DustbinMedia

എന്തിന് ശീമാട്ടിക്ക് മാത്രം ഇളവുകള്‍- പി. രാജീവ് എംപി ചോദിക്കുന്നു. കൊച്ചി മെട്രോ റെയില്‍ സ്ഥലമേറ്റെടുക്കലില്‍ ശീമാട്ടിയുമായി മാത്രം പ്രത്യേക ധാരണക്കൊരുങ്ങി ജില്ലാ ഭരണകൂടം

മെട്രോ നിര്‍മാണം നടക്കുന്ന ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള 16 കിലോമീറ്റര്‍ സ്ഥലത്ത് ശീമാട്ടിയുടെ സ്ഥലം മാത്രമാണ് വിട്ടുകിട്ടാനുള്ളത്.

കൊച്ചി മെട്രോ റെയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിന് രൂപ വിറ്റുവരവുള്ള ടെക്‌സ്റ്റൈല്‍സ് സാമ്രാജ്യമായ ശീമാട്ടിക്ക് വേണ്ടി മാത്രം ജില്ലാ ഭരണകൂടം വിട്ടുവീഴ്ചകള്‍ നല്‍കുന്നതിനെതിരേ പി. രാജീവ് എംപി രംഗത്ത്. ഭൂമി ഏറ്റെടുക്കലില്‍ എല്ലാവര്‍ക്കും ഒരേ നിയമം വേണം, ശീമാട്ടിക്ക് മാത്രം ഇളവുകള്‍ നല്‍കാന്‍ പാടില്ല എന്ന് സ്വന്തം ഫേസ്ബുക്ക് പേജില്‍ ഒരു ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ 29ന് ശീമാട്ടി ഭൂമി പിടിച്ചെടുക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. അതില്‍ ജില്ലാ ഭരണകൂടം ഒരു ചെറുവിരല്‍ പോലും അനക്കിയില്ല.

  ഇതേത്തുടര്‍ന്ന് മാര്‍ച്ച് 18നാണ് മെട്രോ റെയിലിന് ഭൂമി വിട്ടുകൊടുക്കാന്‍ കലക്ടര്‍ ശീമാട്ടിക്ക് അന്ത്യശാസനം നല്‍കിയത്. അതിനും അവര്‍ തയാറാകാതെ വന്നതോടെ 48 മണിക്കൂര്‍ കൂടി സമയം നീട്ടി നല്‍കി. 20ന് മുമ്പ് സ്ഥലം വിട്ടുനല്‍കിയില്ലെങ്കില്‍ ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുക്കുമെന്നായിരുന്നു മുന്നറിയിപ്പ്. അതും ശീമാട്ടി ചെവിക്കൊണ്ടില്ല. ഇപ്പോള്‍ ശീമാട്ടിക്ക് തന്നെ ആ ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കി ഭൂമി പാട്ടത്തിനെടുക്കുന്നതിനുള്ള നീക്കങ്ങള്‍ തകൃതിയായി നടത്തുകയാണ് ജില്ലാ ഭരണകൂടം. ഇതിനെതിരേയാണ് രാജീവ് എംപി അടക്കമുള്ള പ്രമുഖര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

  ഭൂമി ബലമായി ഏറ്റെടുക്കുന്നതിനുള്ള നോട്ടീസ് നല്‍കുകയെന്ന നടപടി വേണ്ടെന്ന് വച്ചാണ് ശീമാട്ടി ഉടമയുടെ താളത്തിന് അനുസരിച്ച് തുള്ളി ധാരണാപത്രം തയാറാക്കിയിരിക്കുന്നത്. ചെറുകിട കച്ചവടക്കാരെ നിര്‍ദാക്ഷിണ്യം ഒഴിപ്പിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് യാതൊരു മടിയും കാണിക്കാത്ത ജില്ലാ ഭരണകൂടത്തിന്റെ ആവേശം ശീമാട്ടിക്ക് മുന്നിലെത്തുമ്പോള്‍ ആറിത്തണക്കുന്നു. ഒരുനേരത്തേ അഷ്ടിക്ക് വകയുണ്ടാക്കുന്നതിന് നൂറുകണക്കിന് കച്ചവടക്കാരുടെ ഏകമാര്‍ഗമായ കടകളും മറ്റും മെട്രോയ്ക്കായി ഏറ്റെടുക്കുമ്പോള്‍ വന്‍വ്യവസായ സാമ്രാജ്യമായ ശീമാട്ടിയുടെ ഉടമയുടെ കടുംപിടുത്തത്തിന് മുന്നില്‍ ജില്ലാ ഭരണകൂടം മുട്ടുമടക്കിയിരിക്കുന്നത് പണത്തിന് മുകളില്‍ ഒരു മെട്രോയും പറക്കില്ല എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ്.

  32 സെന്റ് സ്ഥലമാണ് ശീമാട്ടിയുടേതായി മെട്രോയുടെ നിര്‍മാണത്തിനായി വിട്ടുനല്‍ക്കേണ്ടത്. സെന്റിന് മോഹവിലയായ ഒരു കോടി രൂപ നല്‍കണമെന്നാണ് ശീമാട്ടിയുടെ ആവശ്യം. അതായത് 32 കോടി രൂപ! എന്നാല്‍ സെന്റിന് 62 ലക്ഷം രൂപ തരാമെന്ന് ജില്ലാഭരണകൂടം വാഗ്ദ്വാനം ചെയ്തു. എന്നാല്‍ ഭൂമി വിട്ടുകൊടുക്കില്ലെന്ന അതേ വാശിയില്‍ തുടരുകയായിരുന്നു ശീമാട്ടി. ഇപ്പോള്‍ ഭൂമിയുടെ ഉടമസ്ഥാവകാശം കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന് നല്‍കില്ല. മെട്രോയ്ക്ക് വേണ്ടി ശീമാട്ടിയുടെ ഭൂമിയിലൂടെ നിര്‍മാണം നടത്താന്‍ കഴിയും. അതായത് പൊതു സംരഭമായ മെട്രോ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെ എന്ന അവസ്ഥ.  മെട്രോ തൂണുകളില്‍ ശീമാട്ടിയുടെ പരസ്യം പതിക്കാനുള്ള അവകാശത്തില്‍ മുന്‍ഗണനയും...ഇങ്ങനെ പോകുന്നു ധാരണാപത്രത്തില്‍ ശീമാട്ടി അനുകൂല നിലപാടുകള്‍. ധാരണാപത്രം കെഎംആര്‍എല്‍ ആണ് തയാറാക്കുന്നതെന്ന് സ്ഥലമേറ്റെടുക്കലിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ ശോഭ അറിയിച്ചു.

  മെട്രോ നിര്‍മാണം നടക്കുന്ന ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള 16 കിലോമീറ്റര്‍ സ്ഥലത്ത് ശീമാട്ടിയുടെ സ്ഥലം മാത്രമാണ് വിട്ടുകിട്ടാനുള്ളത്. എംജി റോഡില്‍ ചെന്നൈ സില്‍ക്‌സ് അടക്കമുള്ള പ്രമുഖ വ്യാപാരസ്ഥാപനങ്ങള്‍ മെട്രോയ്ക്കായി യാതൊരു എതിര്‍പ്പും കൂടാതെ സ്ഥലം വിട്ടുനല്‍കി. ചിലര്‍ എതിര്‍ത്തെങ്കിലും അവിടെ ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിന് ഒരു മടിയുമുണ്ടായില്ല. എന്നാല്‍ ശീമാട്ടിയുടെ മുന്നില്‍ വന്നപ്പോള്‍ മാത്രം കഥമാറുകയായിരുന്നു.

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments