DustbinMedia

(ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പഠിപ്പിക്കാത്ത) ഇന്ത്യന്‍ സിനിമയിലെ ഇടതുപക്ഷ ചരിത്രം

ഇന്ത്യയില്‍ ഇന്ന് ഭീഷണമായി വളര്ന്നുപ കൊണ്ടിരിക്കുന്നു എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫാഷിസത്തെ കുറിച്ച് വാചാലരാകുന്ന ഇടതുപക്ഷക്കാരും ജനാധിപത്യവാദികളും മറന്നു പോകരുതാത്ത ഒരു ചരിത്രമാണിത്. കാരണം ലോകത്തില്‍ യുദ്ധവും സേച്വാധിപത്യങ്ങളും ശക്തമായി കൊണ്ടിരുന്ന ഒരു ഘട്ടത്തിലാണ് ഇപ്റ്റ രൂപം കൊള്ളുന്നതും ഒരു ഭിന്നലോകത്തെ കുറിച്ചുള്ള ഒരു ദര്‍ശകനം അത് മുന്നോട്ട് വക്കുന്നതും.

എം.ശങ്കര്‍

(ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന്  എം.ഫില്‍, പിഎച്ഡി ബിരുദം നേടിയിട്ടുള്ള ലേഖകന്‍ ന്യൂ ദില്ലി അംബേദ്കര്‍  സര്‍വകലാശാലയില്‍ ചലച്ചിത്രപഠനത്തില്‍ അധ്യാപകനാണ്.)

 

 

സമീപകാലത്ത് മലയാളത്തിലെ പ്രമുഖനായ ഒരു എഴുത്തുകാരന്‍ ഫാഷിസത്തിന് എതിരെ നടത്തിയ ഒരു പ്രഭാഷണത്തില്‍ തികഞ്ഞ ലളിതവല്‍ക്കരണം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരു പ്രസ്താവന നടത്തുകയുണ്ടായി. പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെടുന്നതിനു മുമ്പ് ഇന്ത്യയില്‍ നല്ല സിനിമകള്‍ ഉണ്ടായിട്ടില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍്റെ പരാമര്‍ശം. പ്രസംഗങ്ങള്‍ക്ക് അവയുടേതായ യുക്തിയുണ്ട്. കുറെ കഴിയുമ്പോള്‍ അത് പ്രാസംഗികന്‍്റെ യുക്തിയെ അതിവര്‍ത്തിച്ച് തുടങ്ങും. പ്രസംഗത്തിന്‍്റെ യുക്തിയില്‍ രൂപപ്പെടുന്ന ഒരു അതിനിരീക്ഷണം മാത്രമായി ഈ പ്രസ്താവനയെ കണ്ടാല്‍ മതി. പക്ഷെ ഈ സാമാന്യ നിരീക്ഷണത്തിന്‍്റെ ചട്ടക്കൂടിന് ഇന്ത്യന്‍ സിനിമയിലെ രണ്ടു മഹാഗുരുക്കന്മാരെ പോലും  പരിഗണിക്കാന്‍ ആകാതെ പോയി എന്നത് അക്ഷന്തവ്യമാണ്: സത്യജിത് റായിയും, ഋത്വിക് ഘട്ടക്കും. വളരെ വ്യക്തമായ, ദൂരെ നിന്ന് പോലും തിരിച്ചറിയാവുന്ന രണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടിതര പ്രതിഭകള്‍. 
തറവാട്ടില്‍ നല്ല സാമ്പത്തികചുറ്റുപാട് ഉള്ള ആളായിരുന്നു റായി. മുത്തച്ചന്‍ ഉപേന്ദ്രകിഷോര്‍ റായി  ബംഗാളി ഭാഷയിലെ മികച്ച് അച്ചടി പ്രസിദ്ധീകരണങ്ങളുടെ ആദ്യ പ്രയോക്താവ്. മുത്തച്ഛന്‍്റെ പ്രസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനോട് ചേര്‍ന്ന വീട്ടിലാണ് താന്‍ പിറന്നതെന്നു റായി തന്നെ തന്‍്റെ ബാല്യകാല സ്മരണകളില്‍ സൂചിപ്പിക്കുന്നു. അക്കാലത്തെ നവീന വിനിമയ സാങ്കേതിക വിദ്യയായ അച്ചടിയുമായുള്ള സമ്പര്‍ക്കം സത്യജിത് റായിയെ സാങ്കേതികത്വവും സൗന്ദര്യശാസ്ത്രവും തമ്മിലുള്ള ബന്ധത്തിന്‍്റെ സാധ്യതകള്‍ എത്രയെന്നു ചിന്തിക്കാന്‍ സഹായിച്ചിട്ടുണ്ടാവണം. ഒരു ബ്രിട്ടീഷ് പരസ്യക്കമ്പനിയിലെ പരിശീലനത്തിന്‍്റെ ഭാഗമായി, ലണ്ടനില്‍ ചെലവിട്ട  നാലര മാസങ്ങളില്‍, സിനിമയിലെ മാറുന്ന സൗന്ദര്യശാസ്ത്രത്തെ അടുത്തറിഞ്ഞ റായിക്ക് ഇന്ത്യയില്‍ ഒരു പുതിയ ചലച്ചിത്ര അവബോധത്തിന്‍്റെ രൂപീകരണത്തെ സാധ്യമാക്കുന്ന പ്രവര്‍ത്തനനങ്ങള്‍ക്ക്  തുടക്കമിടാനായി. പരിമിതമായ സാങ്കതേിക വിദ്യ ഉപയോഗിച്ചും, ശക്തമായ അനുഭവപരിജ്ഞാനം ഇല്ലാത്ത വിദഗ്ദന്മാരെ പങ്കെടുപ്പിച്ചും നിര്‍മ്മിക്കപ്പെട്ട പാതയുടെ സംഗീതം ഇന്ത്യന്‍ സിനിമയുടെ സൗന്ദര്യ ശിക്ഷണങ്ങളില്‍ പുതിയ അവബോധമായി. ഡി.കെ.ക്രെയ്മര്‍ എന്ന പരസ്യകമ്പനിയിലെ ജോലിക്കിടെ കിട്ടുന്ന വാരാന്ത്യങ്ങളില്‍ പണിയെടുത്തു നിര്‍മ്മി ച്ച പാഥേര്‍ പാഞ്ചാലിയുടെ നിര്‍മ്മാണ സമയത്തിന്‍്റെ നല്ല പങ്കും സാങ്കതേിക പരീക്ഷണങ്ങള്‍ക്ക് വേണ്ടിയാണ് റായിയും സുഹൃത്തുക്കളും വിനിയോഗിച്ചത്.
ഘട്ടക്കിന്‍്റെ വളര്‍ച്ച  കുറേക്കൂടി സങ്കീര്‍ണമായിരുന്നു. ഇന്ത്യന്‍ ഇടതുപക്ഷത്തിന്‍്റെ സാംസ്കാരിക ഇടപെടലിന്‍്റെ ചിഹ്നമായിരുന്ന ഇന്ത്യന്‍ ജനകീയ നാടകകലാവേദിയിലൂടെയാണ് (ഇപ്റ്റ) ഘട്ടക് വരുന്നത്. പില്‍കാലത്ത് തന്‍്റെ പ്രസിദ്ധമായ ചലച്ചിത്ര ത്രയത്തിലെ രണ്ടാമത്തെ ചിത്രമായ കോമള്‍ ഗാന്ധാറില്‍ (1960) ഈ ചരിത്രാനുഭവം അദ്ദേഹം ഓര്‍ത്തെടുക്കുന്നുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യുടെ സാംസ്കാരിക പക്ഷം എന്ന നിലയിലാണ് ഇപ്റ്റ അറിയപ്പെടുന്നതെങ്കിലും കൂടുതല്‍ വിശാലവും ജനാധിപത്യപരവും അവിഭാഗീയവും ആയ കാഴ്ചപ്പാട് അതിനുണ്ടായിരുന്നു. 1943ല്‍ ബോംബെയില്‍ ആണ് ഇപ്റ്റ രൂപം കൊള്ളുന്നത്. പ്രധാനമായും ബ്രിട്ടീഷ്  ഇന്ത്യയിലെ രണ്ടു പ്രവിശ്യകളിലാണ് ഇപ്റ്റ വേരുരപ്പിച്ചത്. കേരളത്തിലെ കെ.പി.എ.സിയുമായി ഇപ്റ്റയെ ബന്ധിപ്പിച്ചു കാണാന്‍ നമ്മള്‍ ശ്രമിക്കാറുണ്ട്. സംഘാടനത്തിലും സൗന്ദര്യ ദര്‍ശനത്തിലും ഇപ്റ്റയില്‍ നിന്ന് തീര്‍ത്തും  ഭിന്നമാണ് കെ.പി.എ.സി. അത് മറ്റൊരു വിഷയമാണ്. പഞ്ചാബ്, ബംഗാള്‍ എന്നീ പ്രവിശ്യകളില്‍ ഇപ്റ്റ ഉളവാക്കിയ ചലനം പില്‍ക്കാലത്ത് ഇന്ത്യന്‍ സിനിമ അടക്കമുള്ള സാംസ്കാരിക മേഖലയില്‍ ശക്തമായ അനുരണനങ്ങള്‍ ഉളവാക്കുന്നത് ആയിരുന്നു. 


ഇന്ത്യയുടെ രാഷ്ട്രീയ വിഭജനം മുറിവേല്‍പ്പിച്ച രണ്ടു പ്രവിശ്യകളാണ് പഞ്ചാബും ബംഗാളും. വിഭജനത്തിന്‍്റെ മുറിവ്  ഇപ്റ്റയുടെ  സംഘാടനത്തെയും, വളര്‍ച്ചയെയും, സൗന്ദര്യാവബോധത്തെയും സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇപ്റ്റയോടു അങ്ങയേറ്റം അനുഭാവം പുലര്‍ത്തിയിരുന്ന പൂര്‍ണ ചന്ദ്ര ജോഷിയുടെ നേതൃത്വത്തെ പിന്തള്ളി, ബാലചന്ദ്ര ത്രയംബക് രണദിവെ നേതൃത്വം ഏറ്റെടുക്കുകയും, പാര്‍ട്ടി  അതിസാഹസ രാഷ്ട്രീയത്തിലേക്ക് കുതിക്കുകയും ചെയ്തതോടെ ഇപ്റ്റയുടെ അടിത്തറ ഇളകാന്‍ തുടങ്ങി. ഒരു വശത്ത് ഇന്ത്യയുടെ രാഷ്ട്രീയ വിഭജനവും മറുവശത്ത് ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സംഭവിച്ച വ്യതിയാനവും അങ്ങനെ ഇന്ത്യയിലെ ശക്തമായ ഒരു സാംസ്കാരിക-രാഷ്ട്രീയപ്രസ്ഥാനത്തെ പിറകോട്ടടിച്ചു. ഈ പ്രതിസന്ധിയില്‍ പക്ഷെ അതിന്‍്റെ പ്രവര്‍ത്തകര്‍ നിരാശരാകാതെ പുതിയ പ്രവര്‍ത്തന സാധ്യതകള്‍ തേടി. ഋത്വിക് ഘട്ടകിനെ പോലെ ഒരാള്‍ തന്‍്റെ ആഴമേറിയ ചരിത്രാവബോധത്തിനുള്ളില്‍ ഒരു പുതിയ ചലച്ചിത്ര പ്രയോഗം രൂപപ്പെടുത്തുന്നത് അങ്ങനെയാണ്.
പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ആരംഭിക്കുന്ന 1961-62 കാലത്ത് റായിയുടെയും ഘട്ടക്കിന്‍്റെയും പ്രധാന ചലച്ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. പാഥെര്‍ പാഞ്ചാലി (1955)ക്കും, മേഘെ തക്കെ താര (1959) ക്കും കാണികളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യന്‍ സിനിമ അന്താരാഷ്ട്ര വേദികളില്‍ ശ്രദ്ധ അര്‍ഹിക്കുന്ന ഉല്‍പ്പന്നമായി. എന്നാല്‍ ഇവിടെയും ഇന്ത്യന്‍ സിനിമയെ കുറിച്ച് രൂപപ്പെട്ട ചരിത്രവിജ്ഞാനീയം മറ്റു ചില പ്രധാന ധാരകളുടെ പ്രസക്തിയെ മനസ്സിലാക്കുന്നതില്‍ നിന്ന് മടിച്ചു നില്‍ക്കുകയാണ് ചെയ്തത്. 

 


  വിഭജനത്തെ തുടര്‍ന്നുണ്ടായ ശൈഥില്യവും ഇടതുപക്ഷ രാഷ്ട്രീയത്തിലെ വിഭാഗീയതെയും എങ്ങിനെയാണ് ഇപ്റ്റ പോലുള്ള ഒരു പ്രസ്ഥാനത്തെ ക്ഷീണിപ്പിച്ചതെന്നും, പ്രവര്‍ത്തകര്‍ പുതിയ മേഖലകള്‍ തിരഞ്ഞതെന്നും സൂചിപ്പിച്ചല്ളോ. സത്യത്തില്‍ സിനിമയെ വളരെ പ്രധാനപെട്ട ഒരു കലാപ്രയോഗമായി കാണുന്ന സമീപനം ഇപ്റ്റയില്‍ തുടക്കം മുതല്‍ ഉണ്ടായിരുന്നു. 1944ല്‍ ബംഗാളി ഭാഷയില്‍ നിര്‍മ്മിച്ച ഉദയെര്‍ പാതേ, 1946ല്‍ ഹിന്ദുസ്ഥാനിയില്‍ നിര്‍മ്മി ക്കപ്പെട്ട നീച്ച നഗര്‍ എന്നീ രണ്ടു ചിത്രങ്ങളും ഇന്ത്യന്‍ നിയോ-റിയലിസത്തിന്‍്റെ തനിമയാര്‍ന്ന തുടക്കത്തെ കുറിക്കുന്നവയാണ്. ഇത് എടുത്തു പറയേണ്ട ഒരു വസ്തുതയാണ്. കാരണം സാമാന്യ ചലച്ചിത്ര ചരിത്രബോധം നമ്മളോട് പറയുന്നത്, 1952 ല്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിലൂടെയാണ് ഇന്ത്യന്‍ ചലച്ചിത്രകാരന്മാര്‍ നിയോ-റിയാലിസവുമായി പരിചയിക്കുന്നത് എന്നതാണ്. റായി തന്നെ കൂടുതല്‍ നിയോ-റിയലിസ്റ്റ് ചിത്രങ്ങളുമായി ഇടപഴകുന്നത് ഈ ചലച്ചി¤്രതാത്സവത്തില്‍ നിന്നാണ് എന്നൊരു വാദവുമുണ്ട്.
എന്നാല്‍ ഇപ്റ്റായുടെ ചലച്ചിത്ര രംഗത്തെ ഇടപെടല്‍ ഇന്ത്യന്‍ ചലച്ചിത്ര മേഖലയെ ആദ്യമായി സാര്‍വ്വ ദേശീയ ചലച്ചിത്ര സൗന്ദര്യശാസ്ത്രവുമായി ഐക്യപ്പെടുത്തി. ബിമല്‍ റോയ് സംവിധാനം ചെയ്ത ഉദയെര്‍ പാതെ തന്നെ വളരെ ആകര്‍ഷിച്ച ചിത്രമാണ് എന്ന് റായി രേഖപ്പെടുത്തിയിട്ടുണ്ട്. ചേതന്‍ ആനന്ദ് സംവിധാനം ചെയ്ത നീച്ചാ നഗര്‍ ആകട്ടെ, 1946ല്‍ കാന്‍ ചലച്ചിത്രമേളയില്‍ പുരസ്കാരം നേടുകയും ചെയ്തു. 1946ല്‍ തന്നെ കെ.എ.അബ്ബാസ് സംവിധാനം ചെയ്ത ധര്‍തി കെ ലാല്‍ എന്നാ ചിത്രത്തില്‍ ഡോകുമെന്‍്ററി ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതായത് ഇറ്റലിയില്‍ നിയോ റിയലിസം രൂപപ്പെടുന്ന ഏതാണ്ട് അതേ കാലയളവില്‍ തന്നെ സമാനമായ ഒരു സൗന്ദര്യദര്‍ശനം ഇന്ത്യയില്‍ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. അതിനു മാര്‍ഗം തെളിച്ചത് ഇടതുപക്ഷ സാംസ്കാരിക പ്രസ്ഥാനമായ ഇപ്റ്റയും സമാനചിന്താഗതിക്കാരും ആയിരുന്നു.      
  ഇപ്റ്റയിലൂടെ വളര്‍ന്ന ഈ മൂന്നു പ്രമുഖ സംവിധായകര്‍ പില്‍ക്കാലത്ത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ചലച്ചിത്രത്തിന്‍്റെ സുവര്‍ണ്ണ  കാലം (1947-62) രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകപങ്കു വഹിച്ചു. ബിമല്‍ റോയ് തന്‍്റെ ശക്തമായ ദൃശ്യാവബോധത്തെ സാമൂഹ്യബോധവുമായി ഇഴചേര്‍ത്തപ്പോള്‍, അബ്ബാസ് തന്‍്റെ തിരക്കഥകളിലൂടെ രാജ് കപൂറിന്‍്റെ ആദ്യകാലചിത്രങ്ങളുടെ രാഷ്ട്രീയധ്വനികളെ നിര്‍ണ്ണയിച്ചു. ചേതന്‍ ആനന്ദ് ആകട്ടെ, സഹോദരനായ ദേവ് ആനന്ദുമൊത്ത് രൂപം നല്‍കിയ നവ്കേതന്‍ എന്നാ നിര്‍മ്മാണ കമ്പനിയിലൂടെ നഗരജീവിതത്തിന്‍്റെ ഇത്തരലോകങ്ങളിലേക്ക് മിഴി തുറക്കുന്ന, തികച്ചും ഇരുണ്ട ഒരു സൗന്ദര്യ ബോധം ആവിഷ്ക്കരിച്ചു. ചുരുക്കി പറഞ്ഞാല്‍ ഇന്ത്യന്‍ സിനിമയുടെ മാറ്റത്തിന്‍്റെ ഘട്ടത്തിലും, വളര്‍ച്ചയുടെ തിരിവുകളിലും ഇപ്റ്റ എന്ന പ്രസ്ഥാനവും, അതിലൂടെ വളര്‍ന്ന ചിന്തകരും നിര്‍ണ്ണായക പ്രവൃത്തി എടുത്തിരുന്നു.


ഇന്ത്യയില്‍ ഇന്ന് ഭീഷണമായി വളര്ന്നുപ കൊണ്ടിരിക്കുന്നു എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫാഷിസത്തെ കുറിച്ച് വാചാലരാകുന്ന ഇടതുപക്ഷക്കാരും ജനാധിപത്യവാദികളും മറന്നു പോകരുതാത്ത ഒരു ചരിത്രമാണിത്. കാരണം ലോകത്തില്‍ യുദ്ധവും സേച്വാധിപത്യങ്ങളും ശക്തമായി കൊണ്ടിരുന്ന ഒരു ഘട്ടത്തിലാണ് ഇപ്റ്റ രൂപം കൊള്ളുന്നതും ഒരു ഭിന്നലോകത്തെ കുറിച്ചുള്ള ഒരു ദര്‍ശകനം അത് മുന്നോട്ട് വക്കുന്നതും. അത് കലാപ്രവര്‍ത്തനത്തെ ഒരു മുതലാളിത്തവിനിമയ വസ്തുവായി കാണാന്‍ വിസമ്മതിക്കുന്ന ഒന്നായിരുന്നു. മനുഷ്യസംസ്കാരത്തില്‍ തിരുത്തലുകള്‍ ആവശ്യപ്പെടുന്ന ഈ ഇടപെടല്‍ ചരിത്രത്തിന്‍്റെ വഴിത്തിരിവുകള്‍ ആവശ്യപ്പെടുന്ന ഏറ്റവും സാര്‍ഥികമായ ഒരു പ്രതികരണം കൂടിയായിരുന്നു. ഈ ചരിത്രം നമ്മുടെ ചലച്ചിത്ര പള്ളിക്കൂടങ്ങളില്‍ പഠിപ്പിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. മനസ്സില്ലാക്കാന്‍ കഴിഞ്ഞിടത്തോളം അവിടെ പഠിപ്പിക്കുന്നത് സിനിമയുടെ മത്സരാധിഷ്ഠിത ലോകത്തില്‍ നിന്ന് പിഴക്കാനുള്ള സാങ്കേതിക വിദ്യകളാണ്. 


നമ്മുടെ തന്നെ ചരിത്രത്തെ വിലയിരുത്താനും വിലമതിക്കാനും കഴിയാതെ പോകുന്ന ഇടങ്ങളിലാണ് ദേശീയബോധം അതിന്‍്റെ സങ്കുചിതരൂപങ്ങളില്‍ കടന്നു കയറുന്നത്. പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് മുമ്പ് നല്ല സിനിമ ഉണ്ടായിരുന്നില്ല എന്ന് ഒരു ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകന്‍ പറഞ്ഞാല്‍ അത് തികഞ്ഞ അജ്ഞത മാത്രമാണ്. അജ്ഞത നിറഞ്ഞ ബോധം അടിയുറപ്പില്ലാത്ത പ്രയോഗങ്ങളെ സൃഷ്ടിക്കുന്നു. അടിസ്ഥാനപരമായ ചോദ്യം നമ്മുടെ സ്ഥാപനങ്ങള്‍ യുധിഷ്ടിരന്‍ ഭരിക്കണോ അതോ സുയോധനന്‍ ഭരിക്കണോ എന്നതല്ല. അവിടെ പഠിപ്പിക്കുന്ന കാര്യങ്ങള്‍ കുട്ടികളെ ചരിത്രബോധവും സാംസ്കാരികബോധവും ഉള്ള മനുഷ്യര്‍ ആക്കിതീര്‍ക്കുമെന്നോ അതോ ഒരു മത്സരാധിഷ്ടിത-ചൂഷണഘടനയിലെ കേവലം ചൂതുകള്‍ മാത്രമാക്കി ഒതുക്കുന്നോ  എന്നതാണ്.

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments