DustbinMedia

സരിത എസ് നായര്‍ വിജ്ഞാന്‍ ഭവനില്‍ വച്ച് ഉമ്മന്‍ചാണ്ടിയെ കണ്ടു - തെളിവുകളുമായി ശിവന്‍കുട്ടി എം എല്‍ എ

മുഖ്യമന്ത്രി, സരിത.എസ്സ്. നായരുമായി ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ച് കൂടിക്കാഴ്ച നടത്തിയത് 2012 ഡിസംബര്‍ 27-ാം തീയതിയാണ്. അന്നു തന്നെയാണ് ദേശീയ പ്ളാനിംഗ് കമ്മിഷന്‍ വിജ്ഞാന്‍ ഭവനില്‍ ദേശീയ വികസന സമിതി യോഗം ചേര്‍ന്നത്. 2012 ഡിസംബര്‍ 27,28,29 തീയതികളിലെ മുഖ്യമന്ത്രിയുടെ യാത്രരേഖകളും, ഡല്‍ഹി കേരളാഹൗസിലെ താമസരേഖകളും പരിശോധിച്ചാല്‍ മേല്‍ പറഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം ഡല്‍ഹിയില്‍ ഉണ്ടായിരുന്നു എന്നുളളത് വ്യക്തമാണ്.

തിരുവനന്തപുരം:  സരിത എസ് നായര്‍ 2012 ഡിസംബര്‍ 27 ാം തീയതി ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ച് ഉമ്മന്‍ ചാണ്ടിയെ കണ്ടതിന്‍െറ കൂടുതല്‍ തെളിവുകളുമായി ശിവന്‍കുട്ടി എം എല്‍ എ. ഈ വാര്‍ത്ത പുറത്തു വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി വാര്‍ത്ത നിഷേധിക്കുകയും താനന്നഎ ഡല്‍ഹിയില്‍ ഇല്ലായിരുന്നുവെന്ന് പറയുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരങ്ങളനുസരിച്ച് ഉമ്മന്‍ചാണ്ടി അന്നേ ദിവസം ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. ഇതത്തേുടര്‍ന്ന് ഉമ്മന്‍ചാണ്ടി നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും അതിനാല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ അവകാശലംഘന പ്രശ്നം ഉന്നയിക്കാന്‍ അവസരം തരണമെന്നും ആവശ്യപ്പെട്ട് എം എല്‍ എ നിയമസഭ സെക്രട്ടറിക്ക് കത്തെഴുതി. കത്തിന്‍െറ പൂര്‍ണരൂപം വായിക്കാം. 

സെക്രട്ടറി
കേരളനിയമസഭ
കേരള നിയമസഭയുടെ നടപടി ക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 154-ാം ചട്ടപ്രകാരം  കേരളാ മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടിക്കെതിരെ അവകാശലംഘന പ്രശ്നം ഉന്നയിക്കുന്നതിന് ഞാന്‍ ഇതിനാല്‍ നോട്ടീസ് നല്‍കുന്നു.

2013 ജൂണ്‍മാസം 17-ാം തീയതി മാത്യു . ടി തോമസ്,  കെ.കുഞ്ഞിരാമന്‍, വി.എസ്.സുനില്‍കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, എ.കെ ശശിന്ദ്രന്‍ എന്നീ എം.എല്‍.എ മാര്‍ കേരളനിയമസഭയില്‍ റൂള്‍ 50 പ്രകാരം നോട്ടീസ് നല്‍കിയ അടിയന്തിര പ്രമേയത്തിനുള്ള മറുപടിയായി, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അവാസ്തവവും വസ്തുതാ വിരുദ്ധവുമായ പ്രസ്താവന സഭയില്‍ നടത്തിയിരിക്കുകയാണ്.

പ്രസ്തുത മറുപടി പ്രസംഗത്തില്‍  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത് ഇങ്ങനെയാണ്. “വിജ്ഞാന്‍ ഭവനില്‍ വച്ച് സരിത എസ് നായരെ ഞാന്‍ കണ്ടുവെന്നാണ് പറയുന്നത്. ഇതു സംബന്ധിച്ച് ചില മീഡിയ, വിഷ്വല്‍സ് പുറത്തു വിട്ടു. വിജ്ഞാന്‍ ഭവനില്‍ വച്ച് കണ്ടുവെന്ന് പറയുന്ന ആ വിഷ്വല്‍ കേരള ഹൗസിലെ വിഷ്വല്‍സ് ആണ്. അതില്‍ കാണിക്കുന്ന സ്ത്രീ സരിത. എസ് നായരല്ല: കേരള ഗവണ്‍മെന്‍്റിന്‍്റെ സുപ്രീംകോടതിയിലെ അഡ്വക്കേറ്റ് ശ്രീമതി ബീനമാധവനാണ്. ഈ വിഷ്വലില്‍ സരിത. എസ് നായര്‍ മുഖ്യമന്ത്രിയെ കണ്ടു.  കഴിഞ്ഞ ഡിസംബര്‍ 27-ാം തീയതി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ദേശിയ വികസന സമിതി യോഗത്തിനുശേഷം സരിത മുഖ്യന്ത്രിയെ കണ്ടു. വി.ഐ.പികള്‍ക്കുമാത്രം പ്രവേശനമുള്ള വിജ്ഞാന്‍ ഭവനില്‍ എങ്ങനെ സരിത കടന്നു എന്ന ചോദ്യത്തോടുകൂടിയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 27-ാം തീയതി സരിത.എസ് നായരെ കണ്ടുവെന്ന് പറഞ്ഞാണ് വാര്‍ത്ത വന്നിരിക്കുന്നത്. എന്നാല്‍  ദേശീയ വികസന സമിതിയോഗം 29-ാം  തീയതിയായിരുന്നു”. എന്നും ""കേരള ഹൗസില്‍ നടന്നൊരു ചര്‍ച്ചയുടെ വിഷ്വലെടുത്ത് അതില്‍ മറ്റൊരാളുടെ ഫോട്ടോ കാണിച്ച് സരിത.എസ്സ്.നായരുമായി സംസാരിക്കുന്നുവെന്നു പറഞ്ഞ് കൊടുത്തിരിക്കുന്നത്. ഇതാണ് ഇവിടെ നടന്നിരിക്കുന്നത്.'' എന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്നു അടിയന്തിര പ്രമേയത്തിനു മറുപടിയായി സഭയില്‍ വിശദീകരിച്ചത്.

മുഖ്യമന്ത്രിയുടെ മേല്‍ പറഞ്ഞ പ്രസ്താവന തികച്ചും അസത്യവും ബോധപൂര്‍വ്വമുളള സഭയെ തെറ്റിദ്ധരിപ്പിക്കലും ആയതുകൊണ്ടു തന്നെ നിയമസഭാംഗം എന്ന നിലയില്‍ ഉളള എന്‍്റെ അവകാശങ്ങളുടെ മന:പൂര്‍വ്വമായുളള ലംഘനവുമാണ്. താഴെ പറയുന്ന വസ്തുതകള്‍ ആയതു തെളിയിക്കുന്നതിനായി ഞാന്‍ വിശദമാക്കുകയാണ്.

1.ഭാരത സര്‍ക്കാരിന്‍റെ പ്ളാനിംഗ് കമ്മിഷന്‍്റെ 57-ാം മത് ദേശീയ വികസന സമിതിയോഗം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ അധ്യക്ഷതയില്‍ ഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ ചേര്‍ന്നത്, 2012 ഡിസംബര്‍ 27-ാം തീയതിയാണ് (ആയതു തെളിയിക്കുന്ന രേഖ ഇതോടോപ്പമുണ്ട്.)

2.എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2013 ജൂണ്‍ 17-ാം തീയതി, മാത്യു.ടി.തോമസ്   എം.എല്‍.എ സഭയില്‍  അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിനുളള മറുപടിയില്‍, മേല്‍പറഞ്ഞ ദേശീയ വികസന സമിതിയോഗം ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനയില്‍ നടന്നത് 2012 ഡിസംബര്‍ 29-ാം തീയതിയായിരുന്നുവെന്നാണ് പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന തികച്ചും അവാസ്തവവും ബോധപൂര്‍വ്വമുളള സഭയെ തെറ്റിദ്ധരിപ്പിക്കലുമാണ്.

3.മുഖമന്ത്രി മേല്‍ സൂചിപ്പിച്ച അസത്യ പ്രസ്താവന നിയമസഭയില്‍ നടത്തിയതിന്‍റെ ഉദ്ദേശ്യം താനും സോളാര്‍ കേസിലെ പ്രതി സരിത.എസ്സ് നായരും ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ വച്ച് കൂടികാഴ്ച നടത്തിയിട്ടേയില്ല എന്നു സ്ഥാപിക്കാനാണ്. 

4.അതായത് മുഖ്യമന്ത്രി, സരിത.എസ്സ്. നായരുമായി ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ച് കൂടിക്കാഴ്ച നടത്തിയത് 2012 ഡിസംബര്‍ 27-ാം തീയതിയാണ്. അന്നു തന്നെയാണ് ദേശീയ പ്ളാനിംഗ് കമ്മിഷന്‍ വിജ്ഞാന്‍ ഭവനില്‍ ദേശീയ വികസന സമിതി യോഗം ചേര്‍ന്നത്. 2012 ഡിസംബര്‍ 27,28,29 തീയതികളിലെ മുഖ്യമന്ത്രിയുടെ യാത്രരേഖകളും, ഡല്‍ഹി കേരളാഹൗസിലെ താമസരേഖകളും പരിശോധിച്ചാല്‍ മേല്‍ പറഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം ഡല്‍ഹിയില്‍ ഉണ്ടായിരുന്നു എന്നുളളത് വ്യക്തമാണ്.

5.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും സരിത.എസ്സ്.നായരുടേയും കൂടിക്കാഴ്ചയുടെ വിവരം മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ വിശ്വസ്തനായ തോമസ് കുരുവിളയാണ് റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ അഭിമുഖത്തില്‍ പറഞ്ഞിട്ടുളളത്. എന്നാല്‍ 2013 ജൂണ്‍ 17-ാം തീയതി നിയമസഭയില്‍, മേല്‍ സൂചിപ്പിച്ച അടിയന്തിര പ്രമേയത്തിനുളള മറുപടിയില്‍ മുഖ്യമന്ത്രി  പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്. ""തോമസ് കുരുവിള എന്നയാള്‍ കോട്ടയം സ്വദേശിയാണ്. വളരെകാലമായി എനിക്ക് അടുപ്പമുളളയാണ്. എന്‍റെ സഹപ്രവര്‍ത്തകനാണ്. ഞാന്‍ ഡല്‍ഹിയില്‍ വരുന്ന സമയത്ത് അദ്ദേഹം വരും. സാധാരണരീതിയില്‍ എന്‍്റെ കൂടെ സ്റ്റാഫ് ഒന്നും കാണില്ല. അപ്പോള്‍ എനിക്ക് വരുന്ന കോള്‍ അറ്റന്‍ഡ് ചെയ്തെന്നിരിക്കും. എനിക്ക് ഏതെങ്കിലും കോള്‍ വിളിക്കേണ്ടിവന്നാല്‍ വിളിക്കും. ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകനാണ്.'' മുഖ്യമന്ത്രി സഭയില്‍ പറഞ്ഞ ഇക്കാര്യങ്ങള്‍ തോമസ് കുരുവിളയുമായി അദ്ദേഹത്തിനുളള ദൃഢമായ ബന്ധം തെളിയിക്കുന്നതാണ്. അതുകൊണ്ടു തന്നെ ഡല്‍ഹിയില്‍ വിജ്ഞാന്‍ ഭവനില്‍ വച്ച് 2012 ഡിസംബര്‍ 27-ാം തീയതി സരിതയും മുഖ്യമന്ത്രിയും തമ്മില്‍  കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ടര്‍ ചാനല്‍ അഭിമുഖത്തില്‍ തോമസ് കുരുവിള പറഞ്ഞത് ഏറ്റവും  വിശ്വസനീയമാണ. പ്രസ്തുത  അഭിമുഖത്തിന്‍റെ സി.ഡി ബഹു.സ്പീക്കര്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കുന്നതാണ്.

6.2012 ഡിസംബര്‍ 27-ാം തീയതി ഡല്‍ഹി വിജ്ഞാന്‍ ഭവനിലെ യോഗം കഴിഞ്ഞ് പുറത്തു വന്നപ്പോള്‍ മുഖ്യമന്ത്രി  സരിതാ നായരെ കാണുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ സംപ്രേഷണം ചെയ്തതാണ്. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യം പാടേ നിയമസഭയില്‍ നിഷേധിച്ചുകൊണ്ടു പറഞ്ഞത്, ആ വ്യക്തി  സരിത.എസ്സ്.നായര്‍ അല്ല,  സുപ്രീം കോടതിയിലെ അഭിഭാഷക ബീനാമാധവനാണ് എന്നാണ്. ഉമ്മന്‍ചാണ്ടിയുടെ                                 ഈ പ്രസ്താവന വസ്തുതാവിരുദ്ധമാണന്നു തെളിയിക്കുന്നതിനായി പ്രസ്തുത ദൃശ്യങ്ങള്‍ അടങ്ങുന്ന സി.ഡി ഇതു സംബന്ധിച്ച തെളിവെടുപ്പിന്‍റെ സന്ദര്‍ഭത്തില്‍ ഹാജരാക്കാന്‍ ഞാന്‍ തയ്യാറാണ്.

7.2012 ജനുവരി 14 ന് കടപ്ളാലമറ്റത്തെ ജലനിധിയുടെ പരിപാടിയില്‍ മുഖ്യമന്ത്രിയുടെ ഇടത്തേ ചെവിയുടെ അടുത്തു വന്ന് തന്‍റെ മുഖം ചേര്‍ത്ത് അതീവരഹസ്യമായി സരിതാ നായര്‍ അദ്ദേഹത്തോട് സംസാരിക്കുന്ന ഫോട്ടോ പരിശോധിക്കപ്പെടേണ്ടതാണ്. മുഖ്യമന്ത്രിയുമായി പ്രസ്തുത ചിത്രത്തില്‍ കാണുന്നത്ര അടുപ്പുമുളള ഈ സ്ത്രീ പിന്നീട് 2012 ഡിസംബറില്‍ ഡല്‍ഹിയിലെ കൊടും തണുപ്പില്‍ ആള്‍ത്തിരക്കില്ലാത്ത വിജ്ഞാന്‍ ഭവന്‍ പരിസരത്ത് ഉണ്ടായിട്ടും തന്നെ കാണുകയോ തന്നോട് സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നു മുഖ്യമന്ത്രി പറയുന്നത് പച്ചക്കളളമാണന്നുളളതിന് വേറെ എന്നു തെളിവാണ് വേണ്ടത്?

8.സരിത.എസ്സ്. നായരുടെ ടീം സോളാര്‍ കമ്പനിയില്‍ നിന്നും ലക്ഷക്കണക്കിനു രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അവര്‍ സംഭാവന നല്‍കിയിട്ടുളളതാണെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിട്ടുളളതാണ്. പ്രസ്തുത സംഭാവനകള്‍ പലതും സരിത നായര്‍  നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കിയതുമാണ്. 

9.പുത്തൂര്‍ മൃഗശാലയില്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ സരിത പങ്കെടുത്തിരുന്നതിന്‍റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നിട്ടുളളതാണ്. മുഖ്യമന്ത്രിയുടെ യാത്രാ/പ്രോഗ്രാം രേഖകള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാവുകയും ചെയ്യും. ഇത്രയും അടുത്തു പരിചയമുളള സരിത നായരെ ഡല്‍ഹിയില്‍ കണ്ടപ്പോള്‍ മുഖ്യമന്ത്രി തിരിച്ചറിഞ്ഞതു പോലുമില്ല എന്ന് അദ്ദേഹം നിയമസഭയില്‍ അസത്യപ്രസ്താവന നടത്തിയത് ബോധപൂര്‍വ്വമാണന്നുളളത് സുവ്യക്തമാണ്.

10.മേല്‍ സൂചിപ്പിച്ച വസ്തുതകള്‍ തെളിയിക്കുന്ന സി.ഡികള്‍, ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ പ്ളാനിംഗ് കമ്മിഷന്‍റെ ഒൗദ്യോഗിക കത്ത്, നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട അടിയന്തരപ്രമേയം, അതിന്  മുഖ്യമന്ത്രി നല്‍കിയ മറുപടി, ലഭ്യമായ മറ്റുരേഖകള്‍ എന്നിവ ഇതു സംബന്ധിച്ചുളള തെളിപ്പെടുവിന്‍റെ സമയത്ത് ഹാജരാക്കുന്നതാണ്. 

മേല്‍ വിവരിച്ച വസ്തുതകളുടെ അടിസ്ഥാനത്തില്‍ 2012 ഡിസംബര്‍ 27-ാം തീയതി നടന്ന ദേശീയ വികസന സമിതിയോഗം, 29-ാം തീയതിയാണ് നടന്നതെന്നും സോളാര്‍ കേസിലെ വിവാദ വനിത സരിതാ.എസ്സ്. നായരെ താന്‍ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ വച്ച് കണ്ടിട്ടുപോലുമില്ല എന്നും മുഖ്യമന്ത്രി 2013-ജൂണ്‍ 17-ാം തീയതി നിയമസഭയില്‍ ബോധപൂര്‍വ്വമായി അസത്യ പ്രസ്താവന നടത്തിയത് നിയമ സഭയെ തെറ്റിദ്ധിരിപ്പിക്കലും, നിയമസഭാംഗം എന്ന നിലയില്‍ ഉളള എന്‍റെ  അവകാശങ്ങളുടെ നഗ്നമായ ലംഘനവും ആയതിനാല്‍ ബഹു.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നിയമസഭാചട്ടങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച ചട്ടങ്ങളിലെ 154-ാം ചട്ട പ്രകാരം അവകാശ ലംഘനത്തിന് നടപടി കൈക്കൊളളാനും നിയമസഭാംഗമായ എന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഉളള നടപടി സ്വീകരിക്കാനും അഭ്യര്‍ത്ഥിക്കുന്നു.

വി.ശിവന്‍കുട്ടി എം.എല്‍.എ

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments