DustbinMedia

ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം ഉണര്‍ത്തുന്ന പ്രതീക്ഷകള്‍ - ഡോ. മാത്യൂ ജോസഫ് സി. എഴുതുന്നു

ഇന്ത്യന്‍ രാഷ്ട്രീയത്തെ· ദീര്‍ഘകാലത്തേക്ക്  സ്വാധീനിക്കാന്‍ പോന്നതാണ് 2015 ലെ  ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം. ഒരു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്് എന്നതിനപ്പുറം സമകാലിക ഇന്ത്യയിലെ മുഖ്യ രാഷട്രീയ വൈരുധ്യമായ ഹിന്ദുത്വ ശക്തികളുടെ മുന്നേറ്ററ്വും അതിനെതിരായ മതനിരപേക്ഷ  ജനാധിപത്യ ശക്തികളുടെ ചെറുത്തുനില്‍പ്പും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായിരുന്നു ഇക്കഴിഞ്ഞ ബീഹാര്‍  തെരഞ്ഞെടുപ്പ്.
കേവലം 31  ശതമാനം വോട്ടുകളുടെ പിന്‍ബലത്തിലാണ് 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തനിച്ചു ഭൂരിപക്ഷം കരസ്ഥമാക്കിയത്. രണ്ടാം യുപിഎ സര്‍ക്കാരിന്‍്റെ കെടുകാര്യസ്ഥതയും അതിനോട് അരാഷ്ര്ടീയബോധം മുഖമുദ്രയാക്കിയ ഇന്ത്യന്‍ മധ്യവര്‍ഗത്തിനുണ്ടായ അമര്‍ഷവുമായിരുന്നു ബിജെപിക്ക് തനിച്ചു ഭരിക്കാന്‍ ഭൂരിപക്ഷം നേടികൊടുത്തത്. പലരും കരുതുന്നതുപോലെ നരേന്ദ്രമോദിയുടെ നേതൃത്വത്തിനും വികസന  മുദ്രാവാക്യത്തിനും ലഭിച്ച പോസിറ്റീവ് വോട്ടായിരുന്നില്ല 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിനാധാരം. മറിച്ച് യുപിഎക്ക്  എതിരായ നെഗറ്റിവ് വോട്ടായിരുന്നു.
ഈ സുപ്രധാന രാഷ്ര്ടീയ വസ്തുത തിരിച്ചറിയാതെ തങ്ങളുടെ സാംസ്കാരിക രാഷ്ര്ടീയ അജണ്ട നടപ്പിലാക്കാനുള്ള കനകാവസരമായാണ് ബിജെപിയും മാതൃ സംഘടനയായ ആര്‍ എസ് എസ്സും ഈ സന്ദര്‍ഭത്തെ·കണ്ടതും ഉപയോഗിക്കുന്നതും. സഹസ്ര ഫണങ്ങളുമുളള പരിവാരസാമ്രാജ്യം കുടം തുറന്നു വിട്ട വിദ്വേഷ്യ ഭൂതങ്ങള്‍ മതന്യൂനപക്ഷങ്ങളേയും ദളിതുകളേയും ഉദാരവാദികളും പുരോഗമനവാദികളുമായ ഹിന്ദുക്കളെയും ആക്രമണത്തിനു വിധേയരാക്കാന്‍ പോന്ന ആശയ/ ഭൗതിക പരിസരം സൃഷ്ടിച്ചെടുത്തു. ആവിഷ്കാര സ്വാതന്ത്യവും പൗരജനങ്ങളുടെ ഭരണഘടനാനുസൃതമായ സ്വതന്ത്രജീവിതവും അസാധ്യമാക്കുന്ന സാഹചര്യങ്ങള്‍ പൊടുന്നനെ സൃഷ്ടിക്കപ്പെട്ടു.  ഭീതിജനകവും അസഹിഷ്ണുതാഭരിതവുമായ ഈ ചരിത്ര സന്ദര്‍ഭങ്ങളോടുള്ള പ്രതികരണമായി എഴുത്തുകാരും കലാകാരന്മാരും ചലച്ചിത്ര പ്രവര്‍ത്തകരും തങ്ങള്‍ക്ക്  സര്‍ക്കാര്‍ നിയന്ത്രിത അക്കാദമികളില്‍ നിന്നും ഇതര സാംസ്കാരിക സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച പുരസ്കാരങ്ങള്‍  മടക്കി കൊടുക്കാന്‍ ആരംഭിച്ചു. ബ്രിട്ടീഷ് ഭരണത്തോട് പ്രതിഷേധം രേഖപ്പെടുത്താന്‍ മഹാകവി രവീന്ദ്രനാഥ ടാഗോറിനെപ്പോലുള്ളവര്‍ സ്വീകരിച്ച ഈ സമരമാര്‍ഗം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കപ്പെട്ടു.
സ്ഫോടനാത്മകമായ ഈ പശ്ചാത്തലത്തിലാണ് ബീഹാര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. വേറെവേറെയായി മത്സരിച്ചതിന്‍്റെ ഫലമായി 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട ജനസ്വാധീനം വീണ്ടെടുക്കുന്നതിന് മുഖ്യമന്ത്രിയായ നിതീഷ്കുമാറിന്‍്റെ ജെഡിയുവിനും ലാലുപ്രസാദ് യാദവിന്‍്റെ ആര്‍ജെഡിക്കും പരസ്പരം യോജിച്ചു ഐക്യമുന്നണിയായി പ്രവത്തിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. ഈ ഐക്യമുന്നണിയുടെ ഘടകമാകാന്‍ കോണ്‍ഗ്രസ്സ് കൂടി തീരുമാനിച്ചപ്പോള്‍ വികസനവും ജനാധിപത്യവും സാമൂഹ്യനീതിയും മതനിരപേക്ഷതയും മുദ്രാവാക്യങ്ങളാക്കാന്‍ ശേഷിയുള്ള ഒരു മഹാസഖ്യം പിറവിയെടുത്തു.
തെരഞ്ഞെടുപ്പ് ഗണിതത്തത്തിന്‍്റെ സാമാന്യനിയമങ്ങളനുസരിച്ച് അധൃഷ്യമായ ഈ മുന്നണിയെ പണവും ഭരണസ്വാധീനവും വര്‍ഗീയതയും കൊണ്ട് എതിര്‍ക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിയെ തുനിഞ്ഞിറങ്ങിയത്. ഇതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരിസ്മ കൂടിയാകുമ്പോള്‍ വിജയം അനായാസമാകുമെന്ന് അവര്‍ കണക്കുകൂട്ടി. ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കൂടി അവതരിപ്പിക്കാന്‍ കൂട്ടാക്കാതെ അഹന്തയും അസഹിഷ്ണുതയും മൂലധനമാക്കി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ എന്‍ഡിഎക്ക് മഹാസഖ്യത്തോടേറ്റുമുട്ടി ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച പിന്‍തുണ എന്‍ഡിഎക്ക് നിലനിര്‍ത്താനായില്ല എന്നു മാത്രമല്ല സ്വന്തം സംഘടനാ സംവിധാനവും സ്വാധീനവലയവും ചീട്ടുകൊട്ടാരമാണെന്ന് വൈമനസ്യത്തോടെയെങ്കിലും അംഗീകരിക്കേണ്ടിയും വന്നു.
ബീഹാറില്‍ മഹാസഖ്യത്തിനുണ്ടായ തിളക്കമാര്‍ന്ന തെരഞ്ഞെടുപ്പ് വിജയം ഹിന്ദുത്വ ശക്തികളുടെ മുന്നേറ്റത്തിന്‍്റെ പശ്ചാത്തലത്തില്‍ പകച്ചുനിന്ന പ്രതിപക്ഷവീര്യം വീണ്ടടുക്കുന്നതില്‍ അതീവ നിര്‍ണായകമാവും. ഇനി വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇന്ത്യയിലെ പൊതുരാഷ്ര്ടീയ കാലാവസ്ഥയിലും ഇതിന്‍്റെ പ്രതിഫലനങ്ങളുണ്ടാകും. നരേന്ദ്രമോദിക്കു  ബദലായി നിതീഷ്കുമാര്‍-ലാലുപ്രസാദ് യാദവ് എന്ന നേതൃത്വത്തിന്‍്റെ താരോദയമാണ് മഹാസഖ്യത്തിന്‍്റെ തെരഞ്ഞെടുപ്പ് വിജയം മുന്നോട്ടുവയ്ക്കുന്ന ശ്രദ്ധേയമായ സംഗതി. ഈ നേതൃത്വത്തിനും മഹാസഖ്യം പ്രതിനിധീകരിക്കുന്ന വികസനം, ജനാധിപത്യം, സാമൂഹ്യനീതി, മതനിരപേക്ഷത എന്നീ ആശയങ്ങള്‍ക്കും കേന്ദ്രസ്ഥാനമുള്ള ഒരു അഖിലേന്ത്യാ രാഷ്ര്ടീയ മുന്നണി രൂപീകരിക്കപ്പെടാനുള്ള സാധ്യതകള്‍  ഏറെയാണ്. കോണ്‍ഗ്രസും ഇടതുകക്ഷികളും കൂടി ചേരുമ്പോള്‍ ആ മുന്നണിക്ക് ബിജെപി നേതൃത്തിലുള്ള എന്‍ഡിഎക്ക് ശക്തമായ ബദലാകാന്‍ കഴിയും.

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments