DustbinMedia

ഇന്ന് വധശിക്ഷാ വിരുദ്ധ ഹര്‍ത്താല്‍ നവംബര്‍ 11 പൊതു ഒഴിവ് ദിനമാക്കണമെന്ന് ആവശ്യം

ശിക്ഷ എന്ന സങ്കല്‍പത്തെ വേണമെങ്കില്‍ കേവലം ഒരു സമൂഹം അതിന്‍്റെ നിയമങ്ങള്‍/സദാചാരങ്ങള്‍ അനുസരിക്കാന്‍ വിസമ്മതിക്കുന്ന വ്യക്തിയെ തിരുത്താനുള്ള നടപടിയായി കാണാം. എന്നാല്‍ അതിനും മേലെയാണ് പൗരനു മേല്‍ ഏല്‍പ്പിക്കുന്ന വധശിക്ഷ. അവിടെ അധീശത്വ ഘടനക്ക് പൗരന്‍്റെ മേലുള്ള പരമാധികാരം ഉറപ്പിക്കപ്പെടുന്നു.

വധശിക്ഷക്കെതിരെ ഇന്ന് ( നവംബര്‍ 11) കേരളത്തില്‍ ജനാധിപത്യ ഹര്‍ത്താല്‍ നടക്കും. 15 പൗരപ്രമുഖരുടെ പിന്തുണയോടെ വധശിക്ഷാ വിരുദ്ധ കൂട്ടായ്മയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വധശിക്ഷ നിര്‍ത്തലാക്കണമെന്ന നിലപാടിന്‍െറ ഭാഗമായി നവംബര്‍ 11 ന് പൊതു അവധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവിതാംകൂറില്‍ വധശിക്ഷ നിരോധിച്ച 1944 നവംബര്‍ 11ലെ വിളംബരത്തിന്‍െറ ചരിത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞ് വധശിക്ഷക്കെതിരെ നിലപാടെടുക്കാന്‍ മുഴുവന്‍ കേരളീയരും മുന്നോട്ട് വരണമെന്ന് സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. സി. രാധാകൃഷ്ണന്‍, ഡോ. ജെ. ദേവിക, കെ. വേണു, ഡോ. എ.കെ. ജയശ്രീ, കെ.കെ. കൊച്ച്, സിവിക് ചന്ദ്രന്‍, പ്രൊഫ. എം. മുഹമ്മദ്, കല്‍പ്പറ്റ നാരായണന്‍, ഡോ. കെ. രവിരാമന്‍, എം.എം. സോമശേഖരന്‍, ഡോ. മുകുന്ദനുണ്ണി, എന്‍. ശശിധരന്‍, ഡോ. ഇ.പി. മോഹനന്‍ (ഐഎംഎ), ഡോ. കെ.കെ. രാജാറാം (കെ.ജി.എം.ഒ.എ), ഡോ. സി.എസ്. വെങ്കിടേശ്വരന്‍ എന്നിവരുടെ പിന്തുണയോടെയാണ് സമിതി പ്രവര്‍ത്തിക്കുന്നത്. 

 
 
 
 
 
വധശിക്ഷ: ശരീരത്തിന്മേലുള്ള പരമാധികാരം
 
ഒരു തൂക്കികൊലയുടെ കാഴ്ചയെ തികച്ചും നിര്‍മാമായി ചിത്രീകരിക്കുന്ന ഒരു കഥ, "എ ഹാങ്ങിംഗ്" എന്ന പേരില്‍ ജോര്‍ജ് ഓര്‍വെല്‍ എഴുതിയിട്ടുണ്ട്. കഥാകൃത്ത് തികച്ചും നിസ്സംഗമായി ഒരു വധശിക്ഷ നടപ്പാക്കുന്നതിന് സാക്ഷിയാകുന്നതാണ് പ്രമേയം. കഥ നടക്കുന്നത് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബര്‍മ്മയിലാണ്. തികച്ചും നിസംഗമായ ഈ രചനാ ശൈലിക്ക് ഒരു പക്ഷെ ഒരു പശ്ചാത്തലമുണ്ട്. ബ്രിട്ടീഷ് പോലീസിലെ ഒരു കോണ്‍സ്റ്റബിള്‍ ആയി ബര്‍മയില്‍ പ്രവൃത്തി എടുത്തിട്ടുള്ള ആളാണ് ഓര്‍വെല്‍. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പലപ്പോഴും നിസംഗനായ ഒരു സാക്ഷിയായി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവനാണ്. ഒരു പക്ഷെ താന്‍ നേരിട്ട് കണ്ടിട്ടുള്ള ഒരു കാഴ്ച്ചയെ നിസംഗമായി ആവിഷ്കരിക്കുകയാണ് ഓര്‍വെല്‍ ചെയ്തത്. അപ്പോള്‍ പോലും തന്‍്റെ മുന്നില്‍ നടക്കുന്ന കാഴ്ച്ചയുടെ പ്രകൃതിനിഷേധത്തെ കുറിച്ച് ആഖ്യാതാവ് ബോധവാനാണ്. ആ നിമിഷം വരെ ജീവനോടെ നിലനിന്ന ഒരു ശരീരത്തെ ഇല്ലാതാക്കുക.   
വധശിക്ഷയില്‍ അന്തര്‍ഭവിച്ചിരിക്കുന്ന സുപ്രധാനമായ ഒരു ഘടകം ഒരു ദേശത്തിലെ പൗരന് മേലുള്ള അധീശത്വ സംവിധാനത്തിന്‍്റെ പരമാധികാരമാണ്. ശിക്ഷ എന്ന സങ്കല്‍പത്തെ വേണമെങ്കില്‍ കേവലം ഒരു സമൂഹം അതിന്‍്റെ  നിയമങ്ങള്‍/സദാചാരങ്ങള്‍ അനുസരിക്കാന്‍ വിസമ്മതിക്കുന്ന വ്യക്തിയെ തിരുത്താനുള്ള നടപടിയായി കാണാം. എന്നാല്‍ അതിനും മേലെയാണ് പൗരനു മേല്‍ ഏല്‍പ്പിക്കുന്ന വധശിക്ഷ. അവിടെ അധീശത്വ ഘടനക്ക് പൗരന്‍്റെ മേലുള്ള പരമാധികാരം ഉറപ്പിക്കപ്പെടുന്നു. 
ഈ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ ഒരു നിയമസംവിധാനത്തില്‍ വധശിക്ഷ ഇടം പിടിക്കുന്നു എന്ന വസ്തുതയ്ക്ക് തന്നെ ആശയപരമായ ശക്തിയുണ്ട്. പലപ്പോഴും വധശിക്ഷയെ ന്യായീകരിക്കുന്നവര്‍ പറയാറുണ്ട്, അത്യപൂര്‍വമായ ഘട്ടങ്ങളില്‍ അത് പ്രയോഗിക്കുന്നതില്‍ തെറ്റില്ല എന്ന്. അതായത് അത്യപൂര്‍വമായ അവസരങ്ങളില്‍ മാത്രം ഉപയോഗിക്കുക എന്ന ഉപാധിയിന്മേല്‍ വധശിക്ഷാ നിയമം നിലനില്‍ക്കുന്നതില്‍ തെറ്റില്ല എന്ന് ന്യായം.  ഈ വീക്ഷണം കണക്കിലെടുക്കാത്തത് പൗരനു മേലുള്ള പരമാധികാരം എന്ന രാഷ്ര്ടത്തിന്‍്റെ നീതിയെ ആണ്. ഒരു രാഷ്ര്ടത്തിലെ പൗരന്മാര്‍ക്ക് മേല്‍/ അവരുടെ ശരീരങ്ങള്‍ക്ക്  മേല്‍ പരമാധികാരം ഉറപ്പിക്കുന്ന ഒരു നിയമസംവിധാനത്തെ പുരോഗമനപരമായി കാണാനാവുമോ.
അതുകൊണ്ട് തന്നെ പൗരനു മേലുള്ള തങ്ങളുടെ അധികാരത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുന്ന ഏതു ഭരണകൂടവും വധശിക്ഷ എന്ന പ്രയോഗത്തെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. 1944ല്‍ വധശിക്ഷ നിരോധിച്ചതിലൂടെ തിരുവിതാംകൂറും ഇത്തരമൊരു ശ്രമമാണ് നടത്തിയത്. ഇതാകട്ടെ സവിശേഷമായ ഒരു ആധുനീകതയിലേക്കുള്ള ആ രാജ്യത്തിന്‍്റെ പ്രവേശനമായിക്കൂടി മനസ്സിലാക്കാം. ഒരു ആധുനിക ഭരണകൂടം പൗരനു മേലുള്ള പരമാധികാരത്തെ ഇല്ലാതാക്കണം എന്ന കാഴ്ചപ്പാട് ഇവിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
തിരുവിതാംകൂറില്‍ രാജഭരണം ആയിരുന്നു എന്നതുകൊണ്ട് ഈ നടപടിയുടെ പ്രാധാന്യത്തെ ലഘൂകരിച്ചു കാണേണ്ടതില്ല. രാജഭരണത്തിനെതിരെ ജനാധിപത്യ വ്യവസ്ഥ രൂപീകരിക്കുക എന്ന ആധുനികബോധവും ഇച്ഛയും തികച്ചും ഭിന്നമായ ഒരു പ്രക്രിയ ആണ്. അധികാരം കയ്യാളുക എന്ന ജനങ്ങളുടെ അവകാശത്തിന്‍്റെ തലത്തില്‍ നിന്ന് കൊണ്ട് രാജഭരണത്തെ എതിര്‍ക്കുമ്പോള്‍ തന്നെ ആ ഇഛയുടെ പൂര്‍ത്തീകരണത്തെ സഹായിക്കുന്ന ഒരു നടപടിയായി വധശിക്ഷാ നിരോധത്തെയും കാണാം. ആധുനീക ജനാധിപത്യ ഭരണകൂടങ്ങള്‍, ഭൂപരിഷ്കരണം, സംവരണം തുടങ്ങിയ നടപടികളിലൂടെ ജനാധിപത്യത്തെ വിപുലമാകുന്ന പ്രക്രിയയ്ക്ക് സമാനമാണ് ഇത്.
ഒരു സ്വതന്ത്ര പരമാധികാര രാഷ്ര്ടം എന്ന പദ്ധതി ഉപേക്ഷിച്ച്, തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ അത് ആധുനീക ജനാധിപത്യ രാഷ്ര്ടമായെങ്കിലും വധശിക്ഷാ നിരോധനത്തിലൂടെ ഉപേക്ഷിച്ച ഭരണകൂട പരമാധികാരത്തെ തിരിക കൊണ്ടുവരാന്‍ നിര്ബന്ധിതമായി. അതുകൊണ്ടാണ് ഇന്ത്യയില്‍ അത് നിരോധിക്കണം എന്ന ആവശ്യം ഒരു സവിശേഷമായ ജനാധിപത്യ അവകാശത്തിന്‍്റെ ഭാഗമായി മാറുന്നത്. പൗരശരീരത്തിന് മേലുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്‍്റെ പരമാധികാര ചിഹ്നമായി അത് നില കൊള്ളുന്നു.   
  ബ്രിട്ടീഷ് നിയമ വ്യവസ്ഥ പിന്‍പറ്റിയ ഇന്ത്യന്‍ ദേശ രാഷ്ര്ടവും അതുവഴി വേണമെങ്കില്‍ ഒരു കൊളോണിയല്‍ നിയമവ്യവസ്ഥ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വധശിക്ഷ പിന്തുടരുന്നു. ജോര്‍ജ് ഓര്‍വെല്‍ ഒരു സ്വേച്ചാധിപത്യവ്യവസ്ഥയുടെ വിമര്‍ശകനായാണ് അറിയപ്പെടുന്നതെങ്കിലും, ഓര്‍വെല്‍ രചനകളില്‍ ആധുനിക മുതലാളിത്ത വ്യവസ്ഥയില്‍ നിഷ്ടൂരമായ അച്ചടക്കത്തിനും ക്രമീകരണത്തിനും വിധേയനാകേണ്ടിവരുന്ന പൗരനെ കുറിച്ചുള്ള ചിത്രമുണ്ട്. തൂക്കികൊലയെ കുറിച്ചുള്ള അദ്ദേഹത്തിന്‍്റെ കഥയെ ഒരര്‍ത്ഥത്തില്‍ കൊളോണിയല്‍ രാഷ്ര്ടങ്ങളില്‍ വ്യാപകമാക്കപെട്ട ഒരു ശിക്ഷാസംവിധാനത്തെ കുറിച്ചുള്ള വിമര്‍ശനമായും വായിക്കാം. 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments