യഥാര്‍ത്ഥ പണ്ഡിതര്‍, യഥാര്‍ത്ഥ പ്രതിഭകള്‍ അവരൊന്നും പുറത്ത്‌ വരാറില്ല. അല്ലെങ്കില്‍ അവരെ ആരും കണ്ടെത്താറുമില്ല. പിന്നെ, സ്‌ത്രീയുടെ ഇടം. അത്‌ മലയാളി സമൂഹത്തിലെത്രയുണ്ടോ അത്രയും പോലും ചാനലുകളില്ല എന്നേയുള്ളൂ. നരസിംഹത്തിലെ മോഹന്‍ലാലിനെ പോലെ , നാസിക വിടര്‍ത്തി അട്ടഹസിച്ച്‌, കോട്ടും ടൈയും റോസ്‌ പൗഡറുമായി അലറിവിളിക്കുന്ന കുറെ സര്‍വജ്ഞപീഠിതരും കോമാളികളും ചേര്‍ന്ന ഒരു സര്‍ക്കസ്‌ മാത്രമാണ്‌ ഈ ചാനല്‍ ചര്‍ച്ചകള്‍.

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments