DustbinMedia

ഗുരുവായൂര്‍ പുന്നത്തൂര്‍ കോട്ടയില്‍ ആനവാല്‍ കച്ചവടം; ഒരു രോമത്തിന് വില 600!

പ്രമുഖ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ അജീബ് കോമാച്ചി ആനത്താവളത്തില്‍ എത്തി കച്ചവടത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി

കൊച്ചി : ഗുരുവായൂര്‍ അമ്പലത്തിന്റെ ആന വളര്‍ത്തു കേന്ദ്രമായ പുന്നത്തൂര്‍കോട്ടയില്‍  ആനവാല്‍ കച്ചവടം വ്യാപകം. പല ആനകള്‍ക്കും വാലില്‍ രോമം തന്നെയില്ലാത്ത അവസ്ഥയാണ്. ഒരു രോമത്തിന് 600 രൂപ വിലയിട്ടാണ് കച്ചവടം നടത്തുന്നത്. ആനപാപ്പാന്‍മാര്‍ നേരിട്ടാണ് വില്‍പന. ദേവസ്വത്തിന്റെ ആനകളെ നന്നായി പരിപാലിക്കുയും സുഖചികിത്സയും നല്‍കേണ്ടവരാണ് ഈ ക്രൂരകൃത്യം ചെയ്യുന്നത്. സന്ദര്‍ശകര്‍ക്ക് ആനകളെ കാണാനും  ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജാതിഭേദമന്യേ ഏവര്‍ക്കും ഇവിടെ സന്ദര്‍ശിക്കാനാകും. ഇത്തരത്തില്‍ സന്ദര്‍ശകരായി എത്തുന്നവര്‍ക്കാണ് ആനവാല്‍ വില്‍ക്കുന്നത്. പേടി മാറാനും കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നത് മാറ്റാനും ആനവാല്‍ മോതിരം ധരിച്ചാല്‍ മതിയെന്ന അന്ധവിശ്വാസം മുതലെടുത്താണ് കച്ചവടം.

 പ്രമുഖ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ അജീബ് കോമാച്ചി ആനത്താവളത്തില്‍ എത്തി കച്ചവടത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി . ''എന്റെ  അടുത്ത ചിത്രപ്രദര്‍ശനം മാനിഷാദ എന്ന പേരില്‍ മൃഗങ്ങളോടുള്ള മൃഗീയത മനുഷ്യര്‍ അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള സന്ദേശം നല്‍കുന്നതാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി അതിനായുള്ള യാത്രയിലാണ്. ഇതിനായി ആനകളുടെ ഫോട്ടോയെടുക്കാനാണ് ഗുരുവായൂര്‍ എത്തിയത്. ഞങ്ങളുടെ മുന്നിലായി ആന്ധ്രാക്കാരായ ചിലരാണ് ഉണ്ടായിരുന്നത്. എനിക്ക് തെലുങ്ക് ഭാഷ വശമുള്ളതു കൊണ്ട് അവരുടെ സംസാരവും ശ്രദ്ധിച്ച് നടക്കുന്നതിനിടയിലാണ് അവര്‍ അവിടെ നിന്നും ആനവാല്‍ ചോദിക്കുന്നത് കണ്ടു. ആനപാപ്പാന്‍ 600 രൂപയാണ് ആനവാലിന് ആവശ്യപ്പെട്ടത്. എന്നാല്‍ ആന്ധ്രാക്കാര്‍ 200 രൂപയില്‍ ഉറച്ചു നിന്നതോടെ കച്ചവടം നടന്നില്ല. കുറച്ചു മുന്നോട്ടു നീങ്ങിയപ്പോള്‍ മറ്റൊരു പാപ്പാന്‍ തമിഴ്‌നാട്ടുകാരായ ചിലര്‍ക്ക് ആനവാല്‍ വിറ്റ് പണം വാങ്ങുന്നതു കണ്ടു. ശ്രദ്ധിച്ചപ്പോള്‍ ആനവാല്‍ കച്ചവടം വ്യാപകമായി നടക്കുന്നതായി കണ്ടു. ആനപാപ്പാന്‍മാര്‍ ആനവാല്‍ ആവശ്യത്തിനു പറിച്ച് കൈവശം കരുതിയിട്ടുണ്ടായിരുന്നു.'' അജീബ് കോമാച്ചി പറഞ്ഞു.


 
തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്ത് കോട്ടപ്പടിയിലാണ് പുന്നത്തൂര്‍ കോട്ട. കേരളത്തിലെ ഏറ്റവും വലിയ ആനവളര്‍ത്തല്‍ കേന്ദ്രമാണിത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലാണ് ആനവളര്‍ത്തല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ക്ഷേത്രത്തില്‍ ഗുരുവായൂരപ്പന് വഴിപാടായി ലഭിക്കുന്ന ആനകളെയാണ് വളര്‍ത്തുന്നത്. ഏകദേശം അറുപതോളം ആനകളാണ് ഇവിടെയുള്ളത്. പണ്ട് പുന്നത്തൂര്‍ രാജവംശരുടെ കൊട്ടാരമായിരുന്ന ഈ 60 ഏക്കര്‍ സ്ഥലം 1970 മുതല്‍ ദേവസ്വത്തിന്റെ കീഴിലാണ്.

 

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments