DustbinMedia

ഒരിക്കലും കാണാത്ത ഒരു സ്ത്രീ അവരുടെ ഭര്‍ത്താവ്, ഇപ്പോള്‍ ആ സ്ത്രീയുടെ കൊലപാതക കേസില്‍ ഞാനും!- സുനന്ദ പുഷ്‌കര്‍ കൊലപാതകമടക്കമുള്ള വിവാദങ്ങളെക്കുറിച്ച് പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍ മനസ് തുറക്കുന്നു

ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് കോളിളക്കം സൃഷ്ടിച്ച സുനന്ദ പുഷ്‌കര്‍ കൊലപാതക കേസില്‍ സംശയത്തിന്റെ നിഴലിലായ പാക്കിസ്ഥാനി മാധ്യമ പ്രവര്‍ത്തക മനസ് തുറക്കുന്നു. തെഹല്‍ക്കയുടെ റിയാസ് വാനിക്ക് അനുവദിച്ച ഇമെയില്‍ അഭിമുഖത്തിന്റെ പരിഭാഷ ഇതാ.

നിങ്ങള്‍ പാക്കിസ്ഥാനെക്കുറിച്ച് ഒരു പുസ്തകം എഴുതുകയാണല്ലോ, മാറ്റങ്ങള്‍ കൊണ്ടുവരാനായി ഇറങ്ങി പുറപ്പെടുന്ന സാധാരണക്കാരെക്കുറിച്ചാണ് ഈ പുസ്തകമെന്നും താങ്കള്‍ പറഞ്ഞിരുന്നു, ഈ ആശയം എങ്ങനെ രൂപപ്പെട്ടു?
എന്റെ ഈ പുസ്തകത്തിന്റെ പ്രസാധകരായ ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആലെഫ് ബുക് കമ്പനിയാണ് ഈ ആശയത്തിന് പിന്നില്‍. സമാധാനത്തിനുള്ള നോബല്‍ സമ്മാനം പാക്കിസ്ഥാന്‍ ബാലികയായ മലാല യൂസഫ്‌സായി ഇന്ത്യക്കാരന്‍ കൈലാഷ് സത്യാര്‍ഥിക്കൊപ്പം കഴിഞ്ഞവര്‍ഷം പങ്കിട്ടുവല്ലോ. മലാലയുടെ ആ നേട്ടത്തിന് പിന്നാലെ സ്വന്തം രാജ്യത്ത് മാറ്റങ്ങള്‍ വരുത്താനായി പരിശ്രമിക്കുന്ന സാധാരണക്കാരെ കുറിച്ച് അറിയാനുള്ള താത്പര്യം പാക്കിസ്ഥാനി ജനതയ്ക്കിടയില്‍ വര്‍ധിച്ചിരിക്കുകയാണ്. പാക്കിസ്ഥാനെക്കുറിച്ച് പുറംലോകം സ്ഥിരം കേള്‍ക്കുന്ന കാര്യങ്ങളല്ലാതെ ഭൂരിഭാഗം ജനങ്ങള്‍ക്കും അറിവില്ലാത്ത, രാജ്യത്തിന്റെ ചില നല്ലവശങ്ങള്‍ അറിയിക്കുകയാണ് ഈ പുസ്തകം വഴി ലക്ഷ്യമിടുന്നത്. പാക്കിസ്ഥാനെക്കുറിച്ചും പാക് പൗരന്മാരെക്കുറിച്ചും പാശ്ചാത്യരടക്കമുള്ള വിദേശ രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കുന്ന ഒരു സ്ഥിരം കാഴ്ചപ്പാടുണ്ട്, അതില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് ഞാന്‍. തീവ്രവാദ മനോഭാവം വച്ചുപുലര്‍ത്തുന്ന പുരുഷന്മാരും ബുര്‍ഖ ധരിച്ച ഇരകളായി തീര്‍ന്നതിന്റെ സങ്കടവും പേറി നടക്കുന്ന സ്ത്രീകളും...ഈ ധാരണ മാറ്റണം.
 തീവ്രവാദികളുടെ കരാളഹസ്തത്തിന് കീഴില്‍ കഴിയുന്ന 19 കോടിയോളം വരുന്ന ജനങ്ങളെക്കുറിച്ചും അവരെ എതിര്‍ക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെക്കുറിച്ചുമാണ് ഇവിടെ നിന്ന് പുറത്തിറക്കുന്ന പുസ്തകങ്ങളില്‍ ഭൂരിഭാഗവും വിശദീകരിക്കുന്നത്. എന്നാല്‍ പുതിയ അറിവുകള്‍ സ്വന്തമാക്കാനായി പുസ്തകങ്ങള്‍ വായിക്കുന്നവര്‍ക്കുള്ള എന്റെ സമ്മാനമാണ് ഈ പുസ്തകം. അതില്‍ ഇതുവരെ കാണാത്തതും അറിയപ്പെടാത്തതുമായ പാക്കിസ്ഥാന്റെ നല്ലൊരു മുഖത്തെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്.

കാശ്മീരിനെക്കുറിച്ച് ഒരു പുസ്തകം എഴുതാന്‍ നിങ്ങള്‍ ഏറെ താത്പര്യപ്പെട്ടിരുന്നല്ലോ, അതിന് വേണ്ടി ലാഹോറില്‍ നിന്ന് ഇന്ത്യയിലെത്തി മുന്‍ കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ അഭിമുഖം ചെയ്തു. കാശ്മീരില്‍ ഇത്രയേറെ താത്പര്യമുണ്ടാകാന്‍ എന്താണ് കാരണം. പാക്കിസ്ഥാന്‍ പൗരന്മാര്‍ കാശ്മീരിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കാതെ ആദ്യം സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് കഴിഞ്ഞവര്‍ഷം ട്വിറ്ററില്‍ കുറിച്ച് നിങ്ങള്‍ വിവാദത്തിലുമായിരുന്നു?
കാശ്മീരിനെക്കുറിച്ചുള്ള ഒരു പുസ്തകമെന്ന എന്റെ സ്വപ്നം ഏതെങ്കിലും കാലത്ത് ഞാന്‍ സാക്ഷാത്ക്കരിക്കും. എന്റെ ലക്ഷ്യം ലളിതമാണ്. പാക്കിസ്ഥാന്‍ - ഇന്ത്യ ബന്ധത്തില്‍ കാശ്മീര്‍ ഒരു പ്രശ്‌നമാണ്. ഇത് പരിഹരിക്കാതെ ഇന്ത്യ പാക്കിസ്ഥാന്‍ ശത്രുതയില്‍ ഒരു മാറ്റവും വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ 68 വര്‍ഷത്തിനിടെ ഈ ബന്ധത്തില്‍ ഏറെ രക്തച്ചൊരിച്ചിലുണ്ടായതിനാല്‍ തന്നെ കാശ്മീര്‍ തര്‍ക്കം സമാധാനപരമായി പരിഹരിക്കേണ്ടത് അവശ്യവുമാണ്. കാശ്മീര്‍ എന്നും ഉണങ്ങാത്ത ഒരു മുറിവാണ്.
  ഞാന്‍ കാശ്മീരികളെ കാണാനും അവരുടെ കഥകള്‍ അറിയാനും ആഗ്രഹിച്ചു. ഒരു പാക്കിസ്ഥാനി എന്ന നിലയിലല്ലാതെ അവരുടെ വേദനകള്‍ മനസിലാക്കാന്‍ കഴിയുന്ന ഒരു സ്ത്രീയെന്ന നിലയിലാകും ഞാന്‍ അവരുമായി കൂടിക്കാഴ്ച നടത്തുക. കാശമീര്‍ എന്ന പ്രധാന പ്രശ്‌നം മൂലം ബുദ്ധിമുട്ടുന്ന മുസ്ലീംങ്ങളും ഹിന്ദുക്കളും സിഖുകാരുമായ എല്ലാവരുമായും സംസാരിക്കണമെന്നതാണ് എന്റെ ആശയം. മുസ്ലീംങ്ങളുടെയോ കാശ്മീരി പണ്ഡിറ്റുകളോടെയോ, പ്രശ്‌നങ്ങളില്‍ നിന്നെല്ലാം മോചനം ആഗ്രഹിക്കുന്നവരുടെയോ തീവ്രവാദമോ ഇന്ത്യന്‍ സൈന്യത്തിന്റെ ആധിക്യം മൂലമോ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കാശ്മീരികളെക്കുറിച്ചോ ഉള്ള കഥകളാകാം അത്. അതായത് എന്റെ സ്വപ്നത്തിലുള്ള ഈ പുസ്തകം എല്ലാ കാശ്മീരികളെക്കുറിച്ചുമാകാം. അല്ലാതെ മുസ്ലീംമായ ഒരു എഴുത്തുകാരി കാശ്മീരിലെ മുസ്ലീംങ്ങളെക്കുറിച്ചോ അല്ലെങ്കില്‍ ഹിന്ദുവിന്റെ കാഴ്ച്ചപ്പാടില്‍ നിന്ന് കാശ്മീരി പണ്ഡിറ്റുകളുടെ കഷ്ടപ്പാടുകളെക്കുറിച്ചോ എഴുതുന്ന ഒന്നാകില്ല ഈ പുസ്തകം. കാശ്മീരികളായ എല്ലാവരുടെയും വേദനയാണ് ഞാന്‍ പങ്കുവയ്ക്കുന്നത്.

  കാശ്മീരിന്റെ ചരിത്രവുമായി ചേര്‍ന്ന് പോകുന്ന കുടുംബ പാരമ്പര്യമുള്ള കാശ്മീരിലെ രാഷ്ട്രീയക്കാരുടെ അഭിപ്രായം എന്തെന്ന് ജനങ്ങളെ അറിയിക്കാന്‍ ആഗ്രഹിച്ചു, അതുകൊണ്ടാണ് ഒമര്‍ അബ്ദുള്ളയെ അഭിമുഖം ചെയ്തത്. എന്റെ എല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹം സത്യസന്ധമായ ഉത്തരങ്ങളാണ് നല്‍കിയത്. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പരിഹാരമുണ്ടാകുമെന്ന വിശ്വാസവും അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് കൈവന്നു.

  കാശ്മീര്‍ ദിനാഘോഷമായിരുന്ന 2014 ഫെബ്രുവരി അഞ്ചിനാണ് ഞാന്‍ വിവാദമായ ട്വീറ്റ് പോസ്റ്റ് ചെയ്തത്. കാശ്മീരിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി പാക്കിസ്ഥാനില്‍ ചിലര്‍ പ്രകടനം നടത്തി. അതേസമയം സ്വന്തം രാജ്യത്ത് താലിബാനുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഇവര്‍ പ്രതിഷേധിക്കുകയോ അഭിപ്രായം പറയുകയോ ചെയ്തിരുന്നില്ല. ഞാന്‍ ഇങ്ങനെ ട്വീറ്റ് ചെയ്തു എന്ന് കരുതി ഇന്ത്യ- പാക്കിസ്ഥാന്‍ പ്രശ്‌നത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കാശ്മീരികളുടെ കഷ്ടപ്പാട് അവഗണിക്കുകായയിരുന്നുവെന്ന് അര്‍ഥമില്ല.

കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തിന് ശേഷം താങ്കളുടെ പേര് ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. നിങ്ങള്‍ക്ക് തരൂരുമായി അവിഹിത ബന്ധമുണ്ടെന്ന് മരണത്തിന് തൊട്ടുമുമ്പ് സുനന്ദ ആരോപിച്ചിരുന്നു. ഇപ്പോള്‍ നിങ്ങള്‍ കാശ്മീരിനെക്കുറിച്ച് നടത്തുന്ന ഈ അഭിപ്രായം ഇന്ത്യക്കാര്‍ക്കിടയില്‍ നിങ്ങള്‍ക്കിപ്പോഴുള്ള പ്രതിച്ഛായ മാറ്റിമറിച്ചേക്കും?
ഇന്ത്യയിലുള്ള എന്റെ താത്പര്യം സുതാര്യമാണ്. എന്റെ ലേഖനങ്ങളിലും ട്വീറ്റുകളിലും അത് വ്യക്തമാണ്. ഇന്ത്യയോടുള്ള പ്രശ്‌നങ്ങളില്‍ കേന്ദ്രീകൃതമായ നയത്തില്‍ നിന്ന് പാക്കിസ്ഥാന്‍ ഗവണ്‍മെന്റ് മാറ്റം വരുത്തണമെന്ന രാജ്യത്തെ സാധാരണക്കാരുടെ കാഴ്ച്ചപ്പാടാണ് ഞാന്‍ വ്യക്തമാക്കുന്നത്. അയല്‍ക്കാരെ പരസ്പരം വെറുക്കുന്ന ഈ രണ്ട് രാജ്യങ്ങളിലുള്ളവര്‍ക്ക് അത് മൂന്നോ നാലോ പേരായാലും എന്റെ ട്വീറ്റുകള്‍ വഴി ആശയ വിനിമയം നടത്താന്‍ സാഹചര്യമൊരുക്കുക എന്നതാണ് പ്രധാനം. ഇത് ശരിയായ ദിശയിലുള്ള മാറ്റമാണെന്ന ശുഭപ്രതീക്ഷയാണ് എനിക്കുള്ളത്.

   ഏറെ ഉയര്‍ച്ച താഴ്ച്ചകളുള്ള ഒരു വര്‍ഷമായിരുന്നു എനിക്ക്, എടുത്തുപറഞ്ഞാല്‍ ട്വിറ്ററില്‍. സുനന്ദ പുഷ്‌കര്‍ കേസില്‍ എന്റെ പരാമര്‍ശിക്കപ്പെട്ടതോടെയാണ് ഞാന്‍ ഇന്ത്യയില്‍ കൂടുതലായി അറിയപ്പെടുന്നത്. നിര്‍ഭാഗ്യവശാലാണ് ഈ കേസിലേക്ക് ഞാന്‍ വലിച്ചിഴയ്ക്കപ്പെടുന്നത്. സംഭവം നടക്കുമ്പോള്‍ ഞാന്‍ ഇന്ത്യയില്‍പ്പോലുമുണ്ടായിരുന്നില്ല. എന്നാല്‍ നല്ലമനസുള്ള ആളുകളുടെ ഭാഗത്ത് നിന്ന് എനിക്ക് ഏറെ പിന്തുണ ലഭിച്ചു. മാധ്യമങ്ങളില്‍ എന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത് എന്നെക്കുറിച്ച് ആളുകള്‍ എന്തുധരിക്കുന്നു എന്നതിന്റെ അളവുകോലല്ല. അതിനാല്‍ തന്നെ യഥാര്‍ഥത്തില്‍ ഞാനെന്താണെന്ന് എന്റെ ലേഖനത്തിലൂടെയോ ട്വീറ്റിലൂടെയോ ടെലിവിഷന്‍ അഭിമുഖത്തിലൂടെയോ ആളുകള്‍ മനസിലാക്കുന്നതിന് ഒരു തടസവുമില്ല.

ഈ വിവാദത്തിന് ശേഷം നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടായോ. പൊടുന്നനെ നിങ്ങളുടെ പേര് പാക്കിസ്ഥാനിലും ഇന്ത്യയിലും ഏറെ സുപരിചതമായതത് വ്യക്തിപരമായും അല്ലാതെയും നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചു?
ഈ വിവാദം എന്റെ വ്യക്തിജീവിത്തിലുണ്ടാക്കിയ പ്രശ്‌നങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ വാക്കുകള്‍ പോരാതെ വരും. ഏറെ കഠിനമായിരുന്നു ഇത്. എല്ലാ വിവാദങ്ങള്‍ക്കും പ്രതികരിക്കാന്‍ പോകാതെ സംയമനം പാലിക്കുന്നത് ഏറെ കഠിനമാണ്. കുറഞ്ഞത് രണ്ട് തവണ മാത്രം സന്ദര്‍ശിച്ചിട്ടുള്ള ഒരു രാജ്യത്തില്‍ ഞാന്‍ ചര്‍ച്ചാവിഷയമാകുക. സാധാരണക്കാരിയയതിനാല്‍ തന്നെ ഇങ്ങനെ ഒരു അവസ്ഥയില്‍ കടന്ന് പോകുന്നത് നരകതുല്യമാണ്.
 അതേസമയം എന്റെ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും തീര്‍ത്തും അപരിചതരായവരില്‍ നിന്നും ലഭിച്ച പിന്തുണ വിവരിക്കാനാകാത്തതാണ്. ചിലര്‍ ഒന്നും പറഞ്ഞില്ല, പക്ഷേ അവര്‍ നമ്മെ കരുതുന്നു എന്ന് മനസിലാക്കുമ്പോഴുണ്ടാകുന്ന സന്തോഷവും ഏറെ വലുതാണ്.

  പിന്നെ ജോലിയെക്കുറിച്ച് പറയുമ്പോള്‍, ഞാനിപ്പോള്‍ ജോലി ചെയ്യുന്നില്ല. 2012 മാര്‍ച്ച് മുതല്‍ 2013 നവംബര്‍ വരെ ഡെയ്‌ലി ടൈംസില്‍ ഓപ്- എഡ് എഡിറ്ററായി പ്രവര്‍ത്തിച്ചത് മാത്രമാണ് ഞാന്‍ ചെയ്ത ഏക ഉദ്യോഗം. 2010 മുതല്‍ ഞാന്‍ എഴുതാറുണ്ടെന്നത് സത്യമാണ്, അത് ഇപ്പോഴും തുടരുന്നു. എഴുത്താണ് എന്റെ ആദ്യ പ്രണയം. എന്നെ ഏറ്റവും കൂടുതല്‍ വ്യക്തമാക്കാന്‍ കഴിയുന്ന മാധ്യമവും അതാണ്. ലാപ്‌ടോപ്പില്‍ ടൈപ്പ് ചെയ്യാന്‍ കഴിയുന്നിടത്തോളം കാലം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഞാന്‍ എഴുത്ത് തുടരുകയും ചെയ്യും. കഴിഞ്ഞവര്‍ഷത്തെ വിവാദങ്ങള്‍ എന്റെ എഴുത്തിന് കൂടുതല്‍ വീക്ഷണകോണുകള്‍ നല്‍കി. ചില കാര്യങ്ങളെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകളില്‍ സമൂലമായ മാറ്റങ്ങളും സംഭവിച്ചു.

സുനന്ദ പുഷ്‌കറുടെ കേസ് അന്വേഷണത്തെക്കുറിച്ച് പറയുമ്പോഴെല്ലാം നിങ്ങളുടെ പേര് അതില്‍ പരാമര്‍ശിക്കപ്പെടുന്നു. ഇതുമായി എങ്ങനെ പൊരുത്തപ്പെടുന്നു?
ഞാന്‍ നേരത്തേ പറഞ്ഞപോലെ നരകതുല്യമാണത്. ഞാന്‍ ഒരിക്കലും കാണാത്ത ഒരു സ്ത്രീ, രണ്ട് തവണ മാത്രം കണ്ടുമുട്ടിയ ഒരു പുരുഷന്‍, ഇപ്പോള്‍ അവരുടെ കഥയിലെ പ്രധാനഭാഗമായി ഞാന്‍. ഏറെ ദൗര്‍ഭാഗ്യകരമായ ഒരു കഥ. ഒരു കാലത്ത് പോലീസിന്റെ അന്വേഷണം അവസാനിക്കും, അപ്പോഴെങ്കിലും കുറഞ്ഞത് മാധ്യമങ്ങളെങ്കിലും എന്നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. അപരിചതര്‍ നിങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുവെന്നും നിങ്ങള്‍ എഴുതിയതോ പറഞ്ഞതോ ആയ വാക്കുകളുടെ അര്‍ഥങ്ങള്‍ ചികയുന്നു എന്നും മനസിലാക്കുന്നത് ഏറെ വിചിത്രമാണ്. കാലം കടന്ന് പോകുമ്പോള്‍ ഇതിലൊരു അവസാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ അത് ഉടനെയൊന്നുമുണ്ടാകില്ലെന്നത് മനസിലാക്കാനുള്ള യാഥാര്‍ഥ്യ ബോധം എനിക്കുണ്ട്.

വിവാദകാലത്ത് നിങ്ങള്‍ പറഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങളെന്തെങ്കിലും വേണ്ടിയിരുന്നില്ലെന്ന് തോന്നിയിരുന്നോ?
അതേ ഇതിനുത്തരം ഞാന്‍ നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്, എങ്കിലും ഒരിക്കല്‍ക്കൂടി പറയാം. വീണ്ടും ആ കാലത്തിലൂടെ കടന്ന് പോകാന്‍ കഴിയുമായിരുന്നെങ്കില്‍ ആ നശിച്ച ദിനത്തില്‍ ഞാന്‍ ടാഗ് ചെയ്യപ്പെട്ട ട്വീറ്റുകള്‍ക്കൊന്നും മറുപടി പറയുമായിരുന്നില്ല. ഞാന്‍ നിശബ്ദയായിരുന്നേനെ. ചില നുണകള്‍ നമ്മെ ലക്ഷ്യമിട്ട് പ്രചരിക്കുമ്പോള്‍ പലരും പ്രതികരിക്കുന്നത് പോലെ അത്രയും തീവ്രമായൊന്നും ഞാന്‍ പ്രതികരിച്ചിട്ടില്ലെന്നതാണ് വാസ്തവം. എന്നാല്‍ ഞാന്‍ എന്താണെന്നതില്‍ തീര്‍ത്തും വ്യത്യസ്തമായ ചില കാര്യങ്ങള്‍ ആ അവസ്ഥയില്‍ ഞാന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് എന്നെങ്കിലും ഒരു പുസ്തകം എഴുതാന്‍ താത്പര്യപ്പെടുമോ
ഒരിക്കലുമില്ല. എന്റെ മകനും അടുത്ത സുഹൃത്തുക്കളും പോലെയുള്ള ഏറെ അടുത്ത ആളുകളോട് അല്ലാതെ വേറാരുമായി പങ്കുവയ്ക്കാത്ത തീര്‍ത്തും വ്യക്തിപരമായ ചില കാര്യങ്ങളാണത്. തീര്‍ത്തും സ്വകാര്യമായ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു അല്ലെങ്കില്‍ ആണ് ആ കാര്യങ്ങളെല്ലാം. അതെല്ലാം സത്യമറിയാതെ ചെറു കഷ്ണങ്ങളാക്കി നുറുക്കി ഒരു ടാബ്ലോയിഡ് നാടകം പോലെയാക്കി മാറ്റിയത് എന്നെ ഏറെ വേദനിപ്പിച്ചു. അതില്‍ ആരുമായും പങ്കുവയ്ക്കാന്‍ ഒന്നുമില്ല...

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments