DustbinMedia

ആക്ഷേപഹാസ്യ ബാലാരിഷ്ടത ; അച്ചടിമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ഒരേസമയം ചിരിവറ്റിയത് എന്തുകൊണ്ടാവാം?

ഇപ്പോള്‍ മുഖ്യധാരാമാധ്യമങ്ങളിലെ ആക്ഷേപഹാസ്യം കാണുമ്പോഴും കേള്‍ക്കുമ്പോഴും വാക്കിനു വാറില്ലെന്നു തോന്നുകയും അത് അവതരിപ്പിക്കുന്ന ആളോട് കൂറുള്ളവര്‍ക്കു പോലും മുഷിച്ചില്‍ തുടങ്ങുകയും ചെയ്യുന്നുണ്ട്. എല്ലാ ദിവസവും രാത്രി പത്തുമണിക്ക് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ പല ചാനലുകളിലും ജേണലിസ്റ്റുകള്‍ നിയോഗിക്കപ്പെട്ടു. ചില ചാനലുകള്‍ വാരാന്ത ചിരിയില്‍ ഒതുക്കി. ചിലതില്‍ ദൈനം ദിന ചിരിയും വാരച്ചിരിയുമുണ്ട്. അച്ചടിമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ഒരേസമയം ചിരിവറ്റിയത് എന്തുകൊണ്ടാവാം? മാധ്യമപ്രവര്‍ത്തകര്‍ക്ക് ചിരിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണോ? മനോരമ ചാനലിലെ തിരുവാ-എതിര്‍വാ, മഴവില്ലിലെ മറിമായം, എന്നിവ ഒഴിച്ചാല്‍ മറ്റെല്ലാത്തിനും ആക്ഷേപഹാസ്യ ബാലാരിഷ്ടത കലശലാണെന്നു കരുതാം.

പി ടി നാസര്‍

ഇക്കാലത്ത് നക്‌സലിസമെന്നും മാവോയിസം എന്നും മറ്റും വിളിച്ചുപോരുന്ന തരത്തിലുള്ള രാഷ്ട്രീയ എടുത്തു ചാട്ടത്തെയാണ് ലെനിന്‍ 'ഇടതുപക്ഷ ബാലാരിഷ്ടത' എന്നുവിളിച്ചത്. വിപ്ലവം ഉടനടി നടത്തണമെന്ന് ആഗ്രഹിക്കുകയും അതിന്നായി ക്ഷമയില്ലാതെ എടുത്തുചാടുകയും അതേസമയംതന്നെ അതു വിജയിപ്പിക്കാനാവാശ്യമായ കോപ്പൊന്നും കയ്യിലില്ലാതെ വലയുകയും ചെയ്യുക എന്നതാണ് ഇടതുപക്ഷ ബാലാരിഷ്ടതയുടെ പൊതുലക്ഷണം.

ഇപ്പോള്‍ മലയാള മാധ്യമങ്ങളില്‍, പ്രത്യേകിച്ച് മലയാളം വാര്‍ത്താചാനലുകളില്‍ കണ്ടുവരുന്ന ആക്ഷേപഹാസ്യ പരിപാടികളുടെ പൊതുലക്ഷണവും ബാലാരിഷ്ടത തന്നെയാണ്. ആക്ഷേപഹാസ്യ ബാലാരിഷ്ടത. മനോരമ ചാനലിലെ തിരുവാ-എതിര്‍വാ, മഴവില്ലിലെ മറിമായം, എന്നിവ ഒഴിച്ചാല്‍ മറ്റെല്ലാത്തിനും രോഗം കലശലാണെന്നു കരുതാം. പുറത്തേക്കു കാണുന്ന ലക്ഷണങ്ങള്‍ അങ്ങനെയാണ്. അച്ചടിമാധ്യമങ്ങളില്‍ വരുന്ന എല്ലാ ആക്ഷേപഹാസ്യവും കണ്ണില്‍ പെടുന്നുണ്ട് എന്നു പറയാന്‍ വയ്യ. കണ്ടിടത്തോളം അവയും അരിഷ്ടിച്ചാണ് കഴിയുന്നത്. വിശേഷാല്‍പ്രതി പോലും വിഷേശിച്ചൊരു ചിരിയുണര്‍ത്താതെ കടന്നുപോകുന്ന ലക്കങ്ങളുണ്ട്. അച്ചടിഹാസ്യത്തില്‍ മെച്ചെമെന്നു പറയാനാകുന്നത് മാധ്യമം ആഴ്ചപ്പതിപ്പിന്റെ ഒടുക്കത്തെ പേജില്‍ സഞ്ജയന്‍ എഴുതുന്ന ഒടുക്കമാണ്. കാര്‍ട്ടൂണിസ്റ്റ് വേണുവാണ് സഞ്ജയന്‍ എന്നതിനാല്‍ പലപ്പോഴും ഒരു കാര്‍ട്ടൂണിസ്റ്റിന്റെ പേന എഴുതിയതിന്റെ സുഖം ആ കുറിപ്പുകള്‍ തരാറുണ്ട്. മലയാള മനോരയുടെ എഡിറ്റ്‌പേജില്‍ പനച്ചിയുടെ തരംഗങ്ങളില്‍ പഴയതുപോലെ ചിരിയുടെ തിരയിളക്കമില്ല. എന്നാല്‍ ഭാഷാപോഷിണിയില്‍ പനച്ചി സ്‌നേഹപൂര്‍വ്വം എഴുതുന്ന വരികളില്‍ തരംഗങ്ങളില്‍ കാണുന്നതിനേക്കാള്‍ ചിരിയുണ്ട്. പക്ഷേ, ഭാഷാപോഷിണിയിലെ പംക്തി യഥാര്‍ത്ഥത്തില്‍ ആക്ഷേപഹാസ്യമല്ല ഉദ്ദേശിച്ചിട്ടുള്ളത്. അച്ചടിച്ചുവരുന്ന അബദ്ധങ്ങളും തെറ്റുകളും ചൂണ്ടിക്കാട്ടുക എന്നതാണ് ആ പംക്തിയുടെ ലക്ഷ്യമെന്ന് അതിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നുണ്ട്. അതേസമയം ആക്ഷേപഹാസ്യം ഉദ്ദേശിച്ച് എഴുതുന്നത് തരംഗങ്ങളാണ്താനും.

ഹാസ്യം ഉദ്ദേശിച്ച് എഴുതുന്നതില്‍ പ്രതീക്ഷക്കനുസരിച്ച് ചിരി ഇല്ലാതിരിക്കുകയും അബദ്ധങ്ങളും തെറ്റുകളും ചൂണ്ടിക്കാട്ടിത്തരുന്ന പംക്തി വര്‍ദ്ധമാനമായ തോതില്‍ ചിരി വിതറുകയും ചെയ്യുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്, എവിടേയോ അബദ്ധം പറ്റിയിട്ടുണ്ട് എന്നല്ലേ? ഇവിടെയൊന്നുമല്ലാതെ പിന്നീട് അപ്രതീക്ഷിതമായി ചിരി പൂത്തുവരുന്നത് മനോരമ പത്രത്തില്‍ കിഷോര്‍ എഴുതുന്ന സാമ്പത്തിക അവലോകനത്തിലാണ്. അത്രപോലും ചിരി മലയാളത്തിലെ രാഷ്ട്രീയ അവലോകനങ്ങള്‍ ഉല്‍പാദിപ്പിക്കുന്നില്ല. മാതൃഭൂമിയിലെ ഗോപീകൃഷണന്റേയും കേരളകൗമുദിയിലെ സുജിതിന്റേയും കാര്‍ട്ടൂണുകളിലേക്ക് പരിമിതപ്പെടുന്നുണ്ട്, മലയാളത്തിലെ സമകാലിക ആക്ഷേപഹാസ്യം. പഞ്ചവടിപ്പാലത്തെ മറികടക്കുന്ന ഒരു ആക്ഷേപഹാസ്യം മലയാള സിനിമയില്‍ ഇനിയുമുണ്ടായിട്ടില്ല എന്നതും ഓര്‍ക്കണം.

ഏതാണ്ട് മനുഷ്യന്റെ സാമൂഹിക ജീവിതത്തോളം തന്നെ പഴക്കമുണ്ട് ആക്ഷേപഹാസ്യത്തിനും. പുരാതന ഈജിപ്തില്‍ ക്രിസ്തുവിനു മുമ്പ് രണ്ടായിരാമാണ്ടില്‍ എഴുതപ്പെട്ട പാപ്പിറസ് ഗ്രന്ഥങ്ങളില്‍ പോലും ആക്ഷേപഹാസ്യം ധ്വനിപ്പിക്കുന്ന ഫലിതങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ഭാഷാഗവേഷകര്‍ പറയുന്നത്. ക്രിസ്തുവിനു മുമ്പ് 444ല്‍ എസ്ര പ്രവാചകന്‍, മതഗ്രന്ഥങ്ങളില്‍ ഫലിതം വേണ്ടെന്നു വിലക്കിയിട്ടുണ്ട്. അന്ന് ഫലിതം ഉള്ളതു കൊണ്ടാണല്ലോ, അത് മതഗ്രന്ഥത്തില്‍ വേണ്ടെന്നു പറഞ്ഞത്. ജനാധിപത്യം, റിപ്പബ്‌ളിക്ക് തുടങ്ങിയ രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് പ്രാഥമിക രൂപം നല്‍കിയ ഗ്രീസില്‍ അതിന്റെയെല്ലാം കൂടെതന്നെ ആക്ഷേപഹാസ്യവും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റോമിന്റെ വിശുദ്ധിയില്‍ 'ഇക്കിളി' പടര്‍ത്തിയ മാര്‍ഷലിനെയാണ് നര്‍മ്മബോധത്തിന്റെ പിതാവായി റോമാക്കാര്‍ കരുതുന്നത്. ഫ്രാന്‍സിലാണെങ്കില്‍ വിപ്ലവത്തിനു മുമ്പ്തന്നെ ജനങ്ങളുടെ നാവിലൂടെ വാമൊഴിയായിട്ടാണ് ഫലിതം പടര്‍ന്നത്. പിന്നീടത് സാഹിത്യത്തിലും സ്ഥാനം നേടി.

ബ്രിട്ടനില്‍ വിക്ടോറിയന്‍ കാലഘട്ടത്തില്‍ തന്നെ സാഹിത്യത്തിന്റെ ഭാഗമായ ഫലിതം ആക്ഷേപഹാസ്യത്തിന്റെ തലത്തിലേക്കു വളര്‍ന്നതും ജനാധിപത്യത്തിന്റെ പുരോഗതിക്കു വഴിയൊരുക്കിയതും രസാവഹമാണ്. ഐഡിയല്‍ കിങ്ങ്ഡം, ഷെപ്പേര്‍ഡ് കലണ്ടര്‍, ബ്ലാക്കി ഹോഴ്‌സ് തുടങ്ങിയ കൃതികള്‍ അക്കാലത്തെ ഉന്നത ആക്ഷേപഹാസ്യ കൃതികളാണ്. ആധുനിക കാലത്ത് ജോര്‍ജ്ജ് ഓര്‍വെലും അദ്ദേഹത്തിന്റെ ആനിമല്‍ഫാമും, ഗ്രഹാംഗ്രീനും അദ്ദേഹത്തിന്റെ മോണ്‍സിഞ്ഞോര്‍ കിക്‌സോട്ടുമെല്ലാം രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന്റെ വേദഗ്രന്ഥങ്ങളായി പരിലസിക്കുന്നു. ആക്ഷേപഹാസ്യത്തിന്, അതായത് ഹാസ്യവിമര്‍ശനത്തിന് ബര്‍ട്രഡ് റസ്സല്‍ നല്‍കിയ നിര്‍വ്വചനം ശ്രദ്ധേയമാണ്: ' എതിരാളിയെ ചിരിപ്പിച്ചുകൊണ്ട് തെറ്റുതിരുത്തിക്കാന്‍ പ്രതിഭാസമ്പന്നരുടെ ഹാസ്യഭാവനക്കു കഴിയുന്നു. ഒരേ സന്ദര്‍ഭത്തില്‍ കളിക്കോപ്പിന്റേയും ആയുധത്തിന്റെയും ആവശ്യം അതു നിറവേറ്റുന്നു. നല്ല ഹാസ്യമില്ലാത്ത ജീവിതം ശൂന്യമാണ്'.

റസ്സലിന്റെ ഈ നിര്‍വ്വചനം മനസ്സില്‍വെച്ചുവേണം മലയാള ആക്ഷേപഹാസ്യത്തിന്റെ ചരിത്രത്തിലേക്കും അതില്‍നിന്ന് വര്‍ത്തമാനത്തിലേക്കും കടക്കാന്‍. സമ്പന്നമാണ് മലയാളത്തിലെ ആക്ഷേപ ഹാസ്യത്തിന്റെ ഭൂതകാലം. സാഹിത്യ കൃതികളെന്ന മട്ടില്‍ എഴുതപ്പെട്ടതു മാത്രമല്ല ചാക്യാര്‍കൂത്ത്, ഓട്ടന്‍ തുള്ളല്‍ തുടങ്ങിയ പ്രകടനപ്രധാനമായ കലാരൂപങ്ങളായും അതു തിളങ്ങി. നാടന്‍ പാട്ടായി അത് വിളങ്ങി. തെക്കന്‍ പാട്ടെന്നോ വടക്കന്‍ പാട്ടെന്നോ വ്യത്യസമില്ലാതെ, പണിയിടത്തിലെ പാട്ടെന്നോ പണിയില്ലാത്തവരുടെ പാട്ടെന്നോ വ്യത്യാസമില്ലാതെ നാടന്‍ പാട്ട് ചിരി വിതറി. 
'കള്ളേലിത്തിരി കുടിച്ചാല്‍ പിന്നെ
അമ്മേം പെങ്ങളേം തല്ലാലോ'
എന്ന വരികള്‍ക്ക് പോലും പിന്നാലെ വരുന്നത് കടുംവര്‍ണത്തിലുള്ള രാഷ്ട്രീയ വിമര്‍ശനമാണ്. അമ്മേം പെങ്ങളേം തല്ലുന്നതുകൊണ്ട് എന്തുണ്ടാവുമെന്നു നോക്കൂ.

' അമ്മേം പെങ്ങളേം തല്ല്യാലോ..
കോലോത്തു പടിക്കല്‍ ചെല്ലാലോ...
കോലോത്തും പടിക്കല്‍ ചെന്നാലോ...
കാലും കൊണച്ചങ്ങു നിക്കാലോ...
കാലും കൊണച്ചങ്ങു നിന്നാലോ...
കാര്യം കൊണ്ടിത്തിരി പറയാലോ....
കാര്യം കൊണ്ടിത്തിരി പറഞ്ഞാലോ
കഴുകുമ്മെ കെടന്നങ്ങാടാലോ......'

ജന്മിത്വവും നാടുവാഴി വ്യവസ്ഥിതിയും നിലനിന്നിരുന്ന കാലത്തിലെ അവസ്ഥയാണിത്. കോവിലകത്തിന്റെ പടിക്കല്‍ ചെന്ന് കാലും കൊണച്ചങ്ങ് നിന്ന് നാലു കാര്യം പറയണമെങ്കില്‍
ഉള്ളിലിത്തിരി വേണം. അങ്ങനെ ചെന്നു നിന്നു പറഞ്ഞാലോ, കഴുവേറ്റുമെന്നതും നിശ്ചയം. എന്നാലും മനുഷ്യന്‍ പാടും. അതുപോലും പാട്ടാക്കി പാടും. അതാണ് ആക്ഷേപഹാസ്യം.

മലയാളത്തില്‍ ആക്ഷേപഹാസ്യത്തിന്റെ സുവര്‍ണകാലം എന്നേ കഴിഞ്ഞുപോയി എന്നു കരുതുന്നതാണുത്തമം. എന്താണ് ആക്ഷേപഹാസ്യം എന്ന് അറിഞ്ഞു പ്രയോഗിച്ചവരുടെ കാലം കഴിഞ്ഞതോടെയാണ് അത് അവസാനിച്ചത്. ആ കാലം തുടങ്ങിയത് എവിടെനിന്നാണെന്ന് നിസ്സംശയം പറയാം. കുഞ്ചന്‍ നമ്പ്യാരുടെ കളരിയായ ചാക്യാര്‍ കൂത്തിന്റെ കാലമാണ്. കൂത്ത് വിട്ട് തുള്ളല്‍ തുടങ്ങിയ നമ്പ്യാര്‍, കല്ല്യാണസൗഗന്ധികം ഓട്ടന്‍തുള്ളല്‍ ആരംഭിക്കുന്നതു തന്നെ രചനയില്‍ ഹാസ്യം വരുത്തുന്നതിനുള്ള പാട് വിവരിച്ചുകൊണ്ടാണ്.
'ഭാഷയായിട്ടു ചമയ്ക്കുന്ന വാക്കുകള്‍
ദോഷമകന്നു വരുത്തുവാന്‍ ദുര്‍ഘടം
ശേഷമുള്ളാളുകള്‍ കേട്ടു നമ്മെക്കൊണ്ടു
ദൂഷണം കെട്ടിച്ചമയ്ക്കാനടുക്കയാല്‍
ഭോഷനായുള്ളോരെനിക്കു കനക്കവേ
ദൂഷണമെന്നു മനസ്സിലുറയ്ക്കുന്നു
ഏറെത്തുടങ്ങിയാലൊന്നും ഫലംവരാ
വാറില്ലാവാക്കിനെന്നെല്ലാം വരുമിനി
കൂറുള്ളവര്‍ക്കും മുഷിച്ചില്‍ തുടങ്ങുമി
പ്പോറത്തെമേറെപ്പറഞ്ഞു തുടങ്ങിയാല്‍'
എന്നാണ് നമ്പ്യാര്‍ പറഞ്ഞുവെച്ചത്. പതിനെട്ടാം നൂറ്റാണ്ടിലാണ് ഇങ്ങനെ പറഞ്ഞത്.

ഇപ്പോള്‍ മുഖ്യധാരാമാധ്യമങ്ങളിലെ ആക്ഷേപഹാസ്യം കാണുമ്പോഴും കേള്‍ക്കുമ്പോഴും വാക്കിനു വാറില്ലെന്നു തോന്നുകയും അത് അവതരിപ്പിക്കുന്ന ആളോട് കൂറുള്ളവര്‍ക്കുപോലുംമുഷിച്ചില്‍ തുടങ്ങുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് പറഞ്ഞത്, മലയാളത്തിലെ ആക്ഷേപഹാസ്യത്തിന്റെ സുവര്‍ണകാലം കഴിഞ്ഞുവെന്ന്. ഒന്നോര്‍ത്താല്‍, മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഹാസ്യവിഭവങ്ങളാണ് ഏറെ വളിച്ചുപോയിട്ടുള്ളൂ എന്നും നിരീക്ഷിക്കാം. ഓട്ടന്‍തുള്ളലും, ചാക്യാര്‍ കൂത്തും ഇന്നും മുഷിവില്ലാതെ കണ്ടിരിക്കാനാകുന്നുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ പ്രചാരണത്തിനുവേണ്ടി തയ്യാറാക്കുമ്പോള്‍ പോലും ഈ രണ്ടുകലാരൂപങ്ങളും ഇന്നും ചിരിയുണര്‍ത്തുന്നതില്‍ വിജയിക്കുന്നു. മാധ്യമങ്ങള്‍ക്കു പുറത്ത് പലര്‍ക്കും ചിരിപ്പിക്കാന്‍ കഴിയുന്നുണ്ട്. ഈയടുത്ത് നടന്‍ ജഗദീഷ് കഥാപ്രസംഗകനായി വേഷമിട്ടുകൊണ്ട്, പ്രഛന്നവേഷവും മിമിക്രിയും എല്ലാം കൂട്ടിയിണക്കി ഒരു സ്റ്റേജ് ഷോ അവതരിപ്പിച്ചത് ഒന്നാംതരം രാഷ്ട്രീയ ആക്ഷേപഹാസ്യമായിരുന്നു. അതില്‍ പരമാര്‍ശിക്കപ്പെട്ട രാഷ്ടീയ നേതാക്കള്‍ പോലും അത് കണ്ട് ഊറിച്ചിരിച്ചിക്കും എന്നുറപ്പാണ്. പക്ഷേ, ഈ ചിരി മാധ്യമങ്ങളിലെ വിഭവങ്ങളില്‍നിന്ന് ഉതിരുന്നില്ല.

1903ല്‍ ജനിച്ച് പത്തിരുപത്തിയഞ്ചു വര്‍ഷം കഴിഞ്ഞ് എഴുതിത്തുടങ്ങിയ എം.ആര്‍ നായര്‍ എന്ന സഞ്ജയനാണ് നമ്പ്യാര്‍ക്കു ശേഷം ആക്ഷേപഹാസ്യത്താല്‍ ചിരിവിതറിയ മറ്റൊരു പ്രതിഭ. 'ആകെപ്പാടെ ആലോചിക്കുമ്പോള്‍ നമ്മള്‍ എന്തുമാത്രം വിഡ്ഡികളാണ്' എന്ന് തന്റെ സദസ്യരെ നോക്കി പ്രസംഗിച്ച സഞ്ജയന്‍ 'ഹാസസാഹിത്യം' എന്നൊന്ന് ഇല്ല എന്നു പ്രഖ്യാപിക്കുക പോലും ചെയ്തിട്ടുണ്ട്. വായനക്കാരന്റെ മുഖത്തും മനസ്സിലും ബുദ്ധിയിലും ആത്മാവിലും ചിരിയുണ്ടാക്കുന്നതാകണം ഹാസസാഹിത്യം എന്നു സഞ്ജയന്‍ വിശദീകരിക്കുന്നു. അതിനു സാധിക്കാത്ത സഹിത്യം ഹാസസാഹിത്യമല്ല എന്നാണു സഞ്ജയന്റെ പക്ഷം. എന്നിട്ടും സഞ്ജയന്‍ എഴുതിയതു വായിച്ച് സാധാരണക്കാര്‍ ചിരിക്കുകയും പണ്ഡിതന്മാര്‍ കലഹിക്കുകയും ചെയ്തു. കോഴിക്കോട് കോര്‍പ്പറേഷനേയും മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിനേയും മദിരാശി ഗവര്‍മെണ്ടിനേയും ബ്രിട്ടീഷിന്ത്യാ സര്‍ക്കാറിനേയും മാത്രമല്ല ഹിറ്റ്‌ലറേയും ഐക്യരാഷ്ട്ര ഏര്‍പ്പാടിനേയുമെല്ലാം സഞ്ജയന്‍ കശക്കി. എന്താണ് രാഷ്ട്രീയ ആക്ഷേപഹാസ്യമെന്ന് പഠിക്കുന്നതിന് ഇന്നും മലയാളത്തില്‍ ലഭ്യമായ പാഠപുസ്തകങ്ങള്‍ സഞ്ജയന്റെ രചനകളാണ്. മുഖത്തും ബുദ്ധിയിലും ചിരിയുണ്ടാക്കുന്നത് എങ്ങനെയെന്ന് വി.കെ.എന്‍ രചനകളും ബുദ്ധിയിലും ആത്മാവിലും ചിരിയുണ്ടാക്കുന്നത് എങ്ങനെയെന്ന് ഒ.വി വിജയന്റെ രചനകളും പറഞ്ഞുതരും. പക്ഷേ, ഇവരെ വായിച്ച് ചിരിക്കണമെങ്കില്‍ രാഷ്ടീയവും ചരിത്രവും മാത്രമല്ല ഭൂമിശാസ്ത്രവും തത്വശാസ്ത്രവും അറിയേണ്ടിവരും. എന്നാലേ, അറിഞ്ഞു ചിരിക്കാനാകൂ. എങ്ങനെയാണ് ചരിത്രത്തില്‍നിന്ന് ചിരി ഊറ്റിയെടുക്കുക എന്നു പഠിക്കുന്നതിനുള്ള കൈപ്പുസ്തകമാണ് ഒ.വി വിജയന്‍ എഴുതിയ 'എന്റെ ചരിത്രാന്വേഷണ പരീക്ഷണങ്ങള്‍'.

വി.കെ.എന്‍ എങ്ങനെയാണ് ചിരിപ്പിച്ചതെന്ന് സക്കറിയ അര്‍ത്ഥശങ്കക്ക് ഇടയില്ലാത്ത വിധം വിശദീകരിച്ചിട്ടുണ്ട്: ' ഭാഷയെ അദ്ദേഹം അഴിച്ചുപണിതത് സാര്‍വ്വലൗകിക ത്രാണിയുള്ള ഫലിതാത്മകമായ ആധുനികതയുടെ പണിപ്പുരയിലായിരുന്നു. അതിനദ്ദേഹം ഉപയോഗിച്ച ചേരുവകള്‍ അസാധാരണങ്ങളുമായിരുന്നു. ആഴവും മൂര്‍ച്ചയുമുള്ള ചരിത്രബോധം; അത്രതന്നെ സങ്കീര്‍ണമായ സമകാലിക ബുദ്ധിശക്തിയും സാര്‍വത്രികാവബോധവും; പരമ്പരാഗത സാഹിത്യഭാഷയുടെ കാപട്യങ്ങളെ അട്ടിമറിക്കാനുള്ള ധൈഷണിക വിരുത്; വായ്‌മൊഴിയെ ആധുനിക ശില്‍പസൂത്രത്തിലേക്ക് ഒരു ടൈംബോംബുപോലെ വാര്‍ത്തുചേര്‍ക്കാനുള്ള സിദ്ധി; നല്ല പത്രപ്രവര്‍ത്തകന്റെ പ്രസന്നമായ നിര്‍മമത. - അങ്ങനെയാണ് വി.കെ.എന്‍ മലയാളത്തിന് അഭുതപൂര്‍വ്വമായ ഒരു രമ്യഹര്‍മ്യം തീര്‍ത്തത്' എന്നാണ് സക്കറിയയുടെ നിരീക്ഷണം. ഇങ്ങനെ, കുഞ്ചന്‍ നമ്പ്യാരും സഞ്ജയനും ഒ.വി വിജയനും വി.കെ.എന്നും തീര്‍ത്ത, ആരാലും അനുകരിക്കാനാകാത്ത, ഒരു ഒന്നാം വിതാനം മലയാളത്തില്‍ ഹാസസാഹിത്യത്തിനും ആക്ഷേപഹാസ്യം അഥവാ പൊളിറ്റിക്കല്‍ സറ്റയറിനുമുണ്ട്.

അതിനുമുമ്പു തന്നെ, വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരും കെ. സുകുമാരനും ഇ.വി.കൃഷ്ണപിള്ളയും സാഹിത്യത്തില്‍ ഹാസ്യം കൊണ്ടുവന്നിട്ടുണ്ട് എന്നത് മറക്കുകയല്ല. ഒ.വി വിജയനും വി.കെ.എന്നും വന്നതോടെ ആക്ഷേപഹാസ്യത്തിന്റെ വിതാനം മാറി എന്നകാര്യം ഓര്‍ക്കുകയാണ്. അതിനു തൊട്ടുതന്നെ അയ്യപ്പപ്പണിക്കരും എം.ഗോവിന്ദനുമെല്ലാം മിന്നിച്ചുവിട്ട കൊള്ളിയാന്‍ കവിതകളുണ്ട്. കുഞ്ഞുണ്ണി മാസ്റ്ററുടെ ദാര്‍ശനിക ഹാസ്യമുണ്ട്. അതും കടന്നാല്‍ എന്‍.പി ചെല്ലപ്പന്‍ നായര്‍, ചെമ്മനം ചാക്കോ, സി.പി.നായര്‍, സുകുമാര്‍ മുതല്‍പേരുണ്ട്.
കൃഷ്ണ പൂജപ്പുരയെ പോലെ പത്രങ്ങളുടെ 'മിഡില്‍ പീസ്' എന്ന ഹാസ്യരസപ്രധാനമായ നടുമുറി ലേഖനങ്ങളില്‍ സാമൂഹ്യവിമര്‍ശനത്തിന്റെ ചിരി തൂകിയവരുണ്ട്. ചിരിക്കുമാത്രമായി അസാധു, കട്ട്-കട്ട് തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയ കാലമുണ്ടായിരുന്നു. വടക്കന്‍പാട്ടിന് രാഷ്ട്രീയ പാരഡിപണിത് ആനുകാലിക രാഷ്ട്രീയ നാടകങ്ങളെ കീറിമുറിച്ച അസാധുവിന്റെ ഒരു ലക്കത്തോളം വരില്ല ഇന്നു മലയാളത്തില്‍ പുറത്തുവരുന്ന എല്ലാ ആക്ഷേപഹാസ്യ പരിപാടികളുടേയും ഉള്ളടക്കം ഒന്നിച്ചു ചേര്‍ത്താല്‍. എന്തിനേറെ പറയുന്നു, ആകാശവാണിയുടെ പഴയ 'കിഞ്ചനവര്‍ത്തമാനം' ഒന്നു റിപ്പീറ്റു ചെയ്താല്‍ നാണിച്ചുപോവും നമ്മള്‍.

അമൃതാ ടി.വിയില്‍ ഡോക്ടര്‍ സന്തോഷ് കുമാര്‍ അവതരിപ്പിച്ച ' നാടകമേ ഉലകം' ആണ് ഇന്നീ കാണുന്ന വിധത്തിലുള്ള വാരാന്ത്യ ആക്ഷേപഹാസ്യ പരിപാടികളില്‍ ആദ്യത്തേത്. അതിനുമുമ്പ് പ്രത്യേക ദിനങ്ങളിലും മറ്റും മിമിക്രി ട്രൂപ്പുകള്‍ അവതരിപ്പിക്കുന്ന ചില പരിപാടികള്‍ ഉണ്ടായിരുന്നുവെന്നത് ശരിയാണ്. എന്നാല്‍ ഒരു പത്രപ്രവര്‍ത്തകന്‍ ആനുകാലിക രാഷ്ട്രീയ- സാമൂഹിക സംഭവങ്ങളെ ഹാസ്യത്മകമായി വിശകലനം ചെയ്യാന്‍ തുടങ്ങിയത് 'നാടകമേ ഉലകം' മുതലാണ്. പിന്നീടാണ് ഇന്ത്യാവിഷനില്‍ പൊളിട്രിക്‌സ് ആരംഭിക്കുന്നത്. തുടര്‍ന്ന് ഏതാണ്ട് എല്ലാ ചാനലുകള്‍ക്കും ആഴ്ചയിലൊരു ആക്ഷേപഹാസ്യ പരിപാടി നിര്‍ബന്ധമായി. റിപ്പോര്‍ട്ടര്‍ ടി.വി വരികയും അത് എല്ലാ ദിവസവും രാത്രി പത്തു മണിക്ക് ഡെമോക്രേയ്‌സി അവതരിപ്പിക്കുകയും ചെയ്തതോടെ മറ്റു പല ന്യൂസ് ചാനലുകളും ഇതും പിന്തുടര്‍ന്നു. എല്ലാ ദിവസവും രാത്രി പത്തുമണിക്ക് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ പല ചാനലുകളിലും ജേണലിസ്റ്റുകള്‍ നിയോഗിക്കപ്പെട്ടു. ചില ചാനലുകള്‍ വാരാന്ത ചിരിയില്‍ ഒതുക്കി. ചിലതില്‍ ദൈനം ദിന ചിരിയും വാരച്ചിരിയുമുണ്ട്. ഏതായാലും ഇതെല്ലാം പരസ്പരം അനുകരിച്ചും ചിലപ്പോഴെങ്കിലും തന്നത്താന്‍ അനുകരിച്ചും പലപ്പോഴും ആവര്‍ത്തിച്ചും കുഞ്ചന്‍ നമ്പ്യാരാണ് ശരിയെന്നു തെളിയിച്ചുകൊണ്ടിരിക്കുന്നു;
'വല്ലാത്ത കവിതകള്‍ ചൊല്ലുന്നവനേക്കാട്ടില്‍ 
ചൊല്ലാതിരിക്കുന്നവന്‍ നല്ലൂ നിരൂപിച്ചാല-
തല്ലാതെ ദുസ്സാമര്‍ത്ഥ്യമതെല്ലാം തുടങ്ങുന്നേര-
മെല്ലാര്‍ക്കും പരിഹാസമല്ലാതെ വരികില്ല'
-എന്നു പറഞ്ഞുവെച്ച നമ്പ്യാരാണ് ഇപ്പോഴും ജയിച്ചുനില്‍ക്കുന്നത്.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ, എല്ലാം പറഞ്ഞു ചിരിക്കണമല്ലോ, ചാനലുകള്‍ മാത്രമല്ല, ചിരിപ്പിക്കാനിറങ്ങി ചുറ്റിപ്പോയത്. പത്രങ്ങളില്‍ മുമ്പു കണ്ടിരുന്ന മിഡില്‍ പീസ് കാണാനില്ല. ആനുകാലികങ്ങളില്‍ 'നര്‍മഭാവന' കാണാനില്ല. ചിരിക്കു മാത്രമായി പ്രസിദ്ധീകരണമിറക്കാന്‍ ആരും തുനിയുന്നില്ല. സഞ്ജയന്റെ ചിരിപ്പാരമ്പര്യം അവകാശപ്പെടാവുന്ന മാതൃഭൂമിയില്‍ നിന്നു ചിരിപ്പിച്ചുകൊണ്ട് ഇറങ്ങിവന്ന നര്‍മഭൂമി തിരിച്ചുകയറി.

അച്ചടിമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ഒരേസമയം ചിരിവറ്റിയത് എന്തുകൊണ്ടാവാം? മാധ്യമപ്രവര്‍ത്തകര്‍ക്ക് ചിരിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണോ? സിനിമയിലും മറ്റു പ്രകടനാത്മക കലകളിലും അത്യാവശ്യം ചിരി ഇപ്പോഴുമുണ്ടല്ലോ. പഞ്ചവടിപ്പാലത്തെ വെല്ലാനൊന്നും കഴിഞ്ഞില്ലെങ്കിലും സിനിമയില്‍ ആക്ഷേപ ഹാസ്യം വറ്റിയില്ലെന്നു സന്ദേശം തെളിയിച്ചല്ലോ. ആ സിനിമയിലെ സംഭാഷണ സകലങ്ങള്‍ നൂറ്റൊന്നാവര്‍ത്തിച്ചുകൊണ്ട് സ്വന്തം പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ചാനലുകള്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടയില്‍ സിനിമയില്‍ ഒരു വെള്ളിമൂങ്ങയെങ്കിലും ചെറിചിരി ഉണര്‍ത്തിയല്ലോ. അങ്ങനെ വരുമ്പോള്‍ മാധ്യമങ്ങളില്‍ ചിരി ഉല്‍പാദിപ്പിക്കാന്‍ നിയോഗിക്കപ്പെടുന്നവര്‍, നമ്മള്‍, നമ്മുടെ കോപ്പ് എന്നു പുറത്തെടുത്തു പരിശോധിക്കുന്നതു നന്നായിരിക്കും. അതിനായി ഒരു ഇടവേള എടുത്താലും മുഷിയില്ല. അല്ലെങ്കില്‍ ആകെ മുഷിയും കാണികളും തുള്ളല്‍ക്കാരും മുഷിയും. എന്നിട്ട്പിന്നെ, കാണികള്‍ മൂഷിഞ്ഞുകൊണ്ട് എഴുന്നേറ്റു പോകുമ്പോള്‍, ഓസ്‌കാര്‍ വൈല്‍ഡ് പറഞ്ഞതു പോലെ: ' നാടകം ഗംഭീര വിജയമാണ്, പക്ഷേ, കാണികള്‍ തികഞ്ഞ പരാജയമാണ്' എന്നു പറഞ്ഞുരക്ഷപെടാന്‍ നമുക്ക് കഴിഞ്ഞില്ലെന്നു വരാം. കാരണം ഒരു നാടകം പരാജയപ്പെട്ടെങ്കിലും ഓസ്‌കാര്‍ വൈല്‍ഡ് പ്രതിഭയായിരുന്നു. പ്രതിഭ.

(കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ് (കെ യു ഡബ്ളിയു ജെ ) മുഖപത്രമായ പത്രപ്രവര്‍ത്തകന്‍ മാസികയില്‍ എഴുതിയത്)

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments